ഭോപ്പാൽ: മൊബൈൽ ഗെയിമിംഗ് ആപ്ലിക്കേഷനുകൾ നിയന്ത്രിക്കാൻ സംസ്ഥാന സർക്കാർ നിയമം കൊണ്ടുവരുമെന്ന് മധ്യപ്രദേശ് മന്ത്രി നരോത്തം മിശ്ര. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുന്ന സാഹചര്യത്തിലാണ് സർക്കാരിന്റെ തീരുമാനം. കുട്ടികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും തുടർന്നുണ്ടാകുന്ന ആത്മഹത്യയും വർധിക്കുന്നത് കണക്കിലെടുത്താണ് തീരുമാനം.
കഴിഞ്ഞ ദിവസം ഫ്രീ ഫയർ ഗെയിം കളിക്കുന്നതിനിടെ പതിനൊന്നുകാരൻ ആത്മഹത്യ ചെയ്തിരുന്നു. ഇത്തരം ദാരുണമായ സംഭവത്തിന് കാരണമായ ഫ്രീ ഫയർ ഗെയിം വളരെ ഗുരുതരമായ ഒരു പ്രശ്നമാണ്. ഓൺലൈൻ ഗെയിമിംഗ് നിയന്ത്രിക്കാൻ മധ്യപ്രദേശിൽ നിയമം കൊണ്ടുവരും. അതിനുള്ള കരട് തയ്യാറായി. ഉടൻ തന്നെ അന്തിമ രൂപം നൽകുമെന്ന് മന്ത്രി വ്യക്തമാക്കി.
ഭോപ്പാലിലെ ശങ്കരാചാര്യ നഗറിലെ വീട്ടിൽ ബന്ധുവിനൊപ്പം ഗെയിം കളിക്കുന്നതിനിടെയാണ് സൂര്യൻഷ് ഓജ എന്ന പതിനൊന്ന് വയസുകാരൻ ആത്മഹത്യ ചെയ്തത്. കസിൻ പുറത്തിറങ്ങിയപ്പോൾ മുറിയിൽ പഞ്ചിംഗ് ബാഗ് സ്ഥാപിക്കാൻ കരുതിയിരുന്ന കയർ ഉപയോഗിച്ച് കുട്ടി തൂങ്ങിമരിക്കുകയായിരുന്നു. കുട്ടി ഓൺലൈൻ ഗെയിമിന് അടിമയായിരുന്നുവെന്ന് അഡീഷണൽ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ അങ്കിത് ജയ്‌സ്വാൾ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...