കാര്‍ത്തിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. 

Last Updated : Mar 12, 2018, 03:37 PM IST
കാര്‍ത്തിയുടെ ജാമ്യാപേക്ഷ വീണ്ടും തള്ളി; ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: ഐ.എന്‍.എക്സ് മീഡിയ കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ജാമ്യാപേക്ഷ വീണ്ടും തള്ളി. കാര്‍ത്തി ചിദംബരത്തെ രണ്ടാഴ്ചത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ കോടതി ഉത്തരവിട്ടു. ഡല്‍ഹിയിലെ പട്യാല ഹൗസ് കോടതിയുടെയതാണ് ഉത്തരവ്. 

നേരത്തെ, മാര്‍ച്ച് 12 വരെ കസ്റ്റഡിയില്‍ വയ്ക്കാന്‍ സിബിഐയ്ക്ക് കോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ കാര്‍ത്തി ചിദംബരത്തിന്‍റെ ഇടപെടലിനെ സാധൂകരിക്കുന്ന കൂടുതല്‍ രേഖകള്‍ ലഭ്യമായിട്ടുണ്ടെന്ന സിബിഐയുടെ വാദം പരിഗണിച്ചാണ് കസ്റ്റഡിയില്‍ വിടാന്‍ കോടതി അനുമതി നല്‍കിയത്. കേസിലെ മറ്റൊരു പ്രതിയായ കാര്‍ത്തി ചിദംബരത്തിന്‍റെ ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഭാസ്കരരാമന്‍റെ സാന്നിധ്യത്തില്‍ കാര്‍ത്തിയെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്‍റെ തീരുമാനം. 

ഫെബ്രുവരി 16ന് ഭാസ്കരരാമനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു. മാര്‍ച്ച് 22 വരെ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടിരുന്നു. ഫെബ്രുവരി 28നാണ് കാര്‍ത്തി ചിദംബരത്തെ ചെന്നൈ എയര്‍പോര്‍ട്ടില്‍ നിന്ന് കസ്റ്റഡിയില്‍ എടുക്കുന്നത്. 

അന്വേഷണസംഘവുമായി കാര്‍ത്തി ചിദംബരം സഹകരിക്കുന്നില്ലെന്നാണ് സിബിഐ വാദം. ഇക്കാര്യം മുന്‍ നിറുത്തി കാര്‍ത്തി ചിദംബരത്തെ നാര്‍ക്കോ ടെസ്റ്റിന് വിധേയനാക്കാന്‍ അനുമതി തേടി സിബിഐ കോടതിയെ സമീപിച്ചിട്ടുണ്ട്. കാര്‍ത്തി ചിദംബരത്തിന്‍റെയും ചാര്‍ട്ടേഡ് അക്കൗണ്ടന്‍റ് ഭാസ്കരരാമന്‍റെയും ഹര്‍ജി മാര്‍ച്ച് 15ന് കോടതി വീണ്ടും പരിഗണിക്കും. 

അതേസമയം, കാ‍‍‍‍ർത്തി ചിദംബരത്തെ ഈ മാസം 20 വരെ അറസ്റ്റ് ചെയ്യരുതെന്ന് എൻഫോഴ്സമെന്‍റ് ഡയറക്ടറേറ്റിന് ഡല്‍ഹി ഹൈക്കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. 

Trending News