New Delhi: ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ദളിത് (Hatras Rape Case) പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ രാജ്യമെങ്ങും പ്രതിഷേധമുയരുമ്പോള്‍ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മൗനവും ചോദ്യം ചെയ്യപ്പെടുകയാണ്.
കൂട്ടബലാത്സംഗവും ഒപ്പം അതിക്രൂരമായ പീഡനത്തിനും ഇരയായ പെണ്‍കുട്ടി മരിച്ചതിനെതിരെ രാജ്യമെങ്ങും പ്രതിഷേധങ്ങള്‍ അരങ്ങേറുമ്പോഴും ഉത്തര്‍ പ്രദേശില്‍ നിന്നുള്ള എം.പിയും വനിത-ശിശുക്ഷേമമന്ത്രിയുമായ സ്മൃതി ഇറാനി (Smriti Irani) എന്തുകൊണ്ട് നിശബ്ദയായിരിക്കുന്നുവെന്നാണ് പ്രധാന ചോദ്യം.
വനിതാശിശുക്ഷേമ വകുപ്പ് കൈകാര്യം ചെയ്യുന്ന ഒരു കേന്ദ്രമന്ത്രി ഇത്തരത്തിലാണോ പെരുമാറേണ്ടതെന്നാണ് ചിലര്‍ ചോദിക്കുന്നത്. ആ പദവിയിലിരിക്കാന്‍ അവര്‍ അര്‍ഹയല്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ പഴയ പ്രതിഷേധം പങ്കുവച്ച് കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തി. 2012ല്‍ നിര്‍ഭയ സംഭവത്തില്‍ എന്‍റെ രക്തം തിളയ്ക്കുന്നു എന്നായിരുന്നു സ്മൃതിയുടെ പ്രതിഷേധം. UPA സര്‍ക്കാരിനെതിരെ സ്മൃതി നടത്തിയ പ്രതിഷേധവും സോണിയ ഗാന്ധിയ്ക്കെതിരെ നടത്തിയ ആരോപണങ്ങളും പങ്കുവച്ചാണ് അവര്‍ക്കെതിരെ വിമര്‍ശനങ്ങളുയരുന്നത്.
വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ട്വീറ്റുകള്‍ ഷെയര്‍ ചെയ്തതല്ലാതെ മറ്റൊന്നും സ്മൃതി ചെയ്തിട്ടില്ലെന്നും ചിലര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, കേസില്‍ ഉത്തര്‍ പ്രദേശ് പോലീസ് സ്വീകരിച്ച നടപടികള്‍ക്കെതിരെ കടുത്ത വിമര്‍ശനമുയരുകയാണ്. കുടുംബാംഗങ്ങളെ അറിയിക്കാതെ പെണ്‍കുട്ടിയുടെ മൃതദേഹം പോലീസ് സംസ്‌കരിച്ചത് കടുത്ത പ്രതിഷേധത്തിന് ഇടയാക്കി യിരിയ്ക്കുകയാണ്.
അര്‍ദ്ധരാത്രിയില്‍ അന്തിമ കര്‍മ്മങ്ങള്‍ നടത്തിയ സംസ്ഥാന പോലീസിനും അതിന് അനുമതി നല്‍കിയ മുഖ്യമന്ത്രി യോഗി ആദിത്യ നാഥിനും എതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കൂടാതെ, പെണ്‍കുട്ടിയുടെ മുഖം പോലും കാണാന്‍ മാതാപിതാക്കളെ അനുവദിക്കാത്ത സംസ്ഥാന പോലീസ് അന്ത്യകര്‍മ്മങ്ങള്‍ ചെയ്യാന്‍ കുടുംബാംഗങ്ങളെ അനുവദിച്ചില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. ബന്ധുക്കളെ വീട്ടില്‍ പൂട്ടിയിട്ടെന്ന ആരോപണവും ഉയരുന്നുണ്ട്. ബാധുക്കളെന്ന് ചൂണ്ടിക്കാട്ടാന്‍ ഗ്രാമത്തില്‍നിന്നും ചിലരെ നിര്‍ബന്ധമായി പെണ്‍കുട്ടിയുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തിയ സ്ഥലത്ത് എത്തിച്ചതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിഷേധം ശക്തമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെട്ടു. പെണ്‍കുട്ടിയുടെ പിതാവുമായി സംസാരിച്ച മുഖ്യമന്ത്രി നഷ്ടപരിഹാരം വാഗ്ദാനം ചെയ്തു. പെണ്‍കുട്ടിയയുടെ കുടുംബത്തിന് 25 ലക്ഷം രൂപയും, കുടുംബത്തിലെ ഒരംഗത്തിന് സര്‍ക്കാര്‍ ജോലിയും ഒപ്പം സര്‍ക്കാര്‍ പദ്ധതികളില്‍ ഉള്‍പ്പെടുത്തി വീടും സര്‍ക്കാര്‍ വാഗ്ദാനം ചെയ്തു. എന്നാല്‍, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം എന്നാണ് പെണ്‍കുട്ടിയുടെ പിതാവ് ആവശ്യപ്പെട്ടത്.
കഴിഞ്ഞ സെപ്റ്റംബര്‍ 14നാണ് ദളിത് (Dalit) പെണ്‍കുട്ടി അതിക്രൂരമായി ബലാത്സംഗത്തിനിരയായത്. കൂട്ട ബലാത്സംഗത്തിനിരയായതോടൊപ്പം അതിക്രൂരമായ പീഡനത്തിനും പെണ്‍കുട്ടി ഇരയായിരുന്നു. നാവ് മുറിച്ച് മാറ്റി, നട്ടെല്ല് തകര്‍ക്കുക തുടങ്ങി അതിക്രൂരമായ ആക്രമണമാണ് പെണ്‍കുട്ടിയുടെ നേര്‍ക്കുണ്ടായത്.
അത്യാസന്ന നിലയില്‍ കഴിഞ്ഞ രണ്ടാഴ്ചയായി അലിഗഢില്‍ ചികിത്സയിലായിരുന്ന പെണ്‍കുട്ടിയെ കഴിഞ്ഞ ദിവസമാണ് ഡല്‍ഹി സഫ്ദര്ജ൦ഗ് ആശുപത്രിയില്‍ എത്തിച്ചത്. ചികിത്സയിലായിരുന്ന പെണ്‍കുട്ടി ചൊവ്വാഴ്ച രാവിലെയോടെ മരണത്തിന് കീഴടങ്ങി.
ക്രൂര പീഡനത്തിനാണ് പെണ്‍കുട്ടി ഇരയായതെന്നാണ് ഡോക്ടര്‍മാര്‍ വിശദമാക്കിയത്.
Also read: സ്ത്രീകള്‍ സുരക്ഷിതരല്ലാത്ത സംസ്ഥാനമായി Uttar Pradesh മാറി, രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി
സെപ്റ്റംബര്‍ 14ന് വൈകിട്ട് കുടുംബാംഗങ്ങള്‍ക്കൊപ്പം പുല്ലുവെട്ടാന്‍ പോയ പെണ്‍കുട്ടിയെ നാലംഗ സംഘം ദുപ്പട്ടകൊണ്ട് കഴുത്ത് മുറുക്കി വലിച്ചിഴച്ച് കൊണ്ടുപോയി കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു. മകളെ കാണാതായതോടെ തിരഞ്ഞുപോയ മാതാവ് വയലിനരികില്‍ അബോധാവസ്ഥയില്‍ കിടക്കുന്ന പെണ്‍കുട്ടിയെ കണ്ടെത്തുകയായിരുന്നു.