ഛത്തിസ്ഗഢ്: എസി മുറിയിലിരിക്കുന്ന നഗര മാവോയിസ്റ്റുകളെ കോൺഗ്രസ് പിന്തുണക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നഗര മാവോയിസ്റ്റുകളെ സംരക്ഷിക്കുന്ന കോണ്‍ഗ്രസിനെ ഈ തെരഞ്ഞടുപ്പില്‍ ബസ്തര്‍ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹംപറഞ്ഞു.
ഛത്തിസ്ഗഢ് നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സംസാരിക്കവേ ആണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്രകാരം പറഞ്ഞത്. എല്ലാ തിരഞ്ഞെടുപ്പ് റാലിപോലെതന്നെ ഇത്തവണയും കോണ്‍ഗ്രസിനെ കടന്നാക്രമിച്ചുതന്നെയായിരുന്നു ബിജെപിക്ക് വേണ്ടി മോദിയുടെ പ്രചരണം.
മാവോവാദി ഭീഷണി രൂക്ഷമായ ബസ്തര്‍ മേഖലയുടെ വികസനത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ മുന്‍സര്‍ക്കാരുകള്‍ ഒന്നും ചെയ്തില്ലെന്ന് മോദി പറഞ്ഞു. നഗരങ്ങളില്‍ ശീതീകരിച്ച വീടുകളില്‍ കഴിയുന്ന അര്‍ബന്‍ മാവോവാദികള്‍ നക്‌സല്‍ ആധിപത്യമുള്ള സ്ഥലങ്ങളിലെ ആദിവാസി കുട്ടികളെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്നതായി മോദി ആരോപിച്ചു.
സര്‍ക്കാര്‍ അര്‍ബന്‍ മാവോവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമ്പോള്‍ കോണ്‍ഗ്രസ് അവരെ പിന്തുണയ്ക്കുന്നു. പിന്നീട് അവര്‍ എന്തിനാണ് ബസ്തറിലെത്തി മാവോവാദത്തിന് എതിരെ സംസാരിക്കുന്നതെന്ന് മോദി ചോദിച്ചു.
വലിയ കാറുകളില്‍ സഞ്ചരിക്കുന്ന അവരുടെ മക്കള്‍ വിദേശരാജ്യങ്ങളിൽ പഠിക്കുന്നു. പാവപ്പെട്ട ആദിവാസികളെ കബളിപ്പിച്ചാണ് ഇത്തരക്കാർ ജീവിക്കുന്നത്. എന്തിനാണ് ഇവരെ കോൺഗ്രസ് പിന്തുണക്കുന്നതെന്നും മോദി ചോദിച്ചു.
മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയി സ്വപ്നം കണ്ട ഛത്തീസ്ഗഢ് യാഥാര്‍ഥ്യമാക്കുന്നതുവരെ വിശ്രമമില്ലെന്നും മോദി പറഞ്ഞു.