ബംഗളൂരു: കര്‍ണാടകയുടെ 19ാമത് മുഖ്യമന്ത്രിയായി കഴിഞ്ഞ വെള്ളിയാഴ്ച അധികാരമേറ്റ ബി.എസ്. യെദിയൂരപ്പ ഇന്ന് സഭയില്‍ വിശ്വാസവോട്ട് തേടും.
രാവിലെ പതിനൊന്നിനാണു മുഖ്യമന്ത്രി വിശ്വാസ പ്രമേയം അവതരിപ്പിക്കുക.
അതേസമയം, കേവലഭൂരിപക്ഷത്തിനു വേണ്ട 105 അംഗങ്ങളുടെ പിന്തുണ ബിജെപിക്കുള്ളതിനാല്‍ വിശ്വാസ വോട്ട് സര്‍ക്കാരിന് ഒരു വെല്ലുവിളിയല്ല.
17 പേരെ സ്പീക്കര്‍ അയോഗ്യരാക്കിയതോടെ കര്‍ണാടക നിയമസഭയുടെ അംഗബലം 207 ആയി. കേവല ഭൂരിപക്ഷത്തിന് ഇനി വേണ്ടത് വെറും 104 പേരുടെ പിന്തുണയാണ്. ഒരു സ്വതന്ത്രന് ഉള്‍പ്പെടെ 106 പേരുടെ പിന്തുണയുള്ള യെദ്ദ്യൂരപ്പ സര്‍ക്കാരിന് നിഷ്പ്രയാസം വിശ്വാസവോട്ട് നേടാന്‍ കഴിയും.
പ്രതിപക്ഷത്ത് കോണ്‍ഗ്രസിന് 66 (നോമിനേറ്റഡ് അംഗം ഉള്‍പ്പെടെ) അംഗങ്ങളാണുള്ളത്. ജെഡി-എസിന് 34 ഉം ബിഎസ്പിക്ക് ഒറ്റ അംഗവുമാണുള്ളത്. എന്നാല്‍, വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നുവെന്ന കാരണത്താല്‍ ബിഎസ്പി അംഗം എന്‍. മഹേഷിനെ പാര്‍ട്ടിയില്‍നിന്നു പുറത്താക്കിയിരിക്കുകയാണ്.
അതേസമയം, വിമത എംഎല്‍എമാരെ കൂറുമാറ്റ നിരോധന നിയമപ്രകാരം സ്പീക്കര്‍ കെ.ആര്. രമേശ്കുമാര്‍ അയോഗ്യരാക്കി. ഇവര്‍ക്ക് 15-ാം നിയമസഭയുടെ കാലാവധി അവസാനിക്കുന്ന 2023 വരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനാവില്ല. സ്പീക്കറുടെ തീരുമാനം നിയമവിരുദ്ധമാണെന്നും ഇതിനെതിരേ സുപ്രീംകോടതിയെ സമീപിക്കുമെന്നും അയോഗ്യനാക്കപ്പെട്ട ജെഡിഎസ് എംഎല്‍എ എ.എച്ച്. വിശ്വനാഥ് പറഞ്ഞു.
അതേസമയം, സ്പീക്കര്‍ കെ.ആര്. രമേഷ് കുമാറിനെ നീക്കാന്‍ ബിജെപി പ്രമേയം കൊണ്ടുവരാന്‍ സാധ്യതയുണ്ടെന്നും, എന്നാല്‍, വിശ്വാസവോട്ടെടുപ്പിന് ശേഷം സ്പീക്കര്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
2018 മെയില്‍ നടന്ന തിരഞ്ഞെടുപ്പില്‍ 105 സീറ്റാണ് ബിജെപി നേടിയത്. തുടര്‍ന്ന് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി, യെദ്ദ്യൂരപ്പയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സര്‍ക്കാര്‍ വെറും 6 ദിവസമാണ് അധികാരത്തിലിരുന്നത്. സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാകാതെ അദ്ദേഹം രാജി വയ്ക്കുകയായിരുന്നു.