കണ്ണൂർ: ആഡംബര വാഹനം പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്തതിലൂടെ ബിജെപി എംപി സുരേഷ് ഗോപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സംസ്ഥാന സർക്കാർ കർശന നടപടിയെടുക്കണമെന്ന് ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ.സുരേന്ദ്രൻ.
കണ്ണൂർ പ്രസ്ക്ലബിൽ മാധ്യമങ്ങളോട് സംസാരിക്കവെയാണു സുരേന്ദ്രൻ ഈ ആവശ്യമുന്നയിച്ചത്.
ഏറെ നാളുകള്‍ക്ക് മുന്‍പ് സുരേഷ് ഗോപി വാങ്ങിയ കാര്‍ വ്യാജ വിലാസത്തിലാണോ രജിസ്റ്റർ ചെയ്തതെന്ന് കണ്ടുപിടിക്കേണ്ട ഉത്തരവാദിത്വം സർക്കാരിനാണ്. അഥവാ എംപി നികുതി വെട്ടിപ്പ് നടത്തിയിട്ടുണ്ടെങ്കിൽ സർക്കാർ അത് അന്വേഷിച്ച് നടപടിയെടുക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പോണ്ടിച്ചേരി രജിസ്ട്രേഷന്റെ മറവിൽ സുരേഷ് ഗോപി നികുതി വെട്ടിച്ചതായി മുന്‍പും ആരോപണമുയർന്നിരുന്നു. പോണ്ടിച്ചേരിയിലെ ഫ്ളാറ്റിന്റെ വിലാസത്തിൽ തന്റെ ഒഡി ക്യൂ 7 രജിസ്റ്റർ ചെയ്താണ് നികുതി വെട്ടിപ്പ് നടത്തിയത്. ഈ വിലാസത്തിൽ രജിസ്റ്റർ ചെയ്ത കാറാണ് സുരേഷ് ഗോപി തന്റെ ഔദ്യോഗിക വാഹനമായി ഉപയോഗിക്കുന്നത്.
ജനരക്ഷാ യാത്രയിൽ കോടിയേരി ബാലകൃഷ്ണൻ ആഡംബര കാർ ഉപയോഗിച്ചതു കൊണ്ടാണ് ഇപ്പോൾ സുരേഷ്ഗോപിയുടെ കാറിന്റെ വിഷയം ചർച്ചയ്ക്കു വരുന്നതെന്നും സുരേന്ദ്രൻ കുറ്റപ്പെടുത്തി.