കണ്ണൂർ: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാപ്രേരണക്കുറ്റം ചുമത്തപ്പെട്ട് ജയിലിൽ കഴിയുന്ന സിപിഎം നേതാവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പിപി ദിവ്യയുടെ ജാമ്യാപേക്ഷയിൽ വെള്ളിയാഴ്ച കോടതി വിധി പറയും. തലശേരി ജില്ലാ കോടതിയാണ് ജാമ്യാപേക്ഷ വിധി പറയാൻ മാറ്റിയത്. ദിവ്യയുടെയും പ്രോസിക്യൂഷന്റെയും എഡിഎമ്മിന്റെ കുടുംബത്തിന്റെയും വാദം കേട്ടശേഷമാണ് കേസ് വിധി പറയാനായി മാറ്റിയത്.
സെഷൻസ് ജഡ്ജി കെടി നിസാർ അഹമ്മദിന് മുൻപാകെയാണ് വാദം നടന്നത്. കൈക്കൂലി വാങ്ങിയെന്ന് എഡിഎം കുറ്റസമ്മതം നടത്തിയെന്നും ദിവ്യയുടെ പ്രസംഗത്തിൽ ആത്മഹത്യാപ്രേരണ ഇല്ലെന്നും പ്രതിഭാഗം വാദിച്ചു. ദിവ്യ അന്വേഷണത്തോട് സഹകരിച്ചെന്ന് ദിവ്യയുടെ അഭിഭാഷകൻ വ്യക്തമാക്കി. മനപൂർവം ദൃശ്യങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നും പ്രതിഭാഗം വാദിച്ചു.
ALSO READ: ഉത്തർപ്രദേശ് മദ്രസ വിദ്യാഭ്യാസ നിയമം ശരിവെച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി വിധി റദ്ദാക്കി
തെറ്റുപ്പറ്റിയെന്ന് നവീൻ ബാബു തന്റെ ചേംബറിലെത്തി പറഞ്ഞെന്ന കളക്ടറുടെ മൊഴി എഡിഎം കൈക്കൂലി വാങ്ങിയെന്നതിന് തെളിവാണ്. പരിയാരം മെഡിക്കൽ കോളേജിൽ നിന്ന് പ്രശാന്തനെ സസ്പെൻഡ് ചെയ്യുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് തയ്യാറാക്കിയ അന്വേഷണ റിപ്പോർട്ടിൽ പ്രശാന്തൻ കൈക്കൂലി നൽകിയെന്നാണ് പറയുന്നത്. ഇത് തെളിവായി സ്വീകരിക്കണമെന്നാണ് ദിവ്യയുടെ അഭിഭാഷകൻ ആവശ്യപ്പെടുന്നത്.
പ്രശാന്തൻ സ്വർണം പണയംവച്ച് ഒരു ലക്ഷം രൂപ വാങ്ങിയതിനുള്ള തെളിവും പ്രതിഭാഗം ഹാജരാക്കി. ഈ പണം കൈക്കൂലി കൊടുക്കാൻ ഉപയോഗിച്ചതാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. നവീൻ ബാബു പലതവണ പ്രശാന്തനെ വിളിച്ചെന്ന് വാദിച്ച പ്രതിഭാഗം ഇതിന്റെ തെളിവായി ഫോൺ രേഖകളും ഹാജരാക്കി. പ്രശാന്തനും നവീൻ ബാബുവും തമ്മിൽ കണ്ടെന്ന വാദത്തിന് തെളിവായി സിസിടിവി ദൃശ്യങ്ങളും ഹാജരാക്കിയിട്ടുണ്ട്.
നവീൻ ബാബു കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഫോൺ കോൾ രേഖകൾ തെളിവായി കണക്കാക്കാൻ സാധിക്കില്ല. ജാമ്യം നൽകിയാൽ ദിവ്യ സാക്ഷികളെ സ്വാധീനിക്കും. അന്വേഷണം അട്ടിമറിക്കപ്പെടുമെന്നും പ്രോസിക്യൂഷൻ വാദിച്ചു. നവീൻ ബാബുവിന് എതിരെ ഇതുവരെ അഴിമതി ആരോപണങ്ങൾ ഒന്നും തന്നെ ഉണ്ടായിട്ടില്ലെന്നും ഇപ്പോഴുള്ളത് പ്രശാന്തന്റെ ആരോപണങ്ങൾ മാത്രമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. യാത്രയയപ്പിലെ ദൃശ്യങ്ങൾ മനപൂർവം പ്രചരിപ്പിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ജാമ്യാപേക്ഷയിൽ പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കെ അജിത് കുമാറാണ് വാദം നടത്തിയത്. പ്രോസിക്യൂട്ടർ അന്വേഷണ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. പിപി ദിവ്യയ്ക്ക് വേണ്ടി ജാമ്യാപേക്ഷ നൽകിയ അഡ്വ. കെ വിശ്വൻ ഹാജരായി. നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയ്ക്കായി അഡ്വ. ജോൺ എസ്. റാൽഫും വാദം നടത്തി. ഒക്ടോബർ 29ന് ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ ജില്ലാ കോടതി തള്ളിയതിനെ തുടർന്ന് അന്ന് ഉച്ചയ്ക്കാണ് അന്വേഷണ സംഘം ദിവ്യയെ കസ്റ്റഡിയിൽ എടുത്തത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.