Himachal Pradesh: ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. ഇതോടെ പൂർണ്ണ തയ്യാറെടുപ്പോടെ തിരഞ്ഞെടുപ്പ് ഗോദയിലിറങ്ങിയിരിയ്ക്കുകയാണ് ബിജെപി.
തിരഞ്ഞെടുപ്പിന് മുന്നോടിയായി ഒന്നാം ഘട്ട സ്ഥാനാർഥി പട്ടിക പാർട്ടി പുറത്തിറക്കി. 62 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെയാണ് ബിജെപി ഇതിനോടകം പ്രഖ്യാപിച്ചത്. പട്ടിക അനുസരിച്ച് മുഖ്യമന്ത്രി ജയറാം താക്കൂർ സെറാജിലും മുൻ കേന്ദ്രമന്ത്രി സുഖ് റാമിന്റെ മകൻ അനിൽ ശർമ മാണ്ഡിയിലും സത്പാൽ സിംഗ് സത്തി ഉണയിലും മത്സരിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും മറ്റ് മുതിർന്ന നേതാക്കളും ഉൾപ്പെടുന്ന പാർട്ടിയുടെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തിങ്കളാഴ്ചത്തെ യോഗമാണ് 62 സീറ്റുകളിലേയ്ക്കുള്ള സ്ഥാനാർത്ഥികളെ തീരുമാനിച്ചത്. ആദ്യ പട്ടികയിൽ അഞ്ച് വനിതാ സ്ഥാനാർത്ഥികളും ഉൾപ്പെടുന്നു.
ഏറെ മാറ്റങ്ങളോടെയാണ് ബിജെപിയുടെ സ്ഥാനാർത്ഥി പട്ടിക പുറത്തു വന്നിരിയ്ക്കുന്നത്. ചില നിലവിലെ എംഎൽഎമാരെ ഇത്തവണ ഒഴിവാക്കിയിട്ടുണ്ട്. പട്ടികവർഗ വിഭാഗത്തിന് മൂന്ന് സീറ്റുകളും പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള എട്ട് സ്ഥാനാർത്ഥികൾക്കും പാർട്ടി ടിക്കറ്റ് നൽകിയിട്ടുണ്ട്.
അതേസമയം, കഴിഞ്ഞ ദിവസം 46 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക കോൺഗ്രസ് പുറത്തിറക്കിയിരുന്നു. കോൺഗ്രസ് അതിന്റെ നിയമസഭാ കക്ഷി നേതാവ് മുകേഷ് അഗ്നിഹോത്രിയെ ഉണ ജില്ലയിലെ ഹരോളിയിൽ നിന്നാണ് മത്സരിപ്പിയ്ക്കുന്നത്.
മുൻ സംസ്ഥാന കോൺഗ്രസ് മേധാവികളായ സുഖ്‌വീന്ദർ സിംഗ് സുഖുവും കുൽദീപ് സിംഗ് റാത്തോഡും യഥാക്രമം നദൗനിൽ നിന്നും തിയോഗ് മണ്ഡലത്തിൽ നിന്നും സംസ്ഥാന തിരഞ്ഞെടുപ്പിൽ മത്സരിക്കും. മുൻ സംസ്ഥാന മന്ത്രിയും മുൻ അഖിലേന്ത്യാ കോൺഗ്രസ് കമ്മിറ്റി (എഐസിസി) സെക്രട്ടറിയുമായ ആശാ കുമാരിയെ അവരുടെ ഡൽഹൗസി സീറ്റിൽ നിന്നാണ് പാർട്ടി മത്സരിപ്പിക്കുന്നത്.
അതേസമയം, ഹിമാചൽ പ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ആരംഭിച്ചു. സ്ഥാനാർഥികൾക്ക് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി ഒക്ടോബർ 25 ആണ്. സംസ്ഥാനത്ത് നവംബർ 12 നാണ് പോളിംഗ് നടക്കുക. ഡിസംബർ 8 ന് ഫലം പ്രഖ്യാപിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...