ന്യൂഡല്‍ഹി: ലോക്ക്ഡൌണിനെ തുടര്‍ന്ന് ആളുകളുടെ സഞ്ചാരം കുറഞ്ഞതോടെ ചുവന്ന പരവതാനി വിരിച്ച പോലെയാണ് മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍.
വാകപ്പൂക്കള്‍ വിതറിയ സ്റ്റേഷന്‍റെ ചിത്രം കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇപ്പോഴിതാ, ആ ചിത്രങ്ങള്‍ ഇന്ത്യന്‍ റെയില്‍വേയുടെ ഔദ്യോഗിക ട്വിറ്റര്‍ പേജിലും പങ്കുവച്ചിരിക്കുകയാണ്.
ഗുല്‍മോഹര്‍ പൂക്കള്‍ കൊഴിഞ്ഞ് കിടക്കുന്ന മലപ്പുറത്തെ മേലാറ്റൂര്‍ റെയില്‍വേ സ്റ്റേഷന്‍ ചിത്രങ്ങളാണ് റെയില്‍വെ പങ്കുവച്ചിരിക്കുന്നത്. നേരത്തെ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലും സ്റ്റേഷന്‍റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു.
'പ്രകൃതിയുടെ സൌന്ദര്യം; പൂക്കള്‍ വിതറിയ കേരളത്തിലെ ഷോര്‍ണ്ണൂര്‍-നിലമ്പൂര്‍ റെയില്‍വേ സ്റ്റേഷന്‍ കണ്ടാല്‍ ചിത്ര പുസ്തകത്തിലെ പോലെ...' -ചിത്രങ്ങള്‍ക്കൊപ്പം അദ്ദേഹം കുറിച്ചിരുന്നു.
Beauty of Mother Nature: Sprinkled with beautiful flowers, the scenic Shoranur-Nilambur Railway Section in Kerala looks straight out of a storybook. pic.twitter.com/OWPrEl6Amc
— Piyush Goyal (@PiyushGoyal) May 18, 2020
ഇതിന് പിന്നലെയാണ് ചിത്രങ്ങള്‍ പങ്കുവച്ച് റെയില്‍വേയും രംഗത്തെത്തിയത്. മേലാറ്റൂര്‍ പുത്തന്‍കുളം സ്വദേശി സായിദാണ് ഈ ചിത്രങ്ങള്‍ പകര്‍ത്തിയത്. മലപ്പുറം ജില്ല കളക്ടറാണ് സ്റ്റേഷന്‍റെ ചിത്രങ്ങള്‍ ആദ്യം ഫേസ്ബുക്കില്‍ പങ്കുവച്ചത്. ഇതോടെയാണ് ചിത്രങ്ങള്‍ ദേശീയ ശ്രദ്ധയാകര്‍ഷിച്ചത്.