ബിജെപിയ്ക്ക് ചരിത്ര വിജയം; ആഹ്ലാദത്തേരിലേറി ബിജെപി ആസ്ഥാനം!!

 

Last Updated : May 23, 2019, 08:17 PM IST
ബിജെപിയ്ക്ക് ചരിത്ര വിജയം; ആഹ്ലാദത്തേരിലേറി ബിജെപി ആസ്ഥാനം!!

 

ന്യൂഡല്‍ഹി: ചരിത്ര വിജയം ഉത്സവമാക്കി ബിജെപി ആസ്ഥാനം!! ന്യൂഡല്‍ഹി ബിജെപി പാര്‍ട്ടി ആസ്ഥാനത്തേക്ക് പ്രവര്‍ത്തകരുടെ വന്‍ പ്രവാഹമാണ്. 

പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്കിത് അഭിമാനമുഹൂര്‍ത്തമാണ്. വന്‍ ഭൂരിപക്ഷത്തോടെയാണ് ഇന്ത്യന്‍ ജനത നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിനെ വീണ്ടും അധികാരത്തിലെത്തിച്ചിരിക്കുന്നത്‌. ദേശീയത വികാരവും ഹിന്ദുത്വ ആശയങ്ങളും ബിജെപിക്ക് കരുത്തായി. ഈ കരുത്താണ് 352 സീറ്റുകള്‍ നേടി ഭരണതുടര്‍ച്ച ഉറപ്പാക്കാന്‍ ബിജെപിയെ സഹായിച്ചത്. 

ചരിത്രത്തിലാദ്യമായാണ് ഒരു കോൺഗ്രസ് ഇതര സർക്കാർ രാജ്യത്ത് ഭരണം നിലനിർത്തുന്നത്. ഇതിന്‍റെ ആവേശത്തിലാണ് ബിജെപി പ്രവർത്തകരും നേതാക്കളും. 351 സീറ്റുകളിലാണ് എൻഡിഎ സഖ്യം ലീഡ് ചെയ്യുന്നത്. 2014ല്‍ ബിജെപി നേടിയ 282 സീറ്റും കടന്നാണ് ബിജെപിയുടെ ജൈത്രയാത്ര.

അതേസമയം, ബിജെപിയുടെ ചരിത്ര വിജയം ബിജെപി ദേശീയ ആസ്ഥാനത്ത് വന്‍ ആഘോഷമായി മാറിയിരിക്കുകയാണ്. വിജയം  പങ്കിടാന്‍ ഒഴുകിയെത്തിയ പ്രവര്‍ത്തകരെക്കൊണ്ട് ആസ്ഥാനം നിറഞ്ഞിരിക്കുകയാണ്. 

അതേസമയം പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടും നന്ദി പറയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായും ബിജെപി ആസ്ഥാനത്ത് എത്തിചേര്‍ന്നു. 

ബിജെപിയ്ക്ക് 17 സംസ്ഥാനങ്ങളില്‍ 50 ശതമാനത്തിലേറെ വോട്ടു നേടാന്‍ കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസിന് 17 സംസ്ഥാനങ്ങളില്‍ ഒരു സീറ്റുപോലും ലഭിച്ചില്ലെന്ന് അമിത് ഷാ പറഞ്ഞു. ബിജെപി നേടിയത് ചരിത്ര വിജയമെന്നും സബ്കാ സാത് സബ്കാ വികാസ് എന്ന മുദ്രാവാക്യമാണ് പാര്‍ട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചതെന്നും അമിത് ഷാ പറഞ്ഞു. 

ഈ ചരിത്ര വിജയം ജനങള്‍ക്ക് സമര്‍പ്പിക്കുന്നുവെന്ന് മോദി തന്‍റെ പ്രസംഗത്തില്‍ പറഞ്ഞു. ജനാധിപത്യത്തിന്‍റെ ചരിത്രത്തില്‍ ബിജെപി നേടിയ വിജയത്തിന് നിര്‍ണ്ണായക സ്ഥാനമെന്ന് അദ്ദേഹം പറഞ്ഞു. 

സ്വതന്ത്രത്തിന് ശേഷം ഈ തിരഞ്ഞെടുപ്പിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് നടന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും സുരക്ഷ സേനയ്ക്കും നന്ദി അറിയിക്കുന്നു. ഇന്ന് ഹിന്ദുസ്ഥാന്‍റെ വിജയമാണ് സംഭവിച്ചിരിക്കുന്നത്. ഭാരതീയരുടെ വിജയമാണ് ഇത്. ഈ വിജയം ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നു, പ്രധാനമന്ത്രി പറഞ്ഞു. 

 

 

Trending News