റാഞ്ചി: ജാർഖണ്ഡിലെ ധൻബാദ് ജില്ലയിൽ സ്വകാര്യ നഴ്സിങ് ഹോമിൽ വൻ തീപിടിത്തം. തീപിടിത്തത്തിൽ രണ്ട് ഡോക്ടർമാരുൾപ്പെടെ അഞ്ച് പേർ മരിച്ചു. ശനിയാഴ്ച പുലർച്ചെയാണ് തീപിടിത്തമുണ്ടായതെന്നാണ് ഉദ്യോഗസ്ഥർ നൽകിയ വിവരം. സംഭവത്തിൽ മരിച്ചവർ മെഡിക്കൽ സ്ഥാപന ഉടമ ഡോ. വികാസ് ഹസ്ര, ഭാര്യ ഡോ. പ്രേമ ഹസ്ര, ഇവരുടെ അനന്തരവൻ സോഹൻ ഖമാരി, വീട്ടുജോലിക്കാരി താരാദേവി എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
പുലർച്ചെ രണ്ട് മണിയോടെ സ്റ്റോർറൂമിൽ നിന്നാണ് തീ പടർന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ, തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. റാഞ്ചിയിൽ നിന്ന് 170 കിലോമീറ്റർ അകലെ ധന്ബാദിലെ ബാങ്ക് മോർ പ്രദേശത്താണ് സ്ഥാപനം സ്ഥിതി ചെയ്യുന്നത്. വീടിനോട് ചേർന്ന കെട്ടിടത്തിൽ തന്നെയാണ് നഴ്സിങ് ഹോമും പ്രവർത്തിച്ചിരുന്നത്.
"സ്റ്റോർ റൂമിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഉടമയും ഭാര്യയുമുൾപ്പെടെ അഞ്ച് പേർ ശ്വാസം മുട്ടിയാണ് മരിച്ചത്. ഒരാൾക്ക് പരിക്കേറ്റിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല. കൂടുതൽ അന്വേഷണം നടക്കുകയാണ്" ധൻബാദ് സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് (എസ്ഡിഎം) പ്രേം കുമാർ തിവാരി പിടിഐയോട് പറഞ്ഞു. മരിച്ച നാലുപേരെ തിരിച്ചറിഞ്ഞു. അഞ്ചാമത്തെ ആളെ തിരിച്ചറിയാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...