കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡല്‍ പിന്‍വലിച്ചു

ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച് കൊണ്ട് കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി.  

Last Updated : Jan 16, 2020, 11:13 AM IST
  • ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡലുകള്‍ പിന്‍വലിച്ചു.
  • ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച് കൊണ്ട് കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി.
  • ദേവേന്ദ്ര സിംഗിനെ പോലീസ് സേനയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുത്തിയിരുന്നു.
കശ്മീരില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന്‍റെ പൊലീസ് മെഡല്‍ പിന്‍വലിച്ചു

ന്യൂഡല്‍ഹി: ജമ്മു കാശ്മീരില്‍ ഭീകരര്‍ക്കൊപ്പം പിടിയിലായ ഡിഎസ്പി ദേവീന്ദര്‍ സിംഗിന് സമ്മാനിച്ച പൊലീസ് മെഡലുകള്‍ പിന്‍വലിച്ചു.

ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ച് കൊണ്ട് കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ ഉത്തരവ് പുറത്തിറക്കി.

ദേവേന്ദ്ര സിംഗിനെ പോലീസ് സേനയില്‍നിന്ന് പുറത്താക്കണമെന്ന ആവശ്യമുന്നയിച്ച് ജമ്മു കശ്മീര്‍ പൊലീസ് വകുപ്പ് ആഭ്യന്തര മന്ത്രാലയത്തിന് കത്തെഴുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് പൊലീസ് മെഡല്‍ പിന്‍വലിച്ചിരിക്കുന്നത്.

ദേവേന്ദ്ര സിംഗിനെ രണ്ടു ദിവസം മുന്‍പ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. മാത്രമല്ല ഡിഎസ്പി റാങ്കിലുള്ള ദേവേന്ദ്ര സിംഗിന്‍റെ സ്ഥാനക്കയറ്റത്തിനായുള്ള നടപടികള്‍ മരവിപ്പിച്ചതായും പൊലീസ് അറിയിച്ചിരുന്നു.

കഴിഞ്ഞ ശനിയാഴ്ചയാണ് ഹിസ്‌ബുള്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്കുള്ള കാര്‍ യാത്രക്കിടെ ദേവേന്ദ്ര സിംഗിനെ പൊലീസ് അറസ്റ്റു ചെയ്തത്. ഹിസ്ബുള്‍ മുജാഹിദീന്‍ ഭീകരരായ നവീദ് ബാവ, അല്‍ത്താഫ് എന്നിവര്‍ക്കൊപ്പമാണ് സിംഗ് സഞ്ചരിച്ചത്.

ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞുനിര്‍ത്തി പൊലീസ് നടത്തിയ പരിശോധനയിലാണ് കൂടെയുള്ള ഭീകരരെ തിരിച്ചറിഞ്ഞത്. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ നിന്ന് അഞ്ച് ഗ്രനേഡുകളും പിന്നീട് ദേവേന്ദ്ര സിംഗിന്‍റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ രണ്ട് എകെ-47 റൈഫിളുകളും പൊലീസ് കണ്ടെടുത്തിരുന്നു.

ഡിഎസ്പിക്കൊപ്പം സഞ്ചരിച്ച തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം ആസൂത്രണം ചെയ്തിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

തീവ്രവാദികളെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവേന്ദ്ര സിംഗ് സമ്മതിച്ചതായും ഉന്നത ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയിരുന്നു.

ഭീകരപ്രവര്‍ത്തനങ്ങളിലെ ഇയാളുടെ പങ്കിനെക്കുറിച്ച് കേന്ദ്ര ഇന്റലിജന്‍സ് ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്. 1990 ല്‍ സബ് ഇന്‍സ്പെക്ടറായി പൊലീസില്‍ പ്രവേശിച്ച സിംഗ് നിരവധി ഭീകരവിരുദ്ധ നടപടികളില്‍ പങ്കാളിയായിട്ടുണ്ട്. 

2013 ഫെബ്രുവരി 9 ന് പാര്‍ലമെന്റ് ആക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്സല്‍ ഗുരു അന്നത്തെ കശ്മീര്‍ പൊലീസിലെ സ്പെഷ്യല്‍ ഓപറേഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥനായിരുന്ന ദേവേന്ദ്ര സിംഗാണ് തന്നെ കേസില്‍ കുരുക്കിയതെന്ന് പറഞ്ഞിരുന്നു.  

മാത്രമല്ല തൂക്കിലേറ്റപ്പെടുന്നതിന് മുന്‍പ് അഫ്സല്‍ ഗുരു 2004 ല്‍ എഴുതിയ കത്തില്‍ ദേവേന്ദ്ര സിംഗാണ് പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതികളിലൊരാള്‍ക്ക് ഡല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങളെല്ലാം ചെയ്തു കൊടുക്കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പറഞ്ഞിരുന്നു.

ഇതിനിടയില്‍ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ റിയാസ് നെക്കൂവിനെ വകവരുത്താനുള്ള ദൗത്യത്തിനായിരുന്നു താനെന്ന അവകാശവാദമാണ് ഇപ്പോള്‍ സിംഗ് നടത്തുന്നത്. എന്നാല്‍ ഇതിനെ പിന്തുണയ്ക്കുന്ന ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടില്ല. 

സിംഗിനൊപ്പം പിടിയിലായ ഭീകരര്‍ രണ്ടു ദിവസം അദ്ദേഹത്തിന്‍റെ വസതിയില്‍ ആയിരുന്നു തങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. 

Trending News