ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ഐ.എസ്.ആര്‍.ഒ. നടത്തിയ വന്‍ മുന്നേറ്റമായ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. 

Last Updated : Sep 7, 2019, 01:39 PM IST
ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ സോണിയ ഗാന്ധി

ന്യൂഡല്‍ഹി: ഐ.എസ്.ആര്‍.ഒ. നടത്തിയ വന്‍ മുന്നേറ്റമായ ഇന്ത്യയുടെ ചന്ദ്രയാന്‍-2 ദൗത്യത്തെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി. 

എല്ലാ തടസങ്ങളും ഭാവിയിലെ വിജയത്തിലേക്കുള്ള ചവിട്ടുപടിയാണെന്ന്‍ അഭിപ്രായപ്പെട്ട സോണിയ ഗാന്ധി സമയത്തെ പോലും കണക്കാക്കാതെ ചന്ദ്രയാന്‍ യാത്രയെ രാജ്യം പിന്തുടര്‍ന്നെന്നും ചന്ദ്രയാന്‍-2 ദൗത്യം വരാനിരിക്കുന്ന കൂടുതല്‍ നേട്ടങ്ങള്‍ക്ക് അടിത്തറിയിട്ടെന്നും ബഹിരാകാശത്തിന്‍റെ അതിര്‍ത്തി ഭേദിക്കുന്ന അടുത്ത യാത്രയ്ക്കായി രാജ്യം മുഴുവനും കാത്തിരിക്കുകയാണെന്നും വ്യക്തമാക്കി.

ഐ.എസ്.ആര്‍.ഒ. ശാസ്ത്രജ്ഞര്‍ വിജയകരമായ 115 ബഹിരാകാശ ദൗത്യങ്ങളിലൂടെ വലിയ നേട്ടമാണ് കൈവരിച്ചത്. ചന്ദ്രയാന്‍-1, മംഗള്‍യാന്‍ എന്നിവ അദ്ഭുതകരമായ വിജയമാണ് കൈവരിച്ചത്. അവരുടെ അതിരില്ലാത്ത വിജയങ്ങളില്‍ രാജ്യം അഭിമാനിക്കുന്നു, സോണിയ കൂട്ടിച്ചേര്‍ത്തു.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയിലായിരുന്നു രാജ്യം ഏറെ ആകാംഷയോടെ കാത്തിരുന്ന ചാന്ദ്രയാന്‍-2, വിക്രം ലാന്‍ഡറിന്‍റെ സോഫ്റ്റ് ലാൻഡി൦ഗ് നടക്കേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചിത' സമയത്തിന് മിനിറ്റുകള്‍ മുന്‍പാണ്‌ വിക്രം ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായത്. ചന്ദ്രനില്‍ നിന്നും 2.1 കിലോമീറ്റര്‍ ദൂരെവെച്ചാണ് ലാന്‍ഡറില്‍ നിന്നും ആശയ വിനിമയം നഷ്ടമായത്. 

നിര്‍ണായകമായ സോഫ്റ്റ് ലാൻഡി൦ഗ് തുടങ്ങി 10 മിനിറ്റുകള്‍ക്ക് ശേഷമാണ് പാളിച്ച സംഭവിച്ചത്. ഇതോടെ ചാന്ദ്രയാന്‍ 2 അനിശ്ചിതത്വത്തിലായിരിക്കുകയാണ്. അതേസമയം വിവരങ്ങള്‍ പരിശോധിച്ചുവരികയാണെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Trending News