ന്യൂഡല്‍ഹി: അതിര്‍ത്തി വിഷയം ഇന്ത്യ സമാധാനപൂര്‍ണമായി ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ ചൈന നമുക്കൊപ്പം നിന്നു പ്രവര്‍ത്തിക്കുകയാണ് വേണ്ടതെന്നും കേന്ദ്ര പ്രതിരോധ മന്ത്രി (Defence Minister) രാജ്നാഥ് സിംഗ് (Rajnath Singh).
ഇന്ത്യയുടെ പരമാധികാരവും അതിര്‍ത്തിയിലെ അന്തസും സംരക്ഷിക്കുന്ന കാര്യത്തില്‍ രാജ്യം പ്രതിജ്ഞാബദ്ധമാണെന്ന് ചൈനീസ് പ്രതിരോധമന്ത്രിയോട് നേരിട്ടു വ്യക്തമാക്കിയിട്ടുള്ളതായും രാജ്നാഥ് സിംഗ് പറഞ്ഞു. ചൈനയുമായുള്ള അതിര്‍ത്തി സംഘര്‍ഷം സംബന്ധിച്ച് പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ മേയില്‍ യഥാര്‍ഥ നിയന്ത്രണ രേഖയിലെ (LAC) വിവിധ മേഘലകളില്‍ ചൈനയുടെ കടന്നുകയറ്റ ശ്രമങ്ങളുണ്ടായി. അതു കൃത്യമായി കണ്ടെത്തി ഉചിതമായ മറുപടി നല്കാന് ഇന്ത്യന്‍ സൈന്യത്തിനു കഴിഞ്ഞെന്നു രാജ്നാഥ് സിംഗ് സഭയെ അറിയിച്ചു.
യഥാര്‍ഥ നിയന്ത്രണരേഖയില്‍ നിന്നുള്ള ഉള്‍പ്രദേശങ്ങളില്‍ ചൈന യുദ്ധ സാമഗ്രികള്‍ ഉള്‍പ്പടെ വന്‍ സേനാ വിന്യാസം നടത്തിയിട്ടുണ്ടെന്ന് പ്രതിരോധ മന്ത്രി പറഞ്ഞു. കിഴക്കന്‍ ലഡാക്കില്‍ ഗോഗ്ര, കൊംഗ്ഖാ ലാ, പാങ്ങോംഗ് തടാകത്തിന്റെ തെക്ക്, വടക്ക് തീരങ്ങള്‍ എന്നിങ്ങനെ നിരവധി തര്‍ക്ക സ്ഥലങ്ങളുണ്ട്. ഇവിടെയെല്ലാം ഇന്ത്യന്‍ സേനയേയും ശക്തമായി വിന്യസിച്ചിട്ടുണ്ട്. മാതൃരാജ്യത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് കേണല്‍ സന്തോഷ് ബാബു ഉള്‍പ്പടെ 19 ജവാന്മാര് ജീവന് ബലി നല്‍കിയത്. അവരോടുള്ള ആദരസൂചകമായി രണ്ട് മിനിറ്റ് മൗനം ആചരിക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
ലഡാക്കില്‍ ഏകദേശം 38,000 ചതുരശ്ര കി.മീ. പ്രദേശമാണു ചൈന അനധികൃതമായി കൈവശം വച്ചിരിക്കുന്നത്. പാക് അധിനിവേശ കശ്മീരിന്റെ 5,180 ചതുരശ്ര കിലോമീറ്റര്‍ പ്രദേശം പാക്കിസ്ഥാന് ചൈനയ്ക്കു നല്‍കുകയും ചെയ്തു, രാജ്നാഥ് സിംഗ് പറഞ്ഞു.
ഇപ്പോള്‍ നടക്കുന്നത് അതീവ പ്രാധാന്യമുള്ള സൈനിക നീക്കങ്ങളാണെന്നും അതു സംബന്ധിച്ചു കൂടുതല്‍ വിശദാംശങ്ങള്‍ വെളിപ്പെടുത്താനാകില്ലെന്നും മന്ത്രി ലോക്സഭയില്‍ വ്യക്തമാക്കി.
ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ സമാധാനവും സ്വസ്ഥതയും ഉറപ്പു വരുത്താന്‍ ഇന്ത്യയും ചൈനയും ധാരണയായിട്ടുണ്ടെന്നും ഉഭയകക്ഷി ബന്ധത്തിലൂടെയാവണം പരിഹാരം ഉണ്ടാകേണ്ടതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു. ഏകപക്ഷീയമായി അതിര്‍ത്തി ലംഘനം നടത്തുന്നത് ഉഭയകക്ഷി ധാരണകള്‍ക്ക് വിരുദ്ധമാണെന്ന് നയതന്ത്ര തലത്തില്‍ ചൈനയെ ബോധ്യപ്പെടുത്തിയിട്ടുള്ളതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചൈനീസ് സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടായ പ്രകോപനങ്ങളെല്ലാം തന്നെ മുന്‍ധാരണകളുടെയും കരാറുകളുടെയും ലംഘനമാണ്. അതിര്‍ത്തിയില്‍ ഇന്ത്യന്‍ മണ്ണ് സംരക്ഷിക്കുന്നതിനായി ഇന്ത്യന്‍ സേന ശക്തമായ ചെറുത്തു നില്‍പ്പ് നടത്തി. യഥാര്‍ഥ അതിര്‍ത്തി നിയന്ത്രണരേഖ സംബന്ധിച്ച് ഇരു രാജ്യങ്ങള്‍ക്കും വ്യത്യസ്ത കാഴ്ചപ്പാടാണുള്ളത്. ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയില്‍ പൊതുധാരണയുള്ള യഥാര്‍ഥ നിയന്ത്രണ രേഖയില്ല, പ്രതിരോധ മന്ത്രി പറഞ്ഞു. എന്നാല്‍, ഈ വെല്ലുവിളികളെയൊക്കെ തന്നെ നേരിടാന്‍ നമ്മുടെ സായുധ സൈന്യം സുസജ്ജമാണെന്നും മന്ത്രി വ്യക്തമാക്കി.
Also read: ഇന്ത്യയിലെ പ്രമുഖരെ ചൈന നിരീക്ഷിക്കുമ്പോള്‍ ചൈനയെ നിരീക്ഷിക്കാന്‍ അജിത് ഡോവല്‍....!!
എന്നാല്‍, ഇപ്പോള്‍ ഉണ്ടായിട്ടുള്ള സാഹചര്യം മുന്‍കാലങ്ങളേക്കാള്‍ തികച്ചും വ്യത്യസ്തമാണെന്നും മന്ത്രി വ്യക്തമാക്കി. എല്ലാത്തരം സാഹചര്യങ്ങളെയും നേരിടാന്‍ ഇന്ത്യ സുസജ്ജമാണ്. ഇതുപോലൊരു സാഹചര്യമുണ്ടാകുമ്പോള്‍ രാജ്യത്തെ സായുധസേനയില്‍ വിശ്വാസം അര്‍പ്പിക്കുക എന്നത് ഈ സഭയുടെ പാരമ്പര്യമാണ്. ധീരന്മാരായ ജവാന്മാര്ക്കൊപ്പം നില്ക്കുന്നു എന്ന പ്രമേയം പാസാക്കണമെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.
അതേസമയം, പ്രതിരോധ മന്ത്രിയുടെ പ്രസ്താവനയ്ക്കു ശേഷം പ്രതിപക്ഷം ഇതിന്മേല് ചര്‍ച്ച ആവശ്യപ്പെട്ടെങ്കിലും സര്‍ക്കാര്‍ നിരാകരിച്ചു. ഇന്ത്യ ചൈന തര്‍ക്കത്തില്‍ സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയാറാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം ലോക്സഭയില്‍നിന്ന് ഇറങ്ങിപ്പോയി.
ചൈന വിഷയത്തില്‍ ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി മറുപടി പറയണമെന്നും ആവശ്യപ്പെടുള്ള പ്ലക്കാഡുകള്‍ ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന്, കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധരിക്കു സംസാരിക്കാന്‍ സ്പീക്കര്‍ അവസരം നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.