ന്യുഡൽഹി: ഇന്ത്യ-ചൈന അതിർത്തി തർക്കം തീരുമാനമാകാതെ തുടരുന്ന ഈ സാഹചര്യത്തിൽ അമേരിക്കയിൽ നിന്നും വ്യോമാക്രമണ ശേഷിയുള്ള ഡ്രോണുകൾ വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അമേരിക്കൻ സൈന്യം നിലവിൽ ഉപയോഗിക്കുന്ന മീഡിയം ആൾട്ടിട്യൂഡ് ലോങ് എൻഡുറൻസ് (MALE) പ്രെഡേറ്റർ-ബി ഡ്രോണുകൾ വാങ്ങാനാണ് ഇന്ത്യ ആലോചിക്കുന്നത്. ഈ താൽപര്യം ഇന്ത്യ അമേരിക്കയെ അറിയിച്ചുവെന്നാണ് റിപ്പോർട്ട്.
പ്രെഡേറ്റർ ഡ്രോണുകൾ നിരീക്ഷണത്തിന് മാത്രമല്ല ആക്രമണത്തിനും ഉപയോഗിക്കാമെന്നതു കൊണ്ടാണ് ഇത് വാങ്ങാൻ ഇന്ത്യ ആലോചിക്കുന്നത്. ഉയർന്ന് പറന്ന് നിരീക്ഷണം നടത്താനും ലക്ഷ്യം നോക്കി മിസൈൽ ഉപയോഗിച്ചോ ലേസർ ഗൈഡഡ് ബോംബ് ഉപയോഗിച്ചോ തകർക്കാനുള്ള ശേഷി പ്രെഡേറ്റർ ഡ്രോണുകൾക്കുണ്ട്. അഫ്ഗാൻ, ഇറാഖ്, സിറിയൻ യുദ്ധങ്ങളിൽ അമേരിക്ക വ്യോമാക്രമണത്തിന് ഉപയോഗിച്ചതും ഈ ഡ്രോണുകളാണ്. പ്രെഡേറ്റർ ഡ്രോണുകളുടെ പ്രഹരശേഷി അമേരിക്കൻ സൈന്യത്തെ വൻ തോതിൽ സഹായിച്ചിരുന്നുവെന്നാണ് റിപ്പോർട്ട്.
Also read: അതിർത്തിയിൽ ആകാശ നിരീക്ഷണം ശക്തമാക്കി വ്യോമസേന
നിലവിൽ ഇന്ത്യ നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ഇസ്രായേൽ നിർമിത ഹെറോൺ ഡ്രോണുകളാണ്. സംഘർഷമുണ്ടായ കിഴക്കൻ ലഡാക്കിൽ ഇവയെ ഉപയോഗിച്ചാണ് സൈന്യം ചൈനീസ് നീക്കങ്ങൾ മനസിലാക്കുന്നത്. ഇന്ത്യ പാക് അതിർത്തിയിലും ചൈനീസ് അതിർത്തിയിലും അത്യാധുനിക സജ്ജീകരണമുള്ള ഡ്രോണുകൾ ആവശ്യമാണെന്ന് നേരത്തെ തന്നെ വിലിയിരുത്തലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ തദ്ദേശീയമായി തന്നെ ഡ്രോണുകൾ നിർമ്മിക്കാനും ഇന്ത്യ തീരുമാനിച്ചിരുന്നു.
നോയിഡ ആസ്ഥാനമായ സ്വകാര്യ കമ്പനി ഇത്തരത്തിലൊന്ന് വികസിപ്പിച്ചിട്ടുണ്ടെങ്കിലും ലഡാക്കിലെ പര്‍വ്വതമേഖലകളിൽ നടത്തിയ പരീക്ഷണ പറക്കലുകളിൽ ടിബറ്റൻ പീഠഭൂമിയിൽനിന്നുള്ള അതിശക്തമായ കാറ്റിൽ നിയന്ത്രിക്കാൻ സാധിക്കാതെ വരുന്നു എന്ന പരിമിതി ഇതിനുണ്ട്. പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആർഡിഒ റസ്റ്റം എന്ന അറ്റാക്ക് ഡ്രോണിന്റെ പണിപ്പുരയിലാണ്. ഈ വർഷം അവസാനത്തോടെ മാത്രമേ ഇതിന്റെ ആദ്യത്തെ പ്രോട്ടോ ടൈപ്പ് സജ്ജമാവുകയുള്ളു എന്നാണ് സൂചന ലഭിക്കുന്നത്.
Also read: ദിഷയെ അറിയില്ല, അവർ എന്റെ കുഞ്ഞിനെ ഗർഭം ധരിച്ചിരുന്നില്ല: സൂരജ് പഞ്ചോളി..!
ചൈനയെ ഉദ്ദേശിച്ച് മാത്രമല്ല ഇന്ത്യ പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങാൻ ആലോചിക്കുന്നത് എന്നൊരു റിപ്പോർട്ടും ഉണ്ട്. ചൈനയുടെ പക്കൽ വിങ് ലൂങ്-2 എന്ന അറ്റാക് ഡ്രോണുകളുണ്ട്. ഇവയുടെ നാലെണ്ണം പാക്കിസ്ഥാന് ചൈന വിൽക്കാൻ തയ്യാറാകുന്നു എന്ന വിവരം ഇന്ത്യയ്ക്ക് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ അടിയന്തിര പ്രാധാന്യത്തോടെ അമേരിക്കൻ ഡ്രോണുകൾ വാങ്ങാൻ തൽപര്യപ്പെടുന്നത്. മാത്രമല്ല ചൈനയുമായി സഹകരിച്ച് 48 ഡ്രോണുകൾ നിർമിക്കാനും പാക്കിസ്ഥാന് പദ്ധതിയുണ്ട്.
ഇന്ത്യയ്ക്ക് 400 കോടി ഡോളറിന് 30 സീ ഗാർഡിയൻ ഡ്രോണുകൾ നൽകാമെന്ന് അമേരിക്ക മുന്നെ അറിയിച്ചിരുന്നു. പ്രെഡേറ്ററിനേപ്പോലെ തന്നെയാണെങ്കിലും ഇതിന് ആയുധം വഹിച്ച് ആക്രമണം നടത്താനുള്ള സംവിധാനങ്ങളില്ല. ഈയൊരു കാരണം കൊണ്ട് സീ ഗാർഡിയൻ വാങ്ങാൻ ഇന്ത്യ താൽപര്യപ്പെട്ടില്ലയെന്നും നിരീക്ഷണത്തിന് മാത്രമല്ല ആക്രമണത്തിനും ഉപയോഗിക്കാമെന്നതിനാൽ പ്രെഡേറ്റർ ഡ്രോണുകൾ വാങ്ങുന്നതാകും ഉചിതമെന്നുമാണ് വിലയിരുത്തുന്നത്.