New Delhi: പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പ് മാറ്റിവച്ചു. തിരഞ്ഞെടുപ്പ് കമ്മീഷൻ തിങ്കളാഴ്ചയാണ് ഈ വിവരം പ്രഖ്യാപിച്ചത്. സംസ്ഥാനത്ത് ആദ്യം നിശ്ചയിച്ചിരുന്ന ഫെബ്രുവരി 14 ന് പകരം ഫെബ്രുവരി 20നായിരിയ്ക്കും വോട്ടെടുപ്പ് നടക്കുക.
ഗുരു രവിദാസ് ജയന്തി പ്രമാണിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് (Punjab Assembly Election 2022) മാറ്റിവയ്ക്കണമെന്ന പഞ്ചാബിലെ രാഷ്ട്രീയ പാർട്ടികളുടെയും നേതാക്കളുടെയും ആവശ്യങ്ങൾ ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ തിരഞ്ഞെടുപ്പ് കമ്മീഷന്‍ യോഗം ചേര്‍ന്നിരുന്നു. തുടര്‍ന്നാണ് പ്രഖ്യാപനം.
ഫെബ്രുവരി 16ന് ശ്രീ ഗുരു രവിദാസ് ജയന്തിയാണ്. ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്ക് ദളിത് വിഭാഗങ്ങള്‍ക്ക് പങ്കെടുക്കേണ്ടതുണ്ടെന്നും അതിനാല്‍ തിരഞ്ഞടുപ്പ് മാറ്റി വയ്ക്കണമെന്നും ആവശ്യപ്പെട്ട് വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കള്‍ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു.
തിരഞ്ഞെടുപ്പ് തിയതി ആറ് ദിവസം നീട്ടി വയ്ക്കണം എന്നാവശ്യപ്പെട്ട് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിംഗ് ചന്നി മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കത്ത് നല്‍കിയിരുന്നു. സംസ്ഥാന ജനസംഖ്യയുടെ 32 ശതമാനത്തോളം വരുന്ന SCവിഭാഗത്തിന്‍റെ പ്രതിനിധികള്‍ ഗുരു രവിദാസ് ജന്മവാര്‍ഷിക ദിനത്തിന്‍റെ കാര്യം തന്‍റെ ശ്രദ്ധയില്‍ പെടുത്തിയെന്നും ഇതിനാലാണ് ആവശ്യം മുന്നോട്ട് വച്ചതെന്നും മുഖ്യമന്ത്രി കത്തില്‍ സൂചിപ്പിച്ചിരുന്നു.
Also Read: Viral Video: ബസ് ഓടിയ്ക്കുന്നതിനിടെ അബോധാവസ്ഥയില്‍ ഡ്രൈവര്‍, ഈ യുവതി ചെയ്തത് കണ്ടോ? വീഡിയോ വൈറല്‍
ശ്രീ ഗുരു രവിദാസ് ജയന്തിയോടനുബന്ധിച്ച് SC വിഭാഗത്തില്‍പ്പെട്ട വലിയൊരു വിഭാഗം ഭക്തര്‍ ഫെബ്രുവരി 10 മുതല്‍ 16 വരെയുള്ള ദിവസങ്ങളില്‍ ഉത്തര്‍പ്രദേശിലെ ബനാറസ് സന്ദര്‍ശിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍, അവര്‍ക്കും വോട്ട് ചെയ്യാന്‍ സാധിക്കുന്ന വിധത്തില്‍ തിരഞ്ഞെടുപ്പ് മാറ്റിവയ്ക്കണം എന്നായിരുന്നു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ ആവശ്യം.
പഞ്ചാബിലെ 117 നിയമസഭ സീറ്റുകളിലേക്കുള്ള വോട്ടെടുപ്പ് ഫെബ്രുവരി 14 ന് പകരം ഫെബ്രുവരി 20 ന് നടക്കും, വോട്ടെണ്ണൽ മാർച്ച് 10 ന് നടക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...