ന്യൂഡല്‍ഹി: പശ്ചിമ ബംഗാളില്‍ എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ കഴിഞ്ഞ 4 ദിവസമായി സമരം ചെയ്യുന്ന ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് പിന്തുണയുമായി ഒരു ദിവസത്തെ സമരം പ്രഖ്യാപിച്ച് നിരവധി സംസ്ഥാനങ്ങള്‍.
ഒരു ദിവസത്തെ സമര പ്രഖ്യാപനം മൂലം നിരവധി ആരോഗ്യ കേന്ദ്രങ്ങളും സര്‍ക്കാര്‍ ആശുപത്രികളും പ്രവര്‍ത്തന രഹിതമായിരിക്കുകയാണ്. ഡല്‍ഹി, മഹാരാഷ്ട്ര, മധ്യപ്രദേശ് എന്നിവിടങ്ങളിലെ ലക്ഷക്കണക്കിന് ഡോക്ടർമാര്‍ ആണ് എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജ് ഡോക്ടർമാരുടെ സമരത്തോട് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഒരു ദിവസത്തെ പണിമുടക്ക് നടത്തുന്നത്.
അതേസമയം, പശ്ചിമ ബംഗാല്‍ മുഖ്യമന്ത്രി മമത ബാനർജി കഴിഞ്ഞ ദിവസം പ്രതിഷേധക്കാരെ കണ്ടുവെങ്കിലും സമരക്കാർ സമവായത്തിന് തയ്യാറായിരുന്നില്ല. കൂടാതെ, മുഖ്യമന്ത്രിയുടെ താക്കീത് സമരക്കാര്‍ അവഗണിക്കുകയും ചെയ്തിരിക്കുകയാണ്. കൂടാതെ, എൻആർഎസ് മെഡിക്കൽ കോളേജ് സൂപ്രണ്ടും പ്രിൻസിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ച് പ്രതിഷേധിച്ചു. വിവിധ' വിഭാഗങ്ങളിലെ 5 ഡോക്ടര്‍മാര്‍കൂടി ഇന്നലെ രാജി സമര്‍പ്പിച്ചു. അതോടെ സമരത്തെത്തുടര്‍ന്ന് രാജി വച്ചവരുടെ എണ്ണം 7 ആയി.
കഴിഞ്ഞദിവസം എന്‍.ആര്‍.എസ് മെഡിക്കല്‍ കോളേജില്‍ രോഗി മരിച്ചതുമായി ബന്ധപ്പെട്ട് ഉണ്ടായ തര്‍ക്കത്തില്‍ രോഗിയുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ കയ്യേറ്റം ചെയ്തിരുന്നു. അക്രമത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മര്‍ദ്ദനത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ ഡോക്ടര്‍ പരിഭോഹോ മുഖര്‍ജി ഇപ്പോള്‍ സ്വകാര്യ ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയില്‍ തുടരുകയാണ്. തുടര്‍ന്നാണ് സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്.
തുടര്‍ന്നാണ് നീതി ആവശ്യപ്പെട്ട് ഡോക്ടര്‍മാര്‍ സമരം തുടങ്ങിയത്. സമരം പിന്നീട് മറ്റ് മെഡിക്കല്‍ കോളേജുകളിലേക്കും വ്യാപിക്കുകയായിരുന്നു. എമര്‍ജന്‍സി വാര്‍ഡുകളില്‍ അടക്കം കൂടുതല്‍ സുരക്ഷ ആവശ്യപ്പെട്ടാണ് ഡോക്ടര്‍മാര്‍ സമരം നടത്തുന്നത്.
അക്രമികൾക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഡോക്ടർമാരുടെ ആവശ്യം.
അതേസമയം, മെഡിക്കല്‍ കോളേജിലെ സമരത്തിന് പിന്നില്‍ ബിജെപി ഗൂഢാലോചനയുണ്ടെന്ന് മമത ആരോപിച്ചു. പ്രതിഷേധിക്കുന്നവര്‍ ഡോക്ടര്‍മാരല്ലെന്നും പുറത്ത് നിന്നുള്ളവരാണെന്നും സംസ്ഥാനത്ത് പ്രശ്നമുണ്ടാക്കാനാണ് അവര്‍ ശ്രമിക്കുന്നതെന്നും മമത പറഞ്ഞു.
Prashant Choudhary, President MARD, Sion Hospital, Mumbai: A mob assaulted doctors on duty at a hospital in West Bengal, when a targeted attack like this happens it becomes a law and order issue. Today, we are doing a silent protest over the incident. pic.twitter.com/qSOJ79ooc3
— ANI (@ANI) June 14, 2019