Helicopter crash | ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടം, റഷ്യൻ നിർമ്മിത Mi-17V-5 ഹെലികോപ്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം...

ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം നടന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 8, 2021, 06:43 PM IST
  • ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഹെലികോപ്ടറുകളിലൊന്നായ Mi-17V-5 ആണ് അപകടത്തിൽപ്പെട്ടത്.
  • റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്റഴ്‌സാണ് Mi-17V-5 നിർമിക്കുന്നത്.
  • ഹെലികോപ്റ്ററിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.
Helicopter crash | ബിപിൻ റാവത്ത് സഞ്ചരിച്ച ഹെലികോപ്ടർ അപകടം, റഷ്യൻ നിർമ്മിത Mi-17V-5 ഹെലികോപ്ടറിനെ കുറിച്ച് അറിയേണ്ടതെല്ലാം...

നീലഗിരിക്ക് സമീപം കൂനൂരില്‍ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് ഉൾപ്പെടെ 14 പേർ സഞ്ചരിച്ചിരുന്ന സൈനിക ഹെലികോപ്ടർ തകർന്നുവീണു. ലോകത്തിലെ തന്നെ ഏറ്റവും നൂതനമായ ഹെലികോപ്ടറുകളിലൊന്നായ Mi-17V-5 ആണ് അപകടത്തിൽപ്പെട്ടത്. Mi-സീരീസ് ഉൾപ്പെട്ട ഹെലികോപ്റ്ററുകൾക്ക് മുൻപ് അപകടങ്ങളുണ്ടായിട്ടുണ്ടെങ്കിലും സുരക്ഷയുടെ കാര്യത്തിൽ ലോകത്തിലെ മറ്റ് കാർ​ഗോ ചോപ്പറുകളേക്കാൾ മുൻപിലാണ് ഇത്. Mi-17 V-5 സൈനിക ഹെലികോപ്റ്ററിനെ കുറിച്ച് അറിയേണ്ടതെല്ലാം..

നിർമാണവും ചരിത്രവും

Mi-8/17 കുടുംബത്തിന്റെ സൈനിക ഗതാഗത വകഭേദമായ Mi-17V-5 ആഗോളതലത്തിൽ വിശ്വസിക്കാവുന്നതും പണത്തിന് മൂല്യമുള്ളതുമാണ്. റഷ്യയിലെ കസാനിലുള്ള റഷ്യൻ ഹെലികോപ്റ്ററുകളുടെ അനുബന്ധ സ്ഥാപനമായ കസാൻ ഹെലികോപ്റ്റഴ്‌സാണ് Mi-17V-5 നിർമിക്കുന്നതും. സൈനിക, ആയുധ ഗതാഗതം, ഫയർ സപ്പോർട്ട്, കോൺവോയ് എസ്‌കോർട്ട്, പട്രോളിംഗ്, സെർച്ച് ആൻഡ് റെസ്‌ക്യൂ (SAR) തുടങ്ങിയ സൈനിക പ്രവർത്തനങ്ങൾക്ക് ഈ ഹെലികോപ്ടർ ഉപയോ​ഗിക്കാം. 

Also Read: Ooty Helicopter Crash | CDS ബിപിൻ റാവത്ത് സഞ്ചരിച്ച ഹലികോപ്റ്റർ തകർന്ന സംഭവത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി

ഇന്ത്യൻ വ്യോമസേനയിൽ (ഐഎഎഫ്) ഹെലികോപ്റ്റർ ഉപയോ​ഗം തുടങ്ങുന്നതിനായി 2008 ഡിസംബറിലാണ് 80 ഹെലികോപ്ടറുകൾക്കായി കരാർ ഉണ്ടാക്കിയത്. 2011ൽ ഇവയുടെ വിതരണം ആരംഭിക്കുകയും 2018ൽ അവസാന യൂണിറ്റ് കൈമാറുകയും ചെയ്തു.

എഞ്ചിനും അതിന്റെ പ്രകടനവും

Mi-17V-5 ഒരു ക്ലിമോവ് TV3-117VM അല്ലെങ്കിൽ VK-2500 ടർബോ-ഷാഫ്റ്റ് എഞ്ചിൻ ആണ് ഉപയോഗിക്കുന്നത്. TV3-117VM പരമാവധി 2,100 bhp പവർ ഉത്പാദിപ്പിക്കുമ്പോൾ VK-2500 2,700 bhp പവർ ഔട്ട്പുട്ടാണ് നൽകുന്നത്. എംഐ സീരീസിലെ പുതുതലമുറ ഹെലികോപ്റ്ററുകൾക്ക് VK-2500 എഞ്ചിനാണ് നൽകുന്നത്. ഇത് TV3-117VM-ന്റെ കൂടുതൽ നൂതന പതിപ്പായ പുതിയ ഫുൾ-അതോറിറ്റി ഡിജിറ്റൽ കൺട്രോൾ സിസ്റ്റം (FADEC) ആണ്.

ഇതിന് 250 കിലോമീറ്റർ വേഗതയും 580 കിലോമീറ്റർ റേഞ്ചുമാണുള്ളത്. രണ്ട് സഹായ ഇന്ധന ടാങ്കുകൾ ഘടിപ്പിച്ചാൽ റേഞ്ച് 1,065 കിലോമീറ്റർ വരെ നീട്ടാനാകും. ഹെലികോപ്റ്ററിന് പരമാവധി 6,000 മീറ്റർ ഉയരത്തിൽ പറക്കാൻ കഴിയുമെന്നതും ശ്രദ്ധേയമാണ്.

ക്യാബിനും സവിശേഷതകളും

യാത്രക്കാർക്കായി ഒരു സാധാരണ പോർട്ട്സൈഡ് ഡോർ ഉള്ള ഒരു വലിയ ക്യാബിനും ചരക്കുകളെയും സൈനികരെയും പിന്നിലൂടെ വേഗത്തിൽ ഇറക്കാൻ കഴിയുന്ന വിധത്തിലുമാണ് ഹെലികോപ്ടറിന്റെ രൂപകൽപ്പന. ഹെലികോപ്റ്ററിന് 13,000 കിലോഗ്രാം ഭാരമാണുള്ളത്. കൂടാതെ 36 സായുധ സൈനികരെ അല്ലെങ്കിൽ ഒരു സ്ലിംഗിൽ 4,500 കിലോഗ്രാം ഭാരവും വഹിക്കാൻ കഴിയും. ഉഷ്‌ണമേഖലാ, സമുദ്ര കാലാവസ്ഥകൾ, മരുഭൂമിയിലെ സാഹചര്യങ്ങളിലും ഇവ ഉപയോ​ഗിക്കാം എന്നത് പ്രത്യേകതയാണ്.

കോക്ക്പിറ്റും ഏവിയോണിക്‌സും

Mi-17V-5 മോഡലിൽ നാല് മൾട്ടിഫങ്ഷൻ ഡിസ്‌പ്ലേകൾ (MFDs), നൈറ്റ് വിഷൻ ഉപകരണങ്ങൾ, ഓൺ-ബോർഡ് വെതർ റഡാർ, ഓട്ടോപൈലറ്റ് സിസ്റ്റം എന്നിവയുൾപ്പെടെ അത്യാധുനിക ഏവിയോണിക്‌സ് ലഭിക്കുന്ന ഒരു ഗ്ലാസ് കോക്‌പിറ്റാണ് സജ്ജീകരിച്ചിരിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം Mi-17V-5 ഹെലികോപ്റ്ററുകൾക്ക് നാവിഗേഷൻ, ഇൻഫർമേഷൻ-ഡിസ്‌പ്ലേകൾ, ക്യൂയിംഗ് സിസ്റ്റങ്ങൾ എന്നിവയുൾപ്പെടെ KNEI-8 ഏവിയോണിക്‌സ് സ്യൂട്ടും ലഭിക്കും.

ആയുധ സംവിധാനങ്ങൾ

സൈനികരെ ഒരിടത്ത് നിന്ന് മറ്റൊരിടത്തേക്ക് കൊണ്ടുപോകുന്നതും ഗതാഗതവുമാണ് ഹെലികോപ്റ്ററിന്റെ പ്രധാന പ്രവർത്തനം. ​സൈനികരെ കൊണ്ടുപോകുന്നത് മാത്രമല്ല ആക്രമണങ്ങൾ നടക്കുന്ന സാഹചര്യങ്ങളിൽ സൈനികരെയോ കാർഗോയോ ഇറക്കുമ്പോൾ ആവശ്യമായ വിപുലമായ ആയുധങ്ങളും Mi-17V-5-ന് സജ്ജീകരിക്കാനാകും. Shturm-V മിസൈലുകൾ, S-8 റോക്കറ്റുകൾ, 23mm മെഷീൻ ഗൺ, PKT മെഷീൻ ഗൺ, AKM സബ് മെഷീൻ ഗൺ എന്നിവ ഈ ഹെലികോപ്ടറിൽ ലോഡുചെയ്യാനാകും.

ഇന്ത്യൻ വ്യോമസേന Mi 26, Mi-24, Mi-17, എന്നിവയുൾപ്പെടെ ഈ ശ്രേണിയിലെ നിരവധി ഹെലികോപ്റ്ററുകൾ ഉപയോഗിക്കുന്നു. എന്നാൽ ഇന്ത്യൻ വ്യോമസേനയിൽ ഇതുവരെ ലഭ്യമായ എംഐ സീരീസ് ഹെലികോപ്റ്ററുകളിൽ ഏറ്റവും നൂതനമായ ഹെലികോപ്റ്ററുകളാണിത്. അതേസമയം 2013 ജൂൺ 25 മുതൽ ഇതുവരെയുള്ള എട്ടു വർഷത്തെ കാലയളവിൽ ഇന്ത്യൻ വ്യോമസേനയുടെ റഷ്യൻ നിര്‍മിത ആറു ഹെലികോപ്റ്ററുകളാണ് അപകടത്തിൽപെട്ടിരിക്കുന്നത്. 

Also Read: Helicopter Crash| ബിപിൻ റാവത്ത് ഗുരുതരാവസ്ഥയില്‍; ഹെലിക്കോപ്ടർ അപകടത്തിൽ അന്വേഷണ ഉത്തരവിട്ട് വ്യോമസേന 

ഊട്ടിക്കു സമീപം കുനൂരിലാണ് ബിപിൻ റാവത്ത് സഞ്ചരിച്ച സൈനിക ഹെലികോപ്റ്റർ തകർന്നുവിണത്. അപകടത്തിൽ കോപ്റ്ററിലുണ്ടായിരുന്ന 14 പേരിൽ 13 പേരുടെ മരണം സേനാ വൃത്തങ്ങൾ സ്ഥിരീകരിച്ചു. കോയമ്പത്തൂരിൽ നിന്ന് രാവിലെ പറന്നുയർന്ന ഹെലികോപ്റ്റർ ഉച്ചയ്ക്കു ശേഷമാണ് തകർന്നുവീണത്. ലാൻഡിങ്ങിന് പത്തു കിലോമീറ്റർ മാത്രമകലെയായിരുന്നു അപകടം. മോശം കാലാവസ്ഥയെ തുടർന്നാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെ കുറിച്ച് അന്വേഷണത്തിനായി വ്യോമസേന ഉത്തരവിട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News