ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി

ഒടുവില്‍ രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം കനിഞ്ഞു; വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തില്‍ വിധി കല്‍പിച്ച് സുപ്രീം കോടതി... രാജ്യം നടുങ്ങിയ ക്രൂരതകള്‍ അരങ്ങേറിയ ഗുജറാത്ത് കലാപത്തിന്‍റെ ഇര ബില്‍ക്കീസ് ബാനുവിന് വളരെ വൈകിയെങ്കിലും നീതി ലഭിച്ചു....  

Last Updated : Apr 23, 2019, 03:29 PM IST
ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സുപ്രീംകോടതി വിധി

ന്യൂഡല്‍ഹി: ഒടുവില്‍ രാജ്യത്തിന്‍റെ പരമോന്നത നീതിപീഠം കനിഞ്ഞു; വര്‍ഷങ്ങള്‍ നീണ്ട നിയമയുദ്ധത്തില്‍ വിധി കല്‍പിച്ച് സുപ്രീം കോടതി... രാജ്യം നടുങ്ങിയ ക്രൂരതകള്‍ അരങ്ങേറിയ ഗുജറാത്ത് കലാപത്തിന്‍റെ ഇര ബില്‍ക്കീസ് ബാനുവിന് വളരെ വൈകിയെങ്കിലും നീതി ലഭിച്ചു....  

2002ല്‍ നടന്ന ഗുജറാത്ത് കലാപത്തില്‍ കൂട്ടബലാത്സംഗം ചെയ്യപ്പെട്ട ബില്‍ക്കീസ് ബാനുവിന് ഗുജറാത്ത് സര്‍ക്കാര്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരവും സര്‍ക്കാര്‍ ജോലിയും താമസ സൗകര്യവും ഒരുക്കണമെന്ന് സുപ്രീംകോടതി വിധിച്ചു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗൊയ് ജസ്റ്റിസുമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്‍റേതാണ് ഈ നിര്‍ണ്ണായക ഉത്തരവ്.

മുന്‍പ് ഗുജറാത്ത് സര്‍ക്കാര്‍ നല്‍കിയ 5 ലക്ഷം നഷ്ടപരിഹാരം ബില്‍ക്കീസ് ബാനു നിഷേധിച്ചിരുന്നു.

2002 മാർച്ച്​ 3നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. 2002ലെ ഗോധ്ര കലാപത്തിലെ ഏറ്റവും ഭീതിപ്പെടുത്തുന്ന സംഭവമായിരുന്നു ബിൽക്കിസ്​ ബാനു കൂട്ടബലാത്സംഗ കേസ്. 

കലാപകാരികളെ ഭയന്ന് ബിൽക്കിസ്​ ബാനുവും 17 പേരടങ്ങുന്ന അവരുടെ കുടുംബവും ഒരു ട്രക്കില്‍ രക്ഷപെടാന്‍ ശ്രമിക്കുമ്പോഴായിരുന്നു ആയുധധാരികളായ കലാപകാരികളാല്‍ ആക്രമിക്കപ്പെട്ടത്. 19 കാരിയും 5 മാസം ഗര്‍ഭിണിയുമായിരുന്ന ബിൽക്കിസ്​ ബാനു 22 തവണ കൂട്ടബലാത്സംഗത്തിനിരയായി. അവരുടെ കുടുംബത്തിലെ 14 അംഗങ്ങളെ കലാപകാരികള്‍ കൊലപ്പെടുത്തി. ബില്‍ക്കീസ് ബാനുവിന്‍റെ മൂന്നു വയസുള്ള മകളെ കലാപകാരികള്‍ നിലത്തടിച്ച് കൊല്ലുകയായിരുന്നു. ഒപ്പം കുടുംബത്തിലെ 14 പേരുടെ കൊലപാതകത്തിനും ബില്‍ക്കീസ് അന്ന് സാക്ഷിയായി. മരിച്ചെന്ന് കരുതി ബില്‍ക്കീസ് ബാനുവിനെ അക്രമികള്‍ ഉപേക്ഷിച്ച് പോവുകയായിരുന്നു.

ഈ കേസില്‍ ബലാത്​സംഗക്കുറ്റത്തിന്​ 11 പേരെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരുന്നു. കൂടാതെ കേസന്വേഷണം അട്ടിമറിക്കാനും ഒപ്പം തെളിവ് നശിപ്പിക്കാനുള്ള നീക്കവും നടന്നിരുന്നു. 

ഗോധ്ര കലാപത്തിലെ ഏറ്റവും ഭയാനകമായ സംഭവമായിരുന്ന ബിൽക്കിസ്​ ബാനു കൂട്ടബലാത്സംഗ കേസ്.

 

Trending News