ന്യൂഡല്‍ഹി: പ്രധാനമന്ത്രിയെ കോടതി കള്ളനെന്ന് കണ്ടെത്തിയെന്ന പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. പ്രതികരണം തിരഞ്ഞെടുപ്പ് ചൂടില്‍ പറഞ്ഞതാണെന്നാണ് രാഹുല്‍ കോടതിയില്‍ വിശദമാക്കിയത്.
കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം. ഈ പരാമർശത്തില്‍ രാഹുല്‍ ഗാന്ധിക്ക് കോടതി അലക്ഷ്യ നോട്ടീസ് അയച്ചിരുന്നു. കേസില്‍ രാഹുല്‍ ഗാന്ധി സുപ്രീംകോടതിയില്‍ മറുപടി നല്‍കി.
റാഫേല്‍ യുദ്ധവിമാന ഇടപാട് സംബന്ധിച്ച് സുപ്രീംകോടതി പുറപ്പെടുവിച്ച വിധി തെറ്റായി ഉപയോഗിച്ചു എന്നു ചൂണ്ടിക്കാട്ടി ബിജെപി നേതാവ് മീനാക്ഷി ലേഖി സമര്‍പ്പിച്ച ഹര്‍ജിയിലാണ് രാഹുല്‍ ഗാന്ധിയില്‍ നിന്നും സുപ്രീംകോടതി വിശദീകരണം തേടിയത്.
കാവൽക്കാരൻ കള്ളൻ തന്നെയെന്ന് സുപ്രീംകോടതി കണ്ടെത്തിയെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ വിവാദ പരാമർശം. ബി.ജെ.പി എം.പി മീനാക്ഷി ലേഖിയാണ് ഇതിനു എതിരെ കോടതിയെ സമീപിച്ചത്. പറയാത്ത കാര്യം രാഹുൽ കോടതിയുടെ പേരിൽ കെട്ടിവയ്ക്കുന്നതായി മീനാക്ഷി ലേഖിയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി കോടതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
അതേസമയം, പ്രധാനമന്ത്രിക്ക് എതിരെ സുപ്രീം കോടതി പരാമർശമൊന്നും നടത്തിയിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞിരുന്നു. രാഹുല്‍ പറഞ്ഞ തരത്തില്‍ ഒരു പരാമര്‍ശം കോടതി നടത്തിയിട്ടില്ലെന്നും രേഖകള്‍ പരിശോധിക്കണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുക മാത്രമാണു ചെയ്തതെന്നും ചീഫ് ജസ്റ്റീസ് വ്യക്തമാക്കിയിരുന്നു. ഒപ്പം ഏതു സാഹചര്യത്തിലാണ് തന്‍റെ പ്രസംഗമെന്ന്‍ രാഹുൽ വിശദീകരിക്കണമെന്നും സുപ്രീംകോടതി നിര്‍ദ്ദേശിച്ചിരുന്നു.