ന്യൂഡൽഹി: 10 മാസത്തോളം നീണ്ട ജയിൽവാസത്തിന് ശേഷം കോൺഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ദു പുറത്തിറങ്ങി. ഉച്ചയോടെ അദ്ദേഹം ജയിൽ മോചിതനാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നടപടിക്രമങ്ങൾ ഏതാനും മണിക്കൂറുകൾ വൈകിയാണ് പൂർത്തിയായത്. പട്യാല സെൻട്രൽ ജയിലിൽ നിന്ന് പുറത്തിറങ്ങിയ സിദ്ദുവിനെ സ്വീകരിക്കാൻ അനുയായികളും കോൺഗ്രസ് നേതാക്കളും ജയിലിന് പുറത്ത് തടിച്ചുകൂടിയിരുന്നു.
തൻറെ പിതാവ് ജയിലിന് പുറത്തിറങ്ങുന്നത് കാണാനായി കാത്തിരിക്കുകയായിരുന്നുവെന്നും തൻറെ കുടുംബം വലിയ പ്രതിസന്ധി ഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്നും സിദ്ദുവിന്റെ മകൻ കരൺ സിദ്ധു മാധ്യമങ്ങളോട് പറഞ്ഞു. പട്യാല നഗരത്തിൽ നവജ്യോത് സിദ്ദുവിനെ സ്വാഗതം ചെയ്യുന്നതിനായി നിരവധി പോസ്റ്ററുകളാണ് പ്രവർത്തകർ സ്ഥാപിച്ചത്. നീല കുർത്തയും തലപ്പാവും ധരിച്ച് കയ്യിൽ ഒരു പുസ്തകവുമായാണ് 59കാരനായ സിദ്ദു ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. 'നവജ്യോത് സിദ്ദു സിന്ദാബാദ്' വിളികളോടെയാണ് അനുയായികൾ അദ്ദേഹത്തെ സ്വീകരിച്ചത്.
ALSO READ: സിബിഐയുടെ വാദം അംഗീകരിച്ചു, മദ്യനയ കേസിൽ മനീഷ് സിസോദിയക്ക് ജാമ്യമില്ല
1988 ഡിസംബർ 27ന് പാർക്കിംഗിനെ ചൊല്ലിയുള്ള തർക്കത്തെയും അടിപിടിയെയും തുടർന്ന് ഒരാൾ കൊല്ലപ്പെട്ട കേസിലാണ് സിദ്ദുവിനെ സുപ്രീം കോടതി ഒരു വർഷത്തേയ്ക്ക് തടവിന് ശിക്ഷിച്ചത്. ജയിലിലെ നല്ല നടപ്പിൻറെ ഭാഗമായാണ് സിദ്ദുവിനെ നേരത്തെ ജയിൽ മോചിതനാക്കിയതെന്ന് അദ്ദേഹത്തിൻറെ അഭിഭാഷകൻ പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്തു.
മെയ് 16നായിരുന്നു സിദ്ദു ജയിൽ മോചിതനാകേണ്ടിയിരുന്നത്. നല്ല നടപ്പ് പരിഗണിച്ചാണ് അദ്ദേഹത്തെ 45 ദിവസം നേരത്തെ വിട്ടയച്ചത്. ജയിലിൽ നല്ല പെരുമാറ്റം പാലിക്കുന്ന കുറ്റവാളിക്ക് ജയിലിൽ ചെലവഴിക്കുന്ന എല്ലാ മാസവും അഞ്ച് ദിവസത്തെ ഇളവ് ലഭിക്കാൻ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
2022 മെയ് 20-നാണ് സിദ്ദുവിൻറെ ജയിൽവാസം ആരംഭിച്ചത്. ജലന്ധറിൽ ലോക്സഭ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിന് ഏതാനും ആഴ്ചകൾക്ക് മുമ്പാണ് സിദ്ദു ജയിൽ മോചിതനാകുന്നത്. മെയ് 10നാണ് ജലന്ധറിൽ ഉപതിരഞ്ഞെടുപ്പ് നടക്കുക. രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്രയ്ക്കിടെ കോൺഗ്രസ് എംപി സന്തോഷ് സിംഗ് ചൌധരി അന്തരിച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...