എതിരാളിയെ കാലിൽ ഉയർത്തി കറക്കി കളത്തിന് പുറത്ത് എറിയുന്ന ശൈലി; മുലായം ഇന്ത്യൻ രാഷ്ട്രീയത്തിൽ

നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പ്രസംഗത്തിൽ തുറന്നടിച്ചു, വിവാദത്തിന് വെടിപൊട്ടി

Written by - ടി.പി പ്രശാന്ത് | Edited by - M.Arun | Last Updated : Oct 10, 2022, 03:57 PM IST
  • കർട്ടനുപിന്നിലായിരുന്നെങ്കിലും വിവാദം നിറഞ്ഞ നിരവധി പ്രസ്താവനങ്ങളുമായി മുലായം കളം നിറഞ്ഞുനിന്നു
  • 1990 മുതൽ കടുത്ത ആർഎസ്എസ് വിരോധിയും വിമർശകനുമായിരുന്നു
  • ന്യൂനപക്ഷ സംരംക്ഷണകനായ മുലായം സിംഗിനെ ബിജെപി 'മുല്ല മുലായം' എന്നാണ് വിശേഷിപ്പിച്ചിരുന്നു
എതിരാളിയെ  കാലിൽ ഉയർത്തി കറക്കി കളത്തിന് പുറത്ത് എറിയുന്ന ശൈലി; മുലായം ഇന്ത്യൻ രാഷ്ട്രീയത്തിൽ

ശക്തി, വഴക്കം , സ്ഥിരത എന്നീ മൂന്നു ഗുണങ്ങളാണ് ഒരു ഗുസ്തിക്കാരന്റെ വിജയത്തിന് പിന്നിലെ പ്രധാന ഘടകം. ഇന്ത്യൻ രാഷ്ട്രീയ ഗോദയിലെ സോഷ്യലിസ്റ്റ് ഫയൽ വാനായ മുലായം സിംഗിന്റെ വിജയത്തിനും പിന്നിലും ഈ മൂന്നുഘടകങ്ങളുടെയും സംയോജനമുണ്ട്. മെയ്ൻപുരിയിലെ ഗുസ്തിക്കളത്തിൽ ഇന്നും ഗ്രേറ്റ് ഇന്ത്യൻ രാഷ്ട്രീയസർക്കസിലേക്ക് ചുവടുമാറ്റിയ മുലായം,കിട്ടിയ അവസരങ്ങളിലെല്ലാം എതിരാളിയെ കാലിൽ നിന്ന് ഉയർത്തി ചുറ്റും കറക്കി ഗ്രൗണ്ടിലേക്ക് എറിയുന്നതിന് ഒട്ടും മടി കാണിച്ചിട്ടില്ല.

ഒപ്പം എതിരാളികൾക്ക് പിടികൊടുത്തിട്ടുമില്ല. ഇന്ത്യൻ രാഷ്ട്രീയത്തിൽ എങ്ങനെ അതിജീവിക്കാമെന്നുള്ള പഠനമാണ്  ദേശീയ രാഷ്ട്രീയത്തിന്‍റെ അന്തരീക്ഷ മാപിനിയായ ഉത്തർപ്രദേശിൽ നിന്നും ഉയർന്നുവന്ന മുലായം സിംഗിന്റെ ജീവിതം.ഉത്തർപ്രദേശിലെ പ്രാദേശികതയെ മറികടന്നാണ് മുലായം സിംഗ് എന്ന സോഷ്യലിസ്റ്റ് നേതാവ് ഇന്ത്യൻ രാഷ്ട്രീയത്തിലെ ഏറ്റവും നിർണായക ഘടകങ്ങളിലൊന്നായി മാറിയത്. 

Mulayam

ഗുസ്തിക്കാരനിൽ നിന്ന് രാഷ്ട്രീയക്കാരനായി മാറിയതുകൊണ്ടാകാം എപ്പോഴും എതിരാളികളെ  കാലിൽ നിന്ന് ഉയർത്തി ചുറ്റും കറക്കി ഗ്രൗണ്ടിലേക്ക് എറിയുന്ന ശൈലി അദ്ദേഹത്തിനുണ്ട്.  ഒപ്പം തന്റെ എതിരാളികൾക്ക് അത് ഉപയോഗിക്കാനുള്ള അവസരം ഒരിക്കലും  മുലായം നൽകിയിട്ടുമില്ല. ആഗ്ര സർവകലാശാലയിൽ നന്ന് രാഷ്ട്രമീമാംസയിൽ നേടിയ അവഗാഹമായിരിക്കാം വ്യത്യസ്തവും പ്രയാസകരവുമായ ഹിന്ദി ഹൃദയ ഭൂമിയിലുടെ സഞ്ചരിക്കാൻ മുലായമിനെ സഹായിച്ചതെന്നും കരുതാം. 

സ്വാതന്ത്രസമരസേനാനിയും അടിച്ചമർത്തപ്പെട്ടവരുടെ മുഖവുമായ  രാം മനോഹർ ലോഹ്യയുടെ പ്രത്യയശാസ്ത്രത്തിൽ മുലായം സിംഗ് യാദവ് ആകൃഷ്ടനായി. താഴ്ന്ന ജാതിക്കാരായ ഹിന്ദുക്കളുടെയും ന്യൂനപക്ഷ മുസ്ലീം ജനതയുടെയും അവകാശങ്ങൾക്കായി നിലകൊണ്ടു. 1967ൽ  ജസ്വന്ത്നഗറിൽ നിന്ന് സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയുടെ എംഎൽഎ ആയി തുടങ്ങിയ രാഷ്ട്രീയ സഞ്ചാരം മുലായം സിംഗിനെ ഇന്ത്യയുടെ പ്രതിരോധമന്ത്രിയും മൂന്ന് തവണ യുപിയുടെ മുഖ്യമന്ത്രിയുമാക്കി.

2022 ഒക്ടോബർ 10ന് ആ ജീവശ്വാസം നിലയ്ക്കുമ്പോൾ ഇന്ത്യൻ രാഷ്ട്രീയത്തിലെ സോഷ്യലിസ്റ്റ് അതികായനായും യുപിയിലെ ജനങ്ങളുടെ നേതാജിയുമായി മുലായം സിംഗ് മാറിയെന്നതാണ് പ്രസക്തം.ജാതി രാഷ്ട്രീയത്തിന്റെ പടവുകൾ കയറിയാണ് മുലായംസിംഗ് രാഷ്ട്രീയ തേരോട്ടം നടത്തിയത്. അടിയന്തരാവസ്ഥക്കാലത്ത് 19 മാസത്തെ ജയിൽ ശിക്ഷയ്ക്ക് ശേഷം 1977-ൽ ആദ്യ കോൺഗ്രസ് ഇതര സർക്കാരായി ജനതാദൾ അധികാരത്തിൽ വന്നപ്പോൾ മുലായം സഹമന്ത്രിയായി നിയമിതനായി.

Mulayam

ഈ മന്ത്രിസ്ഥാനം പിന്നീടുള്ള രാഷ്ട്രീയ ജീവിതത്തെ മാറ്റിമറിച്ച നിർണായക നിമിഷമായിരുന്നു . സംസ്ഥാന മന്ത്രിയെന്ന നിലയിൽ സഹകരണ സ്ഥാപനങ്ങളിൽ പട്ടികജാതിക്കാർക്കായി സീറ്റ് സംവരണം ചെയ്തു. അതോടെപിന്നോക്ക ജാതി സമുദായങ്ങളുടെ മിശിഹയായി മുലായം മാറി. മണ്ഡലാനന്തര കാലഘട്ടത്തിൽ രാഷ്ട്രീയ പടവുകൾ കയറുന്നതിനുള്ള പ്രധാന സമവാക്യം ജാതിയാണെന്ന്  കണ്ടെത്തി മുലായം സിംഗ് ബുദ്ധിപൂർവ്വം മെയ് വഴക്കത്തോടെ അത് ഏറ്റവും മികച്ച രീതിയിൽ ഉപയോഗിച്ചു. തന്റെ രാഷ്ട്രീയ അഭിലാഷങ്ങൾ നിറവേറ്റി. 

1989ൽ കോൺഗ്രസ് പിന്തുണയോടെ യുപിയിൽ ജനതാദൾ അധികാരത്തിലെത്തിയപ്പോൾ സോഷ്യലിസ്റ്റ് പ്രത്യയശാസ്ത്രവും അധഃസ്ഥിതരുടെ ഇടയിലെ സ്വാധീനം മുലായത്തെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കി മാറ്റി. മതേതരത്വം സംരക്ഷിക്കാൻ കർക്കശമായ നിലപാടുകൾ സ്വീകരിച്ചു. അയോധ്യയിലെ തർക്കഭൂമിയുമായി ബന്ധപ്പെട്ട വിഷയത്തിൽ കർസേവകർക്കെതിരെ വെടിയുതിർക്കാൻ ഉത്തരവിട്ടു. അത് കാവി രാഷ്ട്രീയത്തെ രോക്ഷകുലരാക്കി. സർക്കാരിന് പുറമെ നിന്നുള്ള പിന്തുണ ബിജെപി പിൻവലിച്ചു. പക്ഷെ കോൺഗ്രസ് സഹായത്തോടെ ഭരണം മുന്നോട്ടുപോയെങ്കിലും അധികം ആയുസുണ്ടായില്ല. 

ബീഹാറിൽ ലാലുപ്രസാദ് യാദവിന്റെ സമവാക്യത്തിന് അനുയോജ്യമായി യുപിയിൽ മുസ്ലീം-യാദവ വോട്ടർമാരെ പിടിച്ചുനിർത്താനുള്ള മുലായത്തിന്റെ ശ്രമങ്ങളാണ് 1992-ൽ സമാജ്‌വാദി പാർട്ടിയുടെ രൂപീകരണത്തിന് വഴിയൊരുക്കിയത്. മായാവതിയുടെ ബിഎസ്പിയും ഒപ്പം ചേർന്നതോടെ മുലായം മുഖ്യമന്ത്രിയായി. പിന്നീട് 1995ൽ മായാവതി പിണങ്ങി ബിജെപിക്ക് ഒപ്പം പോയി. 

അതിനിടെ 1996ൽ ഐക്യമുന്നണി സർക്കാർ ഇന്ത്യയിൽ അധികാരത്തിലെത്തിയപ്പോൾ ഇന്ദ്രപ്രസ്ഥത്തിന്റെ ഇടനാഴികളിൽ പ്രധാനമന്ത്രി പദത്തിലേക്ക് ജ്യോതിബസുവിനൊപ്പം ഉയർന്നുകേട്ട മറ്റൊരു പേരായി മുലായം. പക്ഷെ ലാലു പ്രസാദ് യാദവ് ഇടഞ്ഞതോടെ ദേവഗൗഡ സർക്കാരിൽ മുലായത്തിന് പ്രതിരോധ മന്ത്രിയായി ഒതുങ്ങി. സർക്കാർ നിലംപതിക്കുംവരെ മന്ത്രിയായി തുടർന്നു.

പിന്നീട് ആദ്യ എൻഡിഎ സർക്കാർ രാജ്യത്ത് അധികാരത്തിൽ എത്തി. മായാവതിയുടെ ഉറച്ച ദലിത് രാഷ്ട്രീയവും കുറ്റകൃത്യങ്ങളിലും അഴിമതികളിലും സമാജ് വാദി പാർട്ടി നേതാക്കൾക്കുള്ള പങ്കും ആരോപിച്ച്  മുലായത്തെ ലക്ഷ്യം വച്ചുള്ള നീക്കങ്ങൾ അദ്ദേഹത്തിന്റെ രാഷ്ട്രീയ സാധ്യതകളെ തകിടം മറിച്ചു. എങ്കിലും 2012ൽ എസ് പി വീണ്ടും യുപിയിൽ കൊടിനാട്ടി. മുലായം മകൻ അഖിലേഷ് യാദവിനെ ഉത്തർപ്രദേശ് മുഖ്യമന്ത്രിയാക്കി. അന്നുമുതൽ കർട്ടനുപിന്നിലേക്ക് മുലായം മാറി  പ്രവർത്തിച്ചു.

Mulayam

കർട്ടനുപിന്നിലായിരുന്നെങ്കിലും വിവാദം നിറഞ്ഞ നിരവധി പ്രസ്താവനങ്ങളുമായി മുലായം കളം നിറഞ്ഞുനിന്നു. 1990 മുതൽ കടുത്ത ആർഎസ്എസ് വിരോധിയും വിമർശകനുമായിരുന്ന മുലായം 2021ൽ ആർഎസ്എസ് മേധാവി മോഹൻ ഭാഗവതുമായി ഒപ്പമിരിക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിൽ കൊടുങ്കാറ്റായി.2021 ൽ അന്നത്തെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു വിളിച്ച ഒരു പരിപാടിയിലായിരുന്നു അത്. നിരവധി ഉഹാപോഹങ്ങൾ പ്രചരിച്ചു. പക്ഷെ എതിരാളികൾക്ക് ചെളിവാരിയെറിയാനുള്ള അവസരം അദ്ദേഹം അവശേഷിപ്പിച്ചില്ല. 

മുസ്ലീം ന്യൂനപക്ഷ സംരംക്ഷണകനായ മുലായം സിംഗിനെ ബിജെപി 'മുല്ല മുലായം' എന്നാണ് വിശേഷിപ്പിച്ചിരുന്നു. അദ്ദേഹം എല്ലാവരെയും അത്ഭുതപ്പെടുത്തി 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുമ്പുള്ള പാർലമെന്റിന്റെ സമാപന സമ്മേളനത്തിൽ, പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് തുറന്നടിച്ചു. പ്രസ്താവന കടുത്ത വിമർശനത്തിന് ഇടയാക്കി.മുസ്‌ലിംകൾക്കിടയിലെ മുലായത്തിന്റെ മതേതര സ്വീകാര്യതയെക്കുറിച്ചുള്ള ചോദ്യങ്ങളും ഉയർന്നിരുന്നു.

ഈ സംഭവങ്ങൾ സമാജ് വാദി സ്ഥാപകൻ മുലായംസിംഗിനെ ഇന്ത്യൻ രാഷ്ട്രീയത്തിലെ സ്ഥിരതയും കരുത്തും വർണാഭമായ ഒരു കഥാപാത്രവുമാക്കി മാറ്റുകയാണ് എന്നതാണ് യാഥാർത്ഥ്യം.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News