മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്.   

Last Updated : May 1, 2019, 03:50 PM IST
മാവോയിസ്റ്റ് ആക്രമണത്തെ അപലപിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മഹാരാഷ്ട്രയിലെ ഗട്ചിറോളിയില്‍ ഇന്ന് ഉച്ചയ്ക്ക് മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ 15 സൈനികരും ഒരു ഡ്രൈവറും കൊല്ലപ്പെട്ടു.

സൈനികരുമായി പോകുകയായിരുന്ന വാഹനമാണ് ഐഇഡി സ്ഫോടനത്തിൽ മാവോയിസ്റ്റുകൾ തകർത്തത്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന സൈനികർ സഞ്ചരിച്ച വാഹനമാണ് അക്രമണത്തിനിരയായത്. സ്ഫോടനത്തിൽ സൈന്യം സഞ്ചരിച്ച വാഹനം പൂർണ്ണമായും തകർന്നു. സ്ഥലത്ത് ഇപ്പോഴും ഏറ്റുമുട്ടൽ തുടരുകയാണ്.  

ഗുരുതരമായ സുരക്ഷാ വീഴ്ചയാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. സ്വകാര്യ വാഹനത്തിലാണ് ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്നത്. ഏത് സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടി കഴിഞ്ഞ് മടങ്ങുകയായിരുന്ന ഉദ്യോഗസ്ഥർ സ്വകാര്യ വാഹനത്തിൽ സഞ്ചരിച്ചതെന്ന് റേഞ്ച് ഡിഐജി പ്രതികരിച്ചു.

ഇന്ന് രാവിലെ കുര്‍ഖേഡയില്‍ കരാര്‍ കമ്പനിയുടെ 27 വാഹനങ്ങള്‍ മാവോയിസ്റ്റുകള്‍ തീയിട്ട് നശിപ്പിച്ചിരുന്നു. ഇതിന് ശേഷം കൂടുതല്‍ സൈനികരെ ഇവിടേക്ക് വിന്യസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആക്രമണം നടന്നത്. മാവോവാദികൾക്ക് വലിയ സ്വാധീനമുള്ള പ്രദേശമാണ് ഗട്ചിറോളി. 

Trending News