മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍‍' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രിയാണ്: ശിവസേന

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച്‌ ശിവസേന നേതാവ് സഞ്ജയ്‌ റൗത്. മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍ പ്രം മിനിസ്റ്ററല്ല', വിജയിച്ച പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  

Last Updated : Jan 5, 2019, 04:41 PM IST
മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍‍' പ്രധാനമന്ത്രിയല്ല, വിജയിച്ച പ്രധാനമന്ത്രിയാണ്: ശിവസേന

മുംബൈ: മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെ പ്രകീര്‍ത്തിച്ച്‌ ശിവസേന നേതാവ് സഞ്ജയ്‌ റൗത്. മന്‍മോഹന്‍ സിംഗ് 'ആക്‌സിഡന്‍റല്‍ പ്രം മിനിസ്റ്ററല്ല', വിജയിച്ച പ്രധാനമന്ത്രിയാണെന്ന് അദ്ദേഹം പ്രസ്താവിച്ചു.  

ഒരു പ്രധാനമന്ത്രി പത്ത് വര്‍ഷത്തോളം ഒരു രാജ്യം ഭരിക്കണമെങ്കില്‍, അദ്ദേഹത്തെ ജനങ്ങള്‍ ബഹുമാനിക്കണമെങ്കില്‍ അദ്ദേഹത്തെ ആക്‌സിഡന്‍റല്‍ പ്രധാനമന്ത്രിയായി കാണാന്‍ എനിക്കാകില്ല. നരസിംഹ റാവുവിന് ശേഷം രാജ്യം കണ്ട ഏറ്റവും നല്ല പ്രധാനമന്ത്രിയാണ് മന്‍മോഹന്‍ സിംഗ് എന്നും സഞ്ജയ്‌ റൗത് പറഞ്ഞു.

ബി.ജെ.പിയുമായുള്ള എതിര്‍പ്പ് നേരത്തെ പ്രകടിപ്പിച്ച സഞ്ജയ്‌ റൗത്, കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ പിന്തുണച്ച്‌ രംഗത്തെത്തിയിരുന്നു. നേതാവെന്ന നിലയില്‍ രാഹുല്‍ ഗാന്ധിക്ക് കാര്യമായ മാറ്റമുണ്ടെന്നും ആളുകള്‍ രാഹുല്‍ ഗാന്ധി പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്നുണ്ടെന്നും സഞ്ജയ് റൗത് പറഞ്ഞു. 

മന്‍മോഹന്‍ സിംഗിന്‍റെ പ്രധാനമന്ത്രി കാലയളവിനെ ആധാരമാക്കി ഇറങ്ങുന്ന ബോളിവുഡ് ചിത്രം 'ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്ററി'ന്‍റെ പശ്ചാത്തലത്തിലാണ് എം.പിയുടെ പ്രതികരണം. 

ബി.ജെ.പി നേതൃത്വം നല്‍കുന്ന ഭരണമുന്നണിയായ എന്‍ഡിഎ സഖ്യത്തിലെ മുഖ്യ കക്ഷികളില്‍ ഒന്നാണ് ശിവസേന. 

അനുപം ഖേര്‍ നായകനായി എത്തുന്ന ദി ആക്‌സിഡന്‍റല്‍ പ്രൈം മിനിസ്റ്റര്‍ എന്ന ചിത്രത്തിനെതിരെ ഇപ്പോള്‍ നടക്കുന്ന പ്രതിഷേധങ്ങളോട് പ്രതികരിക്കുകയായിരുന്നു റൗത്. മന്‍ മോഹന്‍ സിംഗിനേയും മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയേയും രാഹുല്‍ ഗാന്ധിയേയും മോശമായാണ് ചിത്രത്തില്‍ ചിത്രീകരിക്കുന്നതെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. 

അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ചിത്രം കോണ്‍ഗ്രസിന് ദൂഷ്യമാകുമെന്നും വിലയിരുത്തലുകളുണ്ട്. 

ജനുവരി 11നാണ് ചിത്രം തീയേറ്ററുകളിലെത്തുക.

 

 

Trending News