സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍; ബോഡി ബാഗുകള്‍ ഗോഡൗണിലും

കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ സൈന്യം വാങ്ങിയ ബോഡി ബാഗുകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുമ്പോഴും വീരമൃത്യു വരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നത് കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍. കാര്‍ഗില്‍ യുദ്ധകാലത്തുണ്ടായ ശവപ്പെട്ടി കുംഭകോണത്തില്‍ മുങ്ങിപ്പോയത് ജോര്‍ജ്ജ് ഫര്‍ണാണ്ടസ് എന്ന പ്രതിരോധമന്ത്രി മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി ലഭ്യമാക്കേണ്ട ബോഡി ബാഗുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ കൂടിയാണ്. 

Last Updated : Oct 12, 2017, 01:31 PM IST
സൈനികരുടെ മൃതദേഹം കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍; ബോഡി ബാഗുകള്‍ ഗോഡൗണിലും

ന്യൂഡല്‍ഹി: കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങള്‍ നാട്ടിലെത്തിക്കുന്നതിന് ഇന്ത്യന്‍ സൈന്യം വാങ്ങിയ ബോഡി ബാഗുകള്‍ ഉപയോഗിക്കാതെ കെട്ടിക്കിടക്കുമ്പോഴും വീരമൃത്യു വരിച്ചവരുടെ മൃതദേഹങ്ങള്‍ എത്തിക്കുന്നത് കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍. കാര്‍ഗില്‍ യുദ്ധകാലത്തുണ്ടായ ശവപ്പെട്ടി കുംഭകോണത്തില്‍ മുങ്ങിപ്പോയത് ജോര്‍ജ്ജ് ഫര്‍ണാണ്ടസ് എന്ന പ്രതിരോധമന്ത്രി മാത്രമല്ല, ഇന്ത്യന്‍ സൈന്യത്തിന് അടിയന്തരമായി ലഭ്യമാക്കേണ്ട ബോഡി ബാഗുകള്‍ വാങ്ങുന്നതിനുള്ള കരാര്‍ കൂടിയാണ്. 

സൈന്യത്തിന്‍റെ കാത്തിരിപ്പ് 16 വര്‍ഷം പിന്നിടുമ്പോഴും പഴയ കരാറിന്‍റെ ഭാഗമായി എത്തിയ 900 ബോഡി ബാഗുകളും 150 ശവപ്പെട്ടികളും ഉപയോഗിക്കാന്‍ കഴിയാതെ കെട്ടിക്കിടക്കുകയാണ്. അരുണാചല്‍ പ്രദേശിലെ തവാങില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ച ഏഴു സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടിയില്‍ സൂക്ഷിച്ചത് വിവാദമായതോടെയാണ് വീണ്ടും ബോഡി ബാഗുകള്‍ ചര്‍ച്ചയാകുന്നത്. 

 

 

കാര്‍ഗില്‍ യുദ്ധകാലത്താണ് ബോഡി ബാഗുകളുടെ ആവശ്യം ആദ്യമായി ഇന്ത്യന്‍ സൈന്യം ഉന്നയിച്ചത്. തുടര്‍ന്ന് 1999 ഓഗസ്റ്റ് 2ന് അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ‘ബ്യുട്രോണ്‍ ആന്‍ഡ് ബൈസ’ (Buitron and Baiza) എന്ന കമ്പനിയുമായി ഇന്ത്യ കരാറിലേര്‍പ്പെട്ടു. കരാറിന്‍റെ ആദ്യഘട്ടം എന്ന നിലയില്‍ 3000 ബോഡി ബാഗുകളും 400 ശവപ്പെട്ടികളുമാണ് ഇന്ത്യ ഓര്‍ഡര്‍ നല്‍കിയത്. ഇതില്‍ 900 ബോഡി ബാഗുകളും 150 ശവപ്പെട്ടികളും കമ്പനി നിര്‍മ്മിച്ചു നല്‍കി. എന്നാല്‍ ശവപ്പെട്ടി കുംഭകോണം പുറത്തായതോടെ 2001 ഓഗസ്റ്റില്‍ കരാര്‍ റദ്ദ് ചെയ്തു. അതോടെ നേരത്തെ വിതരണം ചെയ്ത ബോഡി ബാഗുകളും ശവപ്പെട്ടികളും സീല്‍ ചെയ്യപ്പെട്ടു.  

നാല് ലക്ഷം ഡോളറാണ് കരാറിന്‍റെ ഭാഗമായി കമ്പനിക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത്. കരാറില്‍ രാജ്യത്തിന് വലിയ നഷ്ടം സംഭവിച്ചതായി കണ്‍ട്രോളര്‍ ആന്‍റ് ഓഡിറ്റര്‍ ജനറല്‍ പിന്നീട് കണ്ടെത്തി. യഥാര്‍ത്ഥ വിലയേക്കാള്‍ 13 ഇരട്ടി വില അധികമായിരുന്നു കരാറില്‍ രേഖപ്പെടുത്തിയിരുന്നത്. കുംഭകോണത്തെ തുടര്‍ന്ന് അന്നത്തെ പ്രതിരോധമന്ത്രി ജോര്‍ജ്ജ് ഫര്‍ണാണ്ടസ് രാജി വച്ച് അന്വേഷണം നേരിട്ടു. എന്നാല്‍ 2013ല്‍ ജോര്‍ജ്ജ് ഫര്‍ണാണ്ടസിന് സിബിഐ ക്ലീന്‍ ചിറ്റ് നല്‍കി. 2017 മാര്‍ച്ച് 17ന് 1999ലെ കരാര്‍ പ്രകാരം വാങ്ങിയ ബോഡി ബാഗുകളും ശവപ്പെട്ടികളും സൈന്യത്തിന് നല്‍കാന്‍ ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതി വിധി വന്നെങ്കിലും ഇതുവരെയും നടപടി സ്വീകരിച്ചിട്ടില്ല. 

ഇപ്പോഴും ഏറ്റുമുട്ടലുകളിലും അപകടങ്ങളിലും അതിര്‍ത്തികളിലും കൊല്ലപ്പെടുന്ന സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ഡ്ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിക്കപ്പെടുന്നു. അതിര്‍ത്തിയില്‍ കൊല്ലപ്പെടുന്ന വീരജവാന്‍മാരുടെ ജീവനെക്കുറിച്ച് ആവര്‍ത്തിച്ച് അഭിമാനം കൊള്ളുന്ന എന്‍.ഡി.എ സര്‍ക്കാര്‍ ഭരണത്തിലിരിക്കുമ്പോഴാണ് സൈനികരുടെ മൃതദേഹത്തോട് ഇത്തരമൊരു അനാദരവ് തുടരുന്നത്. 

Trending News