രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ഭൂട്ടാനിലെത്തുന്ന മോദി പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാന്‍ രാജാവ്‌ ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.  

Last Updated : Aug 17, 2019, 11:05 AM IST
രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി ഭൂട്ടാനിലേക്ക്

ന്യൂഡല്‍ഹി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഭൂട്ടാനിലേക്ക് പുറപ്പെട്ടു. തന്ത്രപ്രധാനമായ രണ്ട് ഉടമ്പടികളിലൂടെ ഉഭയകക്ഷി ബന്ധത്തെ ശക്തിപ്പെടുത്തുക, വൈവിധ്യവല്‍ക്കരിക്കുക എന്നിവയാണ് സന്ദര്‍ശനത്തിന്‍റെ പ്രധാന ഉദ്ദേശം.

 

 

ഭൂട്ടാനിലെത്തുന്ന മോദി പ്രധാനമന്ത്രി ലോതേ ഷെറിംഗ്, ഭൂട്ടാന്‍ രാജാവ്‌ ജിഗ്മെ ഖേസര്‍ നാംഗ്യേല്‍ വാങ്ങ്ചുക്ക് തുടങ്ങിയവരുമായി കൂടിക്കാഴ്ച നടത്തും.

മോദിയുടെ സന്ദര്‍ശനം ഇന്ത്യ-ഭൂട്ടാന്‍ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിലേക്ക് നയിക്കുമെന്ന് ഭൂട്ടാനിലെ ഇന്ത്യന്‍ അംബാസിഡര്‍ രുചിറ കമ്പോജ് പറഞ്ഞു. ഇരു രാജ്യങ്ങളും തമ്മില്‍ പത്തോളം ധാരണാപത്രങ്ങളില്‍ ഒപ്പുവെക്കുമെന്നാണ് സൂചന. സന്ദര്‍ശനവേളയില്‍ പ്രധാനമന്ത്രി അഞ്ചോളം പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.

 

 

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിന് മുന്നോടിയായി ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ ഷെറിംഗ് നരേന്ദ്രമോദിയെ ഫേസ്ബുക്കില്‍ പ്രശംസിച്ചിരുന്നു. അദ്ദേഹം വളരെ വിനീതനും സാധരണക്കാരനായ വ്യക്തിയുമാണ് എന്നാണ് ലോതേ ഫേസ്ബുക്കില്‍ കുറിച്ചത്. 

തന്ത്രപ്രധാന സഖ്യകക്ഷിയായ ഭൂട്ടാനുമായി ഇന്ത്യയുടെ ഉഭയകക്ഷി ബന്ധം കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി മികച്ച രീതിയില്‍ വളരുകയാണ്. ഇന്ത്യയുടെ ഈ നയം അയല്‍ സംസ്ഥാനങ്ങളുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുന്നതിന് സഹായകമാകുന്നു. 

സാമ്പത്തിക വികസന സഹകരണം, ജലവൈദ്യുതി സഹകരണം, ജനങ്ങളുമായുള്ള ബന്ധം എന്നിവയുള്‍പ്പെടെ ഉഭയകക്ഷി പങ്കാളിത്തത്തെ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഈ സന്ദര്‍ശനം ഇരുരാജ്യക്കാര്‍ക്കും അവസരമൊരുക്കുമെന്നാണ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ വിലയിരുത്തല്‍.

രണ്ടാംവട്ടം പ്രധാനമന്ത്രിയായതിന് ശേഷം ആദ്യമായാണ് മോദി വിദേശ സന്ദര്‍ശനം നടത്തുന്നത്.  2014 ല്‍ പ്രധാനമന്ത്രിയായി ചുമതലയേറ്റതിന് ശേഷം നരേന്ദ്രമോദി സന്ദര്‍ശിച്ച ആദ്യ രാജ്യവും ഭൂട്ടാന്‍ ആണ്. 

Trending News