യു.പി തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി; 10 മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്

നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി. പ്ലാന്‍റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്ത് തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 

Last Updated : Nov 1, 2017, 07:03 PM IST
യു.പി തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി; 10 മരണം, 100 ലേറെ പേര്‍ക്ക് പരിക്ക്

റായ്ബറേലി: നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍റെ ഉത്തര്‍പ്രദേശിലെ ഊഞ്ചഹാറിലുള്ള തെര്‍മല്‍ പവര്‍ പ്ലാന്‍റില്‍ പൊട്ടിത്തെറി. പ്ലാന്‍റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. പത്ത് തൊഴിലാളികള്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. നൂറിലേറെ പേര്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്. 

ഇന്ന് വൈകീട്ട് ആറുമണിയോടെയാണ് അപകടം നടന്നത്. പ്ലാന്‍റിലെ ബോയിലര്‍ പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായത്. ബോയിലറിന്‍റെ അന്തര്‍ഭാഗത്ത് സമ്മര്‍ദ്ദം വര്‍ധിച്ചതാകാം പൊട്ടിത്തെറിയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. പൊള്ളലേറ്റവരെ സമീപത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും. 

ഏകദേശം 150 ഓളം ആംബുലന്‍സുകളിലാണ് രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നത്. പ്ലാന്‍റില്‍ നിന്നും പുറത്തേക്ക് തെറിച്ച ചാരവും പൊടിയും രക്ഷാപ്രവര്‍ത്തനത്തിന് വിഘാതം സൃഷ്ടിക്കുന്നുണ്ട്. 

ഫിറോസ് ഗാന്ധിയുടെ പേരില്‍ അറിയപ്പെടുന്ന പവര്‍ പ്ലാന്‍റ് കല്‍ക്കരി ഉപയോഗിച്ചാണ് പ്രവര്‍ത്തിക്കുന്നത്. 1988ലാണ് പ്ലാന്‍റ് സ്ഥാപിക്കപ്പെട്ടത്. 210 മെഗാവാട്ട് ഉല്‍പാദനശേഷിയുള്ള അഞ്ച് യൂണിറ്റുകളാണ് പ്ലാന്‍റില്‍ പ്രവര്‍ത്തിക്കുന്നത്. അപകടത്തെ തുടര്‍ന്ന് പ്ലാന്‍റ് താല്‍ക്കാലികമായി അടച്ചു. പൊട്ടിത്തെറിയുടെ ഞെട്ടലില്‍ നിന്ന് തൊഴിലാളികള്‍ ഇനിയും മുക്തരായിട്ടില്ല. 

അപകടത്തില്‍പ്പെട്ടവര്‍ക്ക് അടിയന്തരസഹായം ലഭ്യമാക്കാന്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദശിച്ചു. മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി മൗറീഷ്യസിലാണ് മുഖ്യമന്ത്രി. 

 

 

Trending News