'പത്മാവത്' വിവാദം രൂക്ഷം, ചിത്തോട്ഗഡില്‍ രാജ്പൂത് സ്ത്രീകള്‍ റാലി നടത്തി

ജനുവരി 25ന് റിലീസാവാനിരിക്കെ, പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം രൂക്ഷമാവുന്നു.

Last Updated : Jan 22, 2018, 10:49 AM IST
'പത്മാവത്' വിവാദം രൂക്ഷം, ചിത്തോട്ഗഡില്‍ രാജ്പൂത് സ്ത്രീകള്‍ റാലി നടത്തി

ന്യൂഡല്‍ഹി: ജനുവരി 25ന് റിലീസാവാനിരിക്കെ, പ്രശസ്ത നിര്‍മ്മാതാവും സംവിധായകനുമായ സഞ്ജയ് ലീല ബൻസാലിയുടെ ബോളിവുഡ് ചിത്രം പത്മാവതിനെ ചുറ്റിപ്പറ്റിയുള്ള വിവാദം രൂക്ഷമാവുന്നു.

'പത്മാവത്' നിരോധിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് രാജ്പൂത് സ്ത്രീകൾ ചിത്തോട്ഗഡില്‍ സ്വാഭിമാൻ റാലി നടത്തി. റാലിയിൽ പങ്കെടുത്ത ചില സ്ത്രീകള്‍ തങ്ങളുടെ കൈകളിൽ വാളുമേന്തിയിരുന്നു. റാലിയിലുടനീളം റാണി പത്മാവതിയുടെ ബഹുമാനാർത്ഥവും ചിത്രത്തിന്‍റെ നിർമ്മാതാവ് സഞ്ജയ് ലീല ബൻസാലിക്കെതിരെയും മുദ്രാവാക്യം മുഴക്കിയിരുന്നു. റാലി ചിത്തോട് കോട്ടയില്‍ ആരംഭിച്ച് എട്ടു കിലോമീറ്റർ ദൂരെയുള്ള ജൗഹർ ഭവനില്‍ അവസാനിച്ചു. ഒട്ടനവധി ചെറുപ്പക്കാരും റാലിയില്‍ ഇതിൽ പങ്കുചേർന്നു.

ചരിത്രത്തില്‍ വളരെ പ്രാധാന്യമുള്ള സ്ഥലമാണ്‌ ജൗഹർ ഭവന്‍. സുൽത്താൻ അലാവുദ്ദീൻ ഖിൽജിയുടെ ആക്രമണത്തില്‍ നിന്നും രക്ഷ നേടാന്‍ റാണി പത്മാവതി 16,000 സ്ത്രീകളോടൊപ്പം ആത്മാഹുതി നടത്താന്‍ ഒത്തുചേര്‍ന്ന സ്ഥലമാണ്‌ ഇന്ന് ജൗഹർ ഭവന്‍ എന്ന് അറിയപ്പെടുന്നത്.

അതേസമയം ചിത്രം പ്രദര്‍ശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള സുപ്രീം കോടതി വിധിയ്ക്കെതിരെ രാജസ്ഥാന്‍ സര്‍ക്കാര്‍ പുനഃപരിശോധനാ ഹർജി നല്‍കും.

എന്നാല്‍ ചിത്രത്തിനെതിരെയുള്ള പ്രതിക്ഷേധം മറ്റു സംസ്ഥാനങ്ങളിലേയ്ക്കും വ്യാപിക്കുകയാണ്. ഇന്നലെ തെലങ്കാനയില്‍ സിനിമ ഹാളിനു പുറത്തു സ്ഥാപിച്ചിരുന്ന പോസ്റ്റര്‍ ഒരു കൂട്ടം കര്‍ണി സേന പ്രവര്‍ത്തകര്‍ നശിപ്പിച്ചിരുന്നു.

രാജ്യമൊട്ടാകെ ചിത്രം പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിര്‍മ്മാതാക്കള്‍ക്ക് ലഭിച്ചിരുന്നു. രാജസ്ഥാന്‍, ഗുജറാത്ത്‌, മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങള്‍ ചിത്രം റിലീസ് ചെയ്യുന്നത് വിലക്കിയതിനെ തുടര്‍ന്ന് നിര്‍മ്മാതാക്കള്‍ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.  

തുടര്‍ന്ന് സുപ്രീം കോടതി നടത്തിയ നിര്‍ണ്ണായക വിധിയില്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും ക്രമസമാധാനപാലനത്തിനുള്ള ഉത്തരവാദിത്തം ഭരണഘടന ചുമത്തിയിട്ടുണ്ടെന്നും, സിബിഎഫ്സി അനുമതി നല്‍കിയ ചിത്രം പ്രദർശിപ്പിക്കുമ്പോൾ അസ്വാഭാവിക സംഭവങ്ങള്‍ ഉണ്ടായാല്‍ അത് തടയേണ്ട ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനാണ് എന്നും ഓര്‍മ്മപ്പെടുത്തിയിരുന്നു. 

അതേസമയം, സിബിഎഫ്സി തലവനായ പ്രസൂണ്‍ ജോഷിയെ രാജസ്ഥാനില്‍ കയറാന്‍ അനുവദിക്കില്ലെന്ന മുന്നറിയിപ്പുമായി കര്‍ണി സേന രംഗത്തെത്തി. അതുകൂടാതെ പത്മാവത് പ്രദര്‍ശിപ്പിക്കാനിരിക്കുന്ന ബിഹാറിലെ മുസഫര്‍പുരില്‍ സിനിമാ തീയറ്ററിന് നേരെ കര്‍ണിസേന പ്രവര്‍ത്തകര്‍ ആക്രമണം നടത്തുകയും തീയറ്റര്‍ കത്തിക്കുകയും ചെയ്തു. 

രാജ്പുത് സമുദായം അഭിമാനം കൊള്ളുന്ന റാണി പത്മിനിയുടെ ചരിത്രത്തെ അവഹേളിക്കുന്ന രീതിയില്‍ ചിത്രീകരിച്ചു എന്നാണ് രാജ്പുത് സമുദായക്കാരുടെ പരാതി. 

ജനുവരി 25ന് ഈ ചിത്രം ഹിന്ദി, തെലുങ്ക്‌, തമിഴ് ഭാഷകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും.

പത്മാവതി എന്ന സിനിമയില്‍ ദീപിക പദുകോണ്‍ മുഖ്യ കഥാപാത്രമായ റാണി പത്മവതിയെ അവതരിപ്പിക്കുന്നു. റാവൽ രത്തൻ സിംഗായി ഷാഹിദ് കപൂറും സുൽത്താൻ അലാവുദ്ദീൻ ഖിൽജിയായി രൺവീർ സിംഗും അഭിനയിക്കുന്നു. 

ഒരു വർഷത്തോളമെടുത്ത് 190 കോടി രൂപ ചെലവിലാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.

 

 

Trending News