ന്യൂഡല്‍ഹി: ഇനി മുതല്‍ റെയില്‍വേ ബജറ്റ് പ്രത്യേകമായി അവതരിപ്പിക്കില്ല. റെയില്‍വെയെ പൊതു ബജറ്റില്‍ ഉള്‍പ്പെടുത്തണമെന്ന നിര്‍ദേശം കേന്ദ്രമന്ത്രിസഭായോഗം അംഗീകരിച്ചു. റെയില്‍വേ ബജറ്റ് പൊതുബജറ്റില്‍ ലയിപ്പിക്കണമെന്ന് ചൂണ്ടിക്കാട്ടി റെയില്‍വേ മന്ത്രി നല്‍കിയ ശിപാര്‍ശക്ക് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നേരത്തെ അംഗീകാരം നല്‍കിയിരുന്നു.
ഫെബ്രുവരി മാസത്തിലെ അവസാനത്തെ പ്രവൃത്തി ദിവസം കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്ന കീഴ് വഴക്കത്തിലും മാറ്റംവരുത്തി. ഇനിമുതല്‍ ഫെബ്രുവരി ഒന്നാം തീയതിയാകും പൊതുബജറ്റ് അവതരിപ്പിക്കുക എന്നും മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ലയനത്തോടെ റെയില്‍വേയുടെ സാമ്പ\ത്തിക കൈകാര്യ ചുമതല ധനമന്ത്രാലയത്തിന്‍റെ പരിധിയില്‍ വരും. റെയില്‍വേ കൂലി വര്‍ധനവും മറ്റും തീരുമാനിക്കുന്നതും ഇനി ധനമന്ത്രാലയമായിരിക്കും.
ബജറ്റ് അവതരണം സാമ്പത്തിക വര്‍ഷത്തിന് മുമ്പ് പൂര്‍ത്തിയായാല്‍ മാര്‍ച്ച് ഒന്നിന് തന്നെ ഫണ്ട് അനുവദിക്കാന്‍ സാധിക്കും എന്നതാണ് പ്രത്യേകത. കൂടാതെ രാഷ്ട്രീയ സമ്മര്‍ദമില്ലാതെ റെയില്‍വേയുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്താന്‍ കഴിയും. പദ്ധതികള്‍ക്ക് വേണ്ടിയുള്ള രൂപരേഖ തയാറാക്കുമ്പോള്‍ ഫെബ്രുവരി മാസത്തെ കണക്കുകള്‍ ഉള്‍പ്പെടുത്താന്‍ സാധിക്കില്ല എന്നതാണ് പുതിയ സംവിധാനത്തിന്‍റെ പ്രധാന പോരായ്മ.
92 വര്‍ഷമായി പിന്തുടരുന്ന പ്രത്യേക ബജറ്റ് എന്ന കീഴ് വഴക്കമാണ് ഇതോടെ അവസാനിക്കുന്നത്. 92 വര്‍ഷമായി തുടരുന്ന രീതി ചരിത്രമാകും . 1924 -25 സാമ്പത്തിക വര്‍ഷത്തിലാണ് റെയില്‍വേ ബജറ്റ് ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. എന്നാലിപ്പോള്‍ സാമ്പത്തിക നഷ്ടം ചൂണ്ടിക്കാട്ടിയാണ് പ്രത്യേക റെയില്‍വേ ബജറ്റ് വേണ്ടെന്നവെക്കാന്‍ കേന്ദ്രസര്‍ക്കാരിനെ പ്രേരിപ്പിച്ചത്.
2000ല്‍ റെയില്‍വേ മന്ത്രിയായിരുന്ന മമത ബാനര്‍ജിയാണ് റെയില്‍വേ ബജറ്റ് അവതരിപ്പിച്ച ആദ്യ ഇന്ത്യന്‍ വനിത. കൂടാതെ രണ്ട് വ്യത്യസ്ത മുന്നണികളില്‍ (യു.പി.എ, എന്‍.ഡി.എ) ബജറ്റ് അവതരിപ്പിച്ച ഏക വനിതയും മമതയാണ്.