ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തുവെന്ന ആരോപണവുമായി മുന്‍ പ്രതിരോധമന്ത്രി എ.കെ ആന്‍റണി.
കൂടാതെ, റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് മന്ത്രിമാര്‍ നടത്തുന്ന വ്യത്യസ്തതരം പ്രസ്താവനകളേയും അദ്ദേഹം ചോദ്യം ചെയ്തു. 'അടുത്തിടെ നിയമ മന്ത്രി പറയുകയുണ്ടായി, വിമാനങ്ങള്‍ക്ക് യുപിഎയുടെ കാലത്ത് നടന്ന ഇടപാടിനേക്കാളും 9% വിലക്കുറവാണ് പുതിയ കരാറില്‍ എന്ന്. എന്നാല്‍ ധനകാര്യമന്ത്രി പറഞ്ഞു 20% വിലക്കുറവാണ് എന്ന്. എയര്‍ ഫോഴ്സ് ഉദ്യോഗസ്ഥന്‍ പറഞ്ഞു 40% വിലക്കുറവാണ് എന്ന്. അഥവാ വിമാനങ്ങള്‍ക്ക് ഇത്രമാത്രം വിലക്കുറവാണ് എങ്കില്‍ 126ല്‍ ഒതുക്കാതെ കൂടുതല്‍ വിമാനങ്ങള്‍ എന്തേ വാങ്ങാത്തത്? ആന്‍റണി ചോദിച്ചു.
Recently, Law Minister claimed that in new agreement, aircraft is 9% cheaper than UPA deal.
FM told it is 20% cheaper. Officer of IAF told it is 40% cheaper. Why did they not buy more than 126 if it was cheaper?: AK Antony, Congress pic.twitter.com/LrtEivqOKL— ANI (@ANI) September 18, 2018
കൂടാതെ, റാഫേല്‍ ഇടപാടില്‍ സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നതെന്നും ആന്‍റണി ചോദിച്ചു. സംയുക്ത പാര്‍ലമെന്‍ററി സമിതി അന്വേഷണത്തെ എതിര്‍ക്കുന്നതിലൂടെ സര്‍ക്കാര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുകയാണെന്നത് വ്യക്തമാണെന്ന് അദ്ദേഹം പറഞ്ഞു.
റാഫേല്‍ ഇടപാടില്‍ കേന്ദ്ര സര്‍ക്കാര്‍ ദേശീയ സുരക്ഷ വിട്ടുവീഴ്ച ചെയ്തുവെന്നാരോപിച്ച അദ്ദേഹം, വിമാനങ്ങളുടെ എണ്ണം കുറയ്‍ക്കാന്‍ മോദിയെ അധികാരപ്പെടുത്തിയത് ആരാണെന്നും അറിയണമെന്നും ആവശ്യപ്പെട്ടു. കൂടാതെ ഇടപാടുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ അസത്യപ്രചാരണം നടത്തുകയാണ്. യുദ്ധവിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ എച്ച്.എ.എല്ലിന് അറിയില്ലെന്ന പ്രതിരോധമന്ത്രിയുടെ പ്രസ്താവന ആ സ്ഥാപനത്തിന്‍റെ യശസിന് കളങ്കമുണ്ടാക്കിയെന്നും ആന്‍റണി കുറ്റപ്പെടുത്തി.
റാഫേല്‍ ഇടപാട് അന്വേഷിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി അടുത്തമാസം പത്തിന് പരിഗണിക്കും.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒന്നാം എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീംകോടതി മേല്‍നോട്ടത്തില്‍ പ്രത്യേകസംഘം ഇടപാട് അന്വേഷിക്കണമെന്നും, അതുവരെ ഇടപാട് മരവിപ്പിക്കണമെന്നുമാണ് ഹര്‍ജിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്.