പറ്റ്ന: സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരതകള്‍ക്ക് അന്തമില്ല എന്ന് തെളിയിക്കുകയാണ് ഉത്തര്‍ പ്രദേശും ബീഹാറും.
ഇരു സംസ്ഥാനങ്ങളിലും സ്ത്രീകള്‍ക്ക് നേരെയുള്ള ക്രൂരത ആവര്‍ത്തിക്കുകയാണ്. പെണ്‍കുട്ടികളെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിക്കുക, ആസിഡ് ആക്രമണം, ബലാത്സംഗം, തുടങ്ങി നിരവധി സംഭവങ്ങളാണ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
ഉന്നാവോയില്‍ പ്രതികള്‍ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച പെണ്‍കുട്ടിയുടെ അന്ത്യം സംഭവിച്ചു. ബലാത്സംഗ പരാതി പിന്‍വലിക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പ്രതികള്‍ നടത്തിയ ആസിഡ് ആക്രമണത്തില്‍ 30% പൊള്ളലേറ്റ യുവതി മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
അതിന് പിന്നാലെയാണ് ഇപ്പോള്‍ യുവതിയെ തീ കൊളുത്തി കൊല്ലാന്‍ ശ്രമിച്ചതായുള്ള വാര്‍ത്ത ബീഹാറില്‍നിന്നും പുറത്തുവരുന്നത്. 80% പൊള്ളലേറ്റ യുവതിയെ മുസാഫര്‍പൂരിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതി അപകടനില തരണം ചെയ്തിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന അതിലും ദാരുണമാണ്. ബീഹാറില്‍ പ്രായപൂര്‍ത്തിയാകാത്ത കാമുകിയെ കാമുകന് തീകൊളുത്തി കൊല്ലുകയായിരുന്നു. ബീഹാറിലെ ബേഠിയായിലാണ് സംഭവം.
ഇന്നലെയാണ് ഒരുമാസം ഗര്‍ഭിണിയായ പെണ്‍കുട്ടിയെ കാമുകന് തീകൊളുത്തിയത്. 80% ശതമാനത്തോളം പൊള്ളലേറ്റ പെണ്‍കുട്ടി ബേഠിയയിലെ ഒരു ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് വിദഗ്ധ ചികിത്സയ്ക്കായി പറ്റ്നയിലേക്ക് കൊണ്ടുവരുന്നതിനിടെയായിരുന്നു മരണം സംഭവിച്ചത്.
വിവാഹ വാഗ്ദാനം നടത്തി യുവാവ് പെണ്‍കുട്ടിയെ ദുരൂപയോഗം ചെയ്യുകയായിരുന്നെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടി ഗര്‍ഭിണിയാണെന്ന് അറിഞ്ഞതോടെ സുഹൃത്തുക്കളുമായി ചേര്‍ന്ന് ആക്രമിക്കാന്‍ യുവാവ് പദ്ധതിയിടുകയായിരുന്നു. സംഭവ ദിവസം പെണ്‍കുട്ടി വീട്ടില്‍ ഒറ്റയ്ക്കാണെന്ന് അറിഞ്ഞ പ്രതി സുഹൃത്തുക്കളുമായെത്തി മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.
പ്രതിയെ സംഭവ ദിവസംതന്നെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.