ആള്‍കൂട്ട കൊലപാതകം ദുഖകരം; അതിന് ജാര്‍ഖണ്ഡിനെ അപമാനിക്കരുത്

അതിന്‍റെ പേരില്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കരുതെന്ന് മോദി പറഞ്ഞു.   

Last Updated : Jun 26, 2019, 05:02 PM IST
ആള്‍കൂട്ട കൊലപാതകം ദുഖകരം; അതിന് ജാര്‍ഖണ്ഡിനെ അപമാനിക്കരുത്

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡില്‍ കഴിഞ്ഞ ആഴ്ച ആള്‍ക്കൂട്ടം 24 വയസുകാരനെ അടിച്ചു കൊന്ന സംഭവം തനിക്ക് വേദനയുണ്ടാക്കിയതായി പ്രധാനമന്ത്രി നരേന്ദ്രമോദി. 

പക്ഷെ അതിന്‍റെ പേരില്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കരുതെന്ന് മോദി പറഞ്ഞു. രാജ്യസഭയില്‍ രാഷ്ട്രപതിക്ക് നന്ദി അറിയിച്ചുകൊണ്ട് സംസാരിക്കുന്നതിനിടെ മോദി പറഞ്ഞു. 

ജാര്‍ഖണ്ഡിലെ സംഭവത്തില്‍ മറ്റുള്ളവരെപോലെ തനിക്കും ദുഃഖമുണ്ടെന്നും, എന്നാല്‍ രാജ്യസഭയില്‍ ചിലര്‍ ജാര്‍ഖണ്ഡിനെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിക്കുന്നത് ശരിയല്ലയെന്നും പ്രധാനമന്ത്രി പറഞ്ഞു.

മാത്രമല്ല ഒരു സംസ്ഥാനത്തെ ആള്‍ക്കൂട്ട ആക്രമണങ്ങളുടെ കേന്ദ്രമെന്ന് വിളിച്ച് അപമാനിക്കുന്നത് അനീതിയാണെന്നും മോദി പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ജാര്‍ഖണ്ഡിലെ ആള്‍ക്കൂട്ട ആക്രമണത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മൗനം തുടരുന്നതിനെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി അടക്കമുള്ളവര്‍ കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. അതിനുള്ള മറുപടിയായിരുന്നു പ്രധാനമന്ത്രിയുടെ ഈ പ്രതികരണം.

Trending News