ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്‍റെ നിര്‍ദേശപ്രകാരം പാന്‍ നമ്പറും ആധാര്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിച്ചത് 14 കോടി ഉപയോക്താക്കള്‍ മാത്രമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് 33 കോടിയോളം പേര്‍ക്കാണ് പാന്‍ കാര്‍ഡുള്ളത്. 115 കോടി ഇന്ത്യാക്കാര്‍ ആധാര്‍ കാര്‍ഡ് എടുത്തിട്ടുണ്ടെന്നാണ് വിവരം.
പകുതിയിലധികം പേര്‍ ഇനിയും പാന്‍ നമ്പറും ആധാര്‍ കാര്‍ഡും ബന്ധിപ്പിച്ചിട്ടില്ല. ഇത് പരിഗണിച്ചാണ് വിവരങ്ങള്‍ ബന്ധിപ്പിക്കാനുള്ള കാലാവധി മാര്‍ച്ച് 31 വരെ നീട്ടിയത്.
ആദായ നികുതി ഫയല്‍ ചെയ്യുന്നതിന് ആധാര്‍ നമ്പര്‍ നിര്‍ബന്ധമാക്കിക്കൊണ്ട് ജൂലായ് ഒന്നിനായിരുന്നു നിര്‍ദേശമിറങ്ങിയത്. എന്നാല്‍ സുപ്രീംകോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ചില ഇളവുകള്‍ അനുവദിച്ചിരുന്നു.
ആധാറുമായി മറ്റ് വിവരങ്ങള്‍ ബന്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട നിരവധി ഹര്‍ജികള്‍ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധിയാകുന്നത് വരെ കടുത്ത നിര്‍ദേശങ്ങളുമായി കേന്ദ്രത്തിന് മുന്നോട്ട് പോകാനാവില്ല. നിലിവില്‍, ഇത്തരം വിവരങ്ങള്‍ ബന്ധിപ്പിച്ചിരിക്കുന്നത് 33 ശതമാനം ഉപയോക്താക്കള്‍ മാത്രമാണ്. ആധാറുമായി ബന്ധപ്പെട്ട് പല തരത്തിലുള്ള സാമ്പത്തിക തട്ടിപ്പുകള്‍ പുറത്തു വരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശപ്രകാരം വിവരങ്ങള്‍ ബന്ധിപ്പിക്കാന്‍ പലരും മടിക്കുന്നു.