ഹൈദരാബാദ്: ചരിത്രം കുറിച്ച് വ്യോമസേനയില്‍ മൂന്ന് വനിതാ സൈനിക പൈലറ്റുകളുടെ പാസിങ് ഔട്ട് പരേഡ് നടന്നു. വ്യോമയാന മന്ത്രി മനോഹർ പരീക്കറാണ് കമീഷൻ ചെയ്തത്. ഹൈദരാബാദിലെ എയർ ഫോഴ്സ് അക്കാദമിയിൽ നിന്നാണ് ഫ്ളൈറ്റ് കേഡറ്റുകളായ ഭാവന കാന്ത്, അവനി ചതുർവേദി, മോഹന സിങ് എന്നിവരുടെ ആദ്യ വനിതാബാച്ച് പുറത്തിറങ്ങിയത്.
സൂപ്പർസോണിക് യുദ്ധവിമാനങ്ങൾ പറത്തുംമുൻപ് കർണാടകയിലെ ബിഡാറിലെ ഒരുവർഷത്തെ പരിശീലനംകൂടിയുണ്ട് ഇവർക്ക്. 2017 ജൂണോടെ ഇവർ യുദ്ധവിമാനങ്ങളുടെ കോക്പിറ്റിലെത്തും. വിമാനം പറത്തുന്ന വനിതകൾ ഏറെയുണ്ടെങ്കിലും യുദ്ധവിമാനം പറത്തുന്ന വനിതാ കേഡറ്റുകളുടെ കമീഷനിങ് രാജ്യത്തിന് ഏറെ അഭിമാനിക്കാവുന്ന നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
നേരത്തേ സ്ത്രീകളെ യുദ്ധരംഗത്തേക്ക് അയക്കുന്ന കാര്യം വ്യോമസേന അംഗീകരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് യുദ്ധമുന്നണിയിലേക്ക് വനിതകളെ കൊണ്ടുവരാന്‍ കേന്ദ്ര പ്രതിരോധ മന്ത്രാലയം മുന്‍കയ്യെടുക്കുകയായിരുന്നു.