കോയമ്പത്തൂര്‍: തമിഴ് നാട് പിടിയ്ക്കാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി BJP...
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഇഡ്ഡലി പുറത്തിറക്കിയിരിയ്ക്കുകയാണ് തമിഴ്‌നാട് ബിജെപി നേതാവ്. പത്ത് രൂപയ്ക്ക് നാല് 'മോദി ഇഡ്ഡലി' (Modi Idli)യും സാമ്പാറുമാണ് വില്‍ക്കുന്നത്. സേലത്താണ് ആദ്യ ഘട്ട വില്പന കേന്ദ്രം ആരംഭിക്കുക.
പൊതുജനങ്ങള്‍ക്ക് ന്യായവിലയില്‍ ഭക്ഷണം ലഭ്യമാക്കാനുള്ള പദ്ധതിയുടെ ഭാഗമാണിതെന്ന് തമിഴ്‌നാട് (Tamil Nadu) ബിജെപി (BJP) പ്രചാരണ വിഭാഗം നേതാവ് മഹേഷ് പറയുന്നു. അടുത്തയാഴ്ചയോടെ വില്പന കേന്ദ്രം പ്രവര്‍ത്തനമാരംഭിക്കും.
ഇതിനോട് അനുബന്ധിച്ച് മോദിയുടെയും മഹേഷിന്റെയും ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയ കൂറ്റന്‍ ഫ്ളക്സ്ബോര്‍ഡുകള്‍ നഗരത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സ്ഥാപിച്ചുകഴിഞ്ഞു. താമരവീരന് മഹേഷ് പുറത്തിറക്കുന്ന മോദി ഇഡ്ഡലി, സാമ്പാര്‍ ഉള്‍പ്പെടെ നാലെണ്ണത്തിനു പത്തുരൂപ എന്നാണു ബോര്‍ഡുകളില്‍ പറയുന്നത്. പ്രതിദിനം 40,000 ഇഡ്ഡലികള്‍ വില്‍ക്കാനാണ് BJP നേതാവ് മഹേഷ് പദ്ധതിയിടുന്നത്.
പോസ്റ്ററുകള്‍ക്ക് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. ആധുനിക അടുക്കളയില്‍ തയ്യാറാക്കി കൂടുതല്‍ ആരോഗ്യപരവും, രുചികരവുമായ ഇഡ്ഡലിയും സാമ്പാറും മോദി ഇഡ്ഡലിയിലൂടെ ഉടന്‍ ലഭ്യമാകുമെന്നാണ് പോസ്റ്ററില്‍ അവകാശപ്പെടുന്നത്.
തമിഴ് നാട് മുഖ്യമന്ത്രി കെ. പളനിസ്വാമിയുടെ സ്വദേശമാണു സേലം....!! അതിനാലാണ് സേലത്തുനിന്നും പദ്ധതിയുടെ തുടക്കം എന്നാണ് റിപ്പോര്‍ട്ട്.
തമിഴ് നാട്ടിലെ മറ്റ് 22 ഇടങ്ങളില്‍കൂടി ഇത്തരത്തില്‍ ഇഡ്ഡലി വില്‍പ്പന ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നു ബിജെപി തമിഴ് നാട് സെക്രട്ടറി ഭരത് ആര്. ബാലസുബ്രഹ്മണ്യം പറഞ്ഞു. ഇതിന്റെ വിജയത്തിന്റെ അടിസ്ഥാനത്തില്‍ മറ്റിടങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കാനാണു പാര്‍ട്ടിയുടെ പദ്ധതിയെന്നാണ് സൂചന.