മമതയ്ക്ക് പിന്തുണ നല്‍കുന്ന പ്രതിപക്ഷ നിരയില്‍ ശിവസേനയും!!

റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ. 

Last Updated : Feb 4, 2019, 03:58 PM IST
മമതയ്ക്ക് പിന്തുണ നല്‍കുന്ന പ്രതിപക്ഷ നിരയില്‍ ശിവസേനയും!!

കൊല്‍കത്ത: റെയ്ഡിനെത്തിയ സി.ബി.ഐ ഉദ്യോഗസ്ഥരെ പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെ മോദിക്കെതിരെ ധര്‍ണ്ണ നടത്തുന്ന പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ നേതാക്കൾ. 

മോദിയും ബി.ജെ.പിയും രാജ്യത്തെ ഭരണഘടനാ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധീശത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നതിന്‍റെ ഒടുവിലത്തെ ഉദാഹരണമാണ് ബംഗാളിലെ സംഭവവികാസങ്ങളെന്ന് രാഹുല്‍ പറഞ്ഞു. ‘മമതാ ബാനര്‍ജിയുമായി സംസാരിച്ചിരുന്നു. എല്ലാ പിന്തുണയും വാഗ്ദാനം ചെയ്തിട്ടുണ്ട്. പ്രതിപക്ഷ കക്ഷികളെല്ലാം ഈ ഫാസിസ്റ്റ് നടപടിക്കെതിരെ അവരോടൊപ്പം നില്‍ക്കും’- രാഹുല്‍ ട്വീറ്റ് ചെയ്തു.

അന്വേഷണ ഏജൻസികളെ രാഷ്ട്രീയ വേട്ടയാടലിനായി മോദി സർക്കാർ ഉപയോഗിക്കുകയാണെന്ന് കോൺഗ്രസ് നേതാക്കൾ പ്രതികരിച്ചു. മമത ബാനർജിക്ക് പിന്തുണയുമായി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാൾ, ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു, സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവ്, തുടങ്ങിയവർ രംഗത്തെത്തി.

കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പിന്തുണ വാഗ്ദാനം ചെയ്തതിന് പിന്നാലെ എച്ച്.ഡി ദേവഗൗഡ, മായാവതി, എം.കെ സ്റ്റാലിന്‍, ശരദ് പവാര്‍, ലാലുപ്രസാദ് യാദവ്, ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി, യശ്വന്ത് സിന്‍ഹ, ഹേമന്ദ് സോറണ്‍, ഹാര്‍ദിക് പട്ടേല്‍, അഭിഷേക് മനു സിംഗ്വി, ശരദ് യാദവ്, ജിഗ്‌നേഷ് മേവാനി തുടങ്ങിയവര്‍ മമതാ ബാനര്‍ജിയ്ക്ക് പിന്തുണ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. കൂടാതെ, ബിജു ജനതാദളും സിബിഐ നീക്കം സംശയാസ്പദം എന്ന് പ്രതികരിച്ചു. 

അതേസമയം, മമതയുടെ ധര്‍ണ്ണയ്ക്ക് പിന്തുണയുമായി ശിവസേനയും എത്തി. പശ്ചിമ ബംഗാള്‍ പോലെയുള്ള വലിയ ഒരു സംസ്ഥാനത്തെ മുഖ്യമന്ത്രി ധര്‍ണ്ണ നടത്തുക എന്ന് പറഞ്ഞാല്‍ അത് ഗൗരവമേറിയ കാര്യമാണ്. ഈ പ്രശ്നം സി.ബി.ഐയും മമത ബാനർജിയും തമ്മിലാണോ അതോ, മമത ബാനർജിയും ബി.ജെ.പിയും തമ്മിലാണോ എന്ന് പിന്നീടറിയാം എന്നും ശിവസേന നേതാവ് സഞ്ജയ്‌ റൗത് പറഞ്ഞു. അഥവാ കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐയെ ദുരുപയോഗം ചെയ്യുന്നുവെങ്കില്‍ അത് ഗുരുതരമായ വിഷയമാണ്‌ എന്ന് അദ്ദേഹം പറഞ്ഞു. 

അതേസമയം, വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സി.ബി.ഐയുടെ ചുമതലയുള്ള എം. നാഗേശ്വരറാവു പ്രതികരിച്ചു. സി.ബി.ഐ അന്വേഷണത്തെ തടസ്സപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അവകാശമില്ലെന്നും മമത ബാർജിയുടെ നടപടി ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധമാണെന്ന് ബി.ജെ.പി പ്രതികരിച്ചു.

ശാരദ ചിട്ടിതട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് പൊലീസ് കമ്മീഷണര്‍ രാജീവ്‌ കുമാറിന്‍റെ മൊഴിയെടുക്കാന്‍ അനുമതി നേടിയ സി.ബി.ഐ ഉദ്യോഗസ്ഥര്‍ കമ്മീഷണറുടെ ഔദ്യോഗിക വസതിയില്‍ എത്തിയപ്പോഴാണ് കൊല്‍ക്കത്ത പൊലീസ് ഇവരെ തടഞ്ഞത്. കമ്മീഷണറുടെ ഓഫീസിന് മുന്നില്‍ വച്ചു തന്നെ അഞ്ചോളം സി.ബി.ഐ ഉദ്യോഗസ്ഥരെ തടഞ്ഞ കൊല്‍ക്കത്ത പൊലീസ് ഇവരെ സമീപത്തുള്ള പൊലീസ് സ്റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. ഇതിന് പിന്നാലെ പത്തോളം സി.ബി.ഐ ഉദ്യോഗസ്ഥര്‍ കൂടി കമ്മിഷണര്‍ ഓഫീസിലേക്ക് എത്തിയെങ്കിലും ഇവരേയും പൊലീസ് തടയുകയും സ്റ്റേഷനിലേക്ക് മാറ്റുകയും ചെയ്യുകയായിരുന്നു.

 

Trending News