പൂക്കളുടെ മായാക്കാഴ്ചകളുമായി സന്ദര്‍ശകരെ കാത്തിരിക്കുന്ന മുഗള്‍ ഉദ്യാനത്തിലേക്ക് ജനങ്ങളെ ക്ഷണിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ്. ഉദ്യാനത്തിന്‍റെ മനോഹരമായ കാഴ്ചകള്‍ പകര്‍ത്തിയ വീഡിയോയും അദ്ദേഹം പങ്കു വച്ചു.
കഴിഞ്ഞ വര്‍ഷങ്ങളിലെപ്പോലെ ഇത്തവണയും പലവര്‍ണങ്ങളിലുള്ള ടുലിപ് പൂക്കളാണ് മുഗള്‍ ഉദ്യാനത്തിന്‍റെ പ്രധാന ആകര്‍ഷണം. കൂടാതെ, ഔഷധ സസ്യോദ്യാനവും ബോണ്‍സായ് വൃക്ഷങ്ങളുടെ ശേഖരവും സന്ദര്‍ശകരെ കാത്തിരിക്കുന്നു. പല വലുപ്പത്തിലും നിറങ്ങളിലുമുള്ള പനിനീര്‍പ്പൂക്കളും ഉദ്യാനത്തിന്‍റെ ശോഭ വര്‍ധിപ്പിക്കുന്നു.
Mughal Gardens are open for the public till March 9, 2018. All are invited to visit the annual Udyanotsav at Rashtrapati Bhavan! pic.twitter.com/T6JVblWrgw
— President of India (@rashtrapatibhvn) February 16, 2018
സന്ദര്‍ശന സമയം:
മാര്‍ച്ച് 9 വരെയാണ് പൊതുജനങ്ങള്‍ക്ക് ഉദ്യാനം സന്ദര്‍ശിക്കാനുള്ള അവസരമുള്ളത്. ഇവിടേക്കുള്ള പ്രവേശനം സൗജന്യമാണ്. തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും രാവിലെ 9.30 മുതല്‍ വൈകീട്ട് നാല് വരെയാണ് പ്രവേശനം. ഡല്‍ഹിയിലെ സെന്‍ട്രല്‍ സെക്രട്ടറിയേറ്റ് മെട്രോ സ്റ്റേഷനില്‍ നിന്ന് ഷെയര്‍ ഓട്ടോ ലഭിക്കും. ഒരാള്‍ക്ക് 20 രൂപയാണ് ചാര്‍ജ്. രാഷ്ട്രപതി ഭവന്‍റെ 35-ാം നമ്പര്‍ ഗേറ്റിലൂടെയാണ് പ്രവേശനം.
ശ്രദ്ധിക്കേണ്ടത്:
പല ഘട്ടങ്ങളായുള്ള സുരക്ഷാപരിശോധനയ്ക്ക് ശേഷമാണ് മുഗള്‍ ഉദ്യാനത്തിലേക്ക് കടത്തി വിടുക. മണിപഴ്സും ഫോണും ഒഴികെ മറ്റൊന്നും ഉദ്യാനത്തിലേക്ക് കൊണ്ടുപോകാനാകില്ല. ബാഗുകളും മറ്റും ഗേറ്റിനടുത്ത് സ്ഥാപിച്ചിട്ടുള്ള സെന്‍ററില്‍ ഏല്‍പ്പിച്ച് ടോക്കണ്‍ കൈപ്പറ്റണം. കുടിക്കാനുള്ള വെള്ളം ഉദ്യാനത്തിനകത്ത് നിന്ന് തന്നെ ലഭിക്കും.