മെലാനിയയ്ക്ക് പ്രധാനമന്ത്രി നല്‍കുന്ന സമ്മാനം ഇതാണ്...

ഗുജറാത്തിലെ പാട്ടന്‍ നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നവയാണ് ഈ സാരി.    

Last Updated : Feb 21, 2020, 01:37 PM IST
മെലാനിയയ്ക്ക് പ്രധാനമന്ത്രി നല്‍കുന്ന സമ്മാനം ഇതാണ്...

ഗുജറാത്ത്:  ഇന്ത്യ സന്ദര്‍ശിക്കാന്‍ എത്തുന്ന ഡൊണാള്‍ഡ് ട്രംപിന്‍റെ ഭാര്യ മെലാനിയ ട്രംപിന് പ്രധാനമന്ത്രി നല്‍കുന്ന സമ്മാനം എന്താണെന്ന് അറിയണ്ടേ?

അത് മറ്റൊന്നുമല്ല ഒരു പട്ടുസാരി. അതും വെറും പട്ടു സാരിയല്ല ലക്ഷങ്ങള്‍ വില വരുന്ന പട്ടോള സില്‍ക്ക് സാരിയാണ് സമ്മാനമായി നല്‍കുന്നത്. ഗുജറാത്തിലെ പാട്ടന്‍ നഗരത്തില്‍ ഓര്‍ഡറുകള്‍ അനുസരിച്ച് മാത്രം നിര്‍മ്മിക്കുന്നവയാണ് ഈ സാരി.  

പട്ടോള സാരിയുടെ പകുതി നെയ്തെടുക്കാന്‍ ഏതാണ്ട് ആറു മാസം സമയമെടുക്കും എന്നാണ് റിപ്പോര്‍ട്ട്.  പന്ത്രണ്ടോളം നെയ്ത്തുകാര്‍ ചേര്‍ന്നാണ് സാരി നെയ്യുന്നത്. യന്ത്രങ്ങളോ കംപ്യൂട്ടര്‍ ഡിസൈനുകളോ പട്ടോള സാരിയുടെ നിര്‍മ്മാണത്തിനായി ഉപയോഗിക്കില്ല എന്നതാണ് ഇതിന്‍റെ പ്രത്യേകത. 

പട്ട് നൂലുകള്‍ സ്വാഭാവിക നിറങ്ങള്‍ ഉപയോഗിച്ച് വര്‍ണം നല്‍കും. ഒരു തരത്തിലുമുള്ള രാസവസ്തുക്കളും ഈ നിറങ്ങളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കാറില്ല.  സാരി പഴകി കീറുന്ന അവസ്ഥയിലും നിറത്തിന് ഒരു മാറ്റവുമുണ്ടാവില്ല എന്നതാണ് ഈ സാരിയുടെ പ്രത്യേകത. 

മുന്നൂറ് വര്‍ഷം വരെ സാരിയുടെ നിറം മങ്ങില്ലെന്നാണ് നെയ്ത്തുകാരുടെ അവകാശ വാദം.  പട്ട് നൂലുകളില്‍ ചായം പിടിക്കാന്‍ തന്നെ 70 ദിവസത്തില്‍ അധികം വേണമെന്നും നെയ്ത്തുകാര്‍ വ്യക്തമാക്കുന്നു. 

ഒരു പട്ടോള സാരി നിര്‍മ്മിക്കാന്‍ 500 മുതല്‍ 600 ഗ്രാം പട്ടു നൂലാണ് ആവശ്യമായിട്ടുള്ളത്‌.  അതുകൊണ്ടുതന്നെ ഏറ്റവും വില കുറഞ്ഞ പട്ടോള സാരിക്ക് ഒന്നര ലക്ഷം രൂപയോളം വില വരും. 

ഒരു പട്ടോള സാരിയ്ക്ക് ഓര്‍ഡര്‍ നല്‍കിയാല്‍ ഒരു വര്‍ഷത്തോളം സമയം എടുക്കും സാരി കയ്യില്‍ കിട്ടാന്‍. മികച്ച വിഭാഗത്തില്‍ പെട്ട പട്ടോള സാരിയുടെ വില ആരംഭിക്കുന്നത് 3 ലക്ഷം രൂപയില്‍ നിന്നാണ്. 

ഏറ്റവും മികച്ച പട്ടോള സാരിക്ക് 7 ലക്ഷം രൂപയോളം വില വരുമെന്നാണ് ഡെക്കാന്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. നിര്‍മ്മാണത്തിലെ പ്രത്യേകതയും നെയ്ത്തുകാരുടെ കരവിരുതുമാണ് പട്ടോള സാരിയെ മനോഹരമാക്കുന്നത്.

Trending News