ന്യൂഡല്‍ഹി: ജനിച്ച നാടിനെ സ്നേഹിക്കാനാണ് ഇസ്ലാം പഠിപ്പിക്കുന്നതെന്ന് ഫാറൂഖ് അബ്ദുള്ള ഡല്‍ഹി കോണ്‍സ്റ്റിട്യൂഷന്‍ ക്ലബ്ബില്‍ നടക്കുന്ന ഇ. അഹമ്മദ് അനുസ്മരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റാരെപ്പോലെയും മുസ്ലിം വിശ്വാസികളും രാജ്യത്തിന്‍റെ ഭാഗമാണ്. രാജ്യത്തിനായി മുസ്ലിം വിശ്വാസികളും ജീവന്‍ ബലി അര്‍പ്പിച്ചിട്ടുണ്ട്. ഇനിയും അത് തുടരുക തന്നെ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്ലാ മതങ്ങളും പഠിപ്പിക്കുന്നത് നന്മയാണ്. എന്നാല്‍ ചിലര്‍ വെറുപ്പ് പ്രചരിപ്പിക്കുന്നു. ഇന്ത്യയെ നശിപ്പിക്കാന്‍ ശ്രമിക്കുന്ന ശക്തികള്‍ക്കെതിരെ ഒരുമിച്ച് നില്‍ക്കാന്‍ ഫാറൂഖ് അബ്ദുള്ള ആഹ്വാനം ചെയ്തു.
നിരവധി ദുരന്തങ്ങള്‍ രാജ്യം അഭിമുഖീകരിച്ചിട്ടുണ്ട്. കശ്മീരില്‍ ഇപ്പോഴും ദുരന്തങ്ങള്‍ തുടരുന്നു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിലും ദുരന്തങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്നു. മുന്നോട്ടുള്ള വഴി യുദ്ധത്തിന്‍റെത് ആകരുത്. യുദ്ധം നല്‍കുന്നത് നഷ്ടങ്ങള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ നേതൃത്വം ഏറ്റെടുക്കാനുള്ള ധൈര്യം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണിക്കണമെന്നും രാജ്യം അത് ആവശ്യപ്പെടുന്നുണ്ടെന്നും ഫാറൂഖ് അബ്ദുള്ള പറഞ്ഞു.
ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ഗുലാം നബി, ഡി. രാജ, എ. കെ ആന്റണി, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.