ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എന്‍ഡിഎ ഉപേക്ഷിച്ച് അപനാ ദളും എസ്.പി-ബി.എസ്.പി സഖ്യത്തിലേയ്ക്ക്

ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

Last Updated : Jan 9, 2019, 02:04 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ് 2019: എന്‍ഡിഎ ഉപേക്ഷിച്ച് അപനാ ദളും എസ്.പി-ബി.എസ്.പി സഖ്യത്തിലേയ്ക്ക്

ന്യൂഡല്‍ഹി: ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതിനാവശ്യമായ മാജിക് നമ്പര്‍ നേടിയെടുക്കാനുള്ള തന്ത്രങ്ങള്‍ മെനയുന്ന തിരക്കിലാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.

ലോക്സഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ മറ്റു രാഷ്ട്രീയ പാര്‍ട്ടികളുമായി സഖ്യം ചേരാനുള്ള തിരക്കിട്ട തയ്യാറെടുപ്പിലാണ് മിക്ക രാഷ്ട്രീയ പാര്‍ട്ടികളും. 

അതേസമയം, ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആദ്യ സഖ്യ സൂചനകള്‍ പുറത്തു വന്നത് ഉത്തര്‍ പ്രദേശില്‍നിന്നാണ്. മായാവതിയുടെ നേതൃത്വത്തിലുള്ള ബിഎസ്പിയും അഖിലേഷ് യാദവിന്‍റെ നേതൃത്വത്തിലുള്ള എസ്പിയും സഖ്യമായി മത്സരിക്കുമെന്ന കാര്യം ഉറപ്പായി. കൂടാതെ, സംസ്ഥാനത്ത് ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിവരുന്ന 6 സീറ്റുകള്‍ മഹാസഖ്യത്തിന്‍റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം. 

എന്നാല്‍ സഖ്യം വിപുലീകരിക്കുന്നതിന്‍റെ ഭാഗമായി എന്‍ഡിഎയുമായി ഇടഞ്ഞു നില്‍ക്കുന്ന അപനാ ദളിനെ സഖ്യത്തോടൊപ്പം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് അഖിലേഷ് യാദവ്. അനുപ്രിയ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അപനാ ദള്‍ (എസ്) ഒപ്പം കൃഷ്ണാ പട്ടേലിന്‍റെ നേതൃത്വത്തിലുള്ള അപനാ ദളും എസ്പി - ബിഎസ്പി സഖ്യത്തോടൊപ്പം ചേരുമെന്നാണ് ലഭിക്കുന്ന സൂചനകള്‍.  

നിലവില്‍ എസ്പി - ബിഎസ്പി സഖ്യത്തോടൊപ്പം ചേരാതെ ഒറ്റയ്ക്ക് മത്സരിക്കാനുള്ള തീരുമാനത്തിലാണ് കോണ്‍ഗ്രസെന്നാണ് സൂചന. ഇതോടെ കേന്ദ്രത്തില്‍ സര്‍ക്കാര്‍ നിര്‍മ്മിക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്ന സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ ശക്തമായ ത്രികോണ മത്സരം പ്രതീക്ഷിക്കാം. 

 

 

 

Trending News