ന്യൂഡല്‍ഹി: ലോക്‌സഭ തിരഞ്ഞെടുപ്പ് പുരോഗമിക്കവെ വാരണാസി മണ്ഡലത്തില്‍ കിതച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വാരണാസിയിലെ മൂന്നാം അങ്കത്തില്‍ വെറും 1,52,513 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മോദി ജയിച്ചു കയറിയത്. മോദി 6,12,970 വോട്ടുകള്‍ നേടിയപ്പോള്‍ രണ്ടാം സ്ഥാനത്ത് എത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി അജയ് റായ് 4,60,457 വോട്ടുകള്‍ നേടിയതാണ് മോദി പ്രഭാവത്തിന് തിരിച്ചടിയായത്.
2019ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 4,79,505 വോട്ടുകളുടെ മൃഗീയ ഭൂരിപക്ഷത്തിനായിരുന്നു വാരണാസിയില്‍ നരേന്ദ്ര മോദിയുടെ വിജയം. സമാജ് വാദി പാര്‍ട്ടിയുടെ ശാലിനി യാദവ് ആയിരുന്നു അന്ന് മോദിയുടെ എതിരാളി. ശാലിനി യാദവിന് 1,95,159 വോട്ടുകളാണ് ലഭിച്ചത്. മോദി ആകെ 6,74,664 വോട്ടുകള്‍ നേടുകയും ചെയ്തിരുന്നു. 63.62 ശതമാനം വോട്ടുകളും നേടിയാണ് മോദി അന്ന് കരുത്ത് തെളിയിച്ചത്. ശാലിനി യാദവിന് 18.4 ശതമാനം വോട്ടുകളെ നേടാനായിരുന്നുള്ളൂ.
ALSO READ: കനലുകെടാതെ കാത്ത് രാധാകൃഷ്ണൻ; ആലത്തൂർ തിരിച്ചുപിടിച്ച് എൽഡിഎഫ്
2019ല്‍ ശാലിനി യാദവിന് പുറമെ കോണ്‍ഗ്രസിന് വേണ്ടി അജയ് റായിയും മോദിയ്ക്ക് എതിരെ കളത്തിലിറങ്ങിയിരുന്നു. അന്ന് അജയ് റായ്ക്ക് 1,52,548 വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. 2024ലേയ്ക്ക് എത്തുമ്പോള്‍ എന്‍ഡിഎയ്ക്ക് എതിരെ ഇന്ത്യ സഖ്യം മത്സരിച്ചതും മോദിയുടെ ഭൂരിപക്ഷം കുത്തനെ ഇടിയാന്‍ കാരണമായി. ഇത്തവണ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയ്ക്കും എസ്പി സ്ഥാനാര്‍ത്ഥിയ്ക്കും കൂടി 4,94,223 വോട്ടുകളാണ് ലഭിച്ചത്. മാത്രമല്ല, 2019ല്‍ നോട്ടയ്ക്ക് 4,037 വോട്ടുകളാണ് പോള്‍ ചെയ്തിരുന്നത്. ഇത്തവണ അത് ഇരട്ടിയിലധികമായി (8,478) വര്‍ധിക്കുകയും ചെയ്തു.
ഇത്തവണത്തെ ലോക്സഭ തിരഞ്ഞെടുപ്പിൽ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണിയെ ഇന്ത്യ സഖ്യം അക്ഷരാർത്ഥത്തിൽ വെള്ളം കുടിപ്പിക്കുന്ന കാഴ്ചയാണ് കാണാനായത്. എക്സിറ്റ് പോൾ ഫലങ്ങളെയെല്ലാം കാറ്റിൽ പറത്തിയാണ് ഇന്ത്യ മുന്നണി കരുത്ത് തെളിയിച്ചത്. എൻഡിഎയ്ക്ക് 350ലധികം സീറ്റുകൾ ലഭിക്കുമെന്നായിരുന്നു ഭൂരിഭാഗം എക്സിറ്റ് പോളുകളും പ്രവചിച്ചിരുന്നത്. എൻഡിഎ 400 കടക്കുമെന്നും ബിജെപിയ്ക്ക് ഒറ്റയ്ക്ക് കേവല ഭൂരിപക്ഷം ലഭിക്കുമെന്നും പ്രവചനങ്ങളുണ്ടായിരുന്നു. എന്നാൽ, വേണമെങ്കിൽ സർക്കാർ രൂപീകരിക്കാൻ പോലുമുള്ള സാധ്യത തള്ളിക്കളയാൻ കഴിയാത്ത രീതിയിലാണ് ഇന്ത്യ മുന്നണി ഞെട്ടിച്ചത്. ഉത്തർപ്രദേശിൽ ബിജെപി കോട്ടകൾ ഇളക്കിയെന്ന് മാത്രമല്ല, രാമക്ഷേത്രം വോട്ടുകളിൽ പ്രതിഫലിക്കുമെന്ന ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ കണക്കുകൂട്ടലുകൾ പൂർണമായും തെറ്റുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.