ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്‌ - ജെ.ഡി.എസ് സീറ്റ് തര്‍ക്കം മുറുകുന്നു

ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ സീറ്റ് തര്‍ക്കം മുറുകുന്നതായി സൂചന. 

Last Updated : Jan 31, 2019, 06:30 PM IST
ലോക്സഭാ തിരഞ്ഞെടുപ്പ്: കോണ്‍ഗ്രസ്‌ - ജെ.ഡി.എസ് സീറ്റ് തര്‍ക്കം മുറുകുന്നു

ബംഗളൂരു: ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ കര്‍ണാടകയില്‍ സഖ്യകക്ഷികളായ കോണ്‍ഗ്രസും ജെ.ഡി.എസും തമ്മില്‍ സീറ്റ് തര്‍ക്കം മുറുകുന്നതായി സൂചന. 

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 12 സീറ്റുകള്‍ വേണമെന്ന ജെ.ഡി.എസിന്‍റെ ആവശ്യമാണ് കര്‍ണാടകയില്‍ തര്‍ക്കത്തിലേക്ക് നയിക്കുന്നത്. 

അതേസമയം, റായ്ചൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകള്‍ക്ക് ആവശ്യമുന്നയിക്കേണ്ടെന്ന് ദള്‍ നിര്‍വാഹകസമിതി യോഗത്തില്‍ തീരുമാനമായെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നുണ്ട്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കാന്‍ തീരുമാനമായെങ്കിലും സിറ്റിംഗ് സീറ്റുകള്‍ വിട്ടുനല്‍കാനാവില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകളായ കോലാറും, തുക്കൂരുവും, ചിക്കബെല്ലാപുരയുമടക്കമാണ് ജെ.ഡി.എസ് ആദ്യം ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇവ വിട്ടുനല്‍കാനാവില്ലെന്ന് കോണ്‍ഗ്രസ്‌ വ്യക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് റായ്ചൂര്‍ ഒഴികെയുള്ള കോണ്‍ഗ്രസിന്‍റെ സിറ്റിംഗ് സീറ്റുകള്‍ ആവശ്യപ്പെടേണ്ടെന്ന തീരുമാനത്തിലേക്ക് ജെ.ഡി.എസ് നീങ്ങുന്നത്.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ 2 സീറ്റ് മാത്രമാണ് ജെ.ഡി.എസ് നേടിയത്. ഇതാണ് അധികം സീറ്റ് നല്‍കുന്നതില്‍നിന്നും കോണ്‍ഗ്രസിനെ പിന്തിരിപ്പിക്കുന്നത്. 

എന്നാല്‍ മൈസൂരുമേഖലയിലുള്ള സ്വാധീനമാണ് ജെ.ഡി.എസിന്‍റെ നേട്ടം. അതേസമയം വടക്കന്‍ കര്‍ണാടകയില്‍ കൂടുതല്‍ സീറ്റുകള്‍  ജെ.ഡി.എസിന് നല്‍കിയേക്കുമെന്നും സൂചനയുണ്ട്. ജെ.ഡി.എസ് ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവഗൗഡയും, ചെറുമക്കളായ നിഖില്‍ കുമാരസ്വാമിയും, പ്രജ്വല്‍ രേവണ്ണയും ഇത്തവണ മത്സരത്തിനിറങ്ങുമെന്നും സൂചനയുണ്ട്. 

 

 

Trending News