ദയാവധം അനുവദിക്കണം; രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയില്‍

നിലവില്‍ തടവില്‍ കഴിയുന്ന ഇരുവരും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു.   

Last Updated : Dec 2, 2019, 12:06 PM IST
  • ദയാവധം ആവശ്യപ്പെട്ട് രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയില്‍.
  • ഇക്കാര്യം ആവശ്യപ്പെട്ട്പ്ര തികളായ നളിനിയും മുരുകനും മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിയ്ക്കും കത്തയച്ചു.
  • ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ്‌ ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും നളിനി കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്.
ദയാവധം അനുവദിക്കണം; രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയില്‍

ചെന്നൈ: ദയാവധം അനുവദിക്കണമെന്നാവശ്യപ്പെട്ട് രാജീവ്‌ ഗാന്ധി വധക്കേസിലെ പ്രതികള്‍ കോടതിയെ സമീപിച്ചു. 

പ്രതികളായ നളിനി ശ്രീഹരനും ഭര്‍ത്താവ് മുരുകനും ഇക്കാര്യം ആവശ്യപ്പെട്ട് മദ്രാസ്‌ ഹൈക്കോടതി ചീഫ് ജസ്റ്റിസിനും പ്രധാനമന്ത്രിയ്ക്കും കത്തയച്ചു. 

ജയില്‍ ഉദ്യോഗസ്ഥര്‍ വഴിയാണ് ഇരുവരും കത്തയച്ചത്. നിലവില്‍ തടവില്‍ കഴിയുന്ന ഇരുവരും കടുത്ത സമ്മര്‍ദത്തെ തുടര്‍ന്നാണ് ഇത്തരമൊരു തീരുമാനത്തിലെത്തിയതെന്ന് നളിനിയുടെ അഭിഭാഷകന്‍ പുകഴേന്തി പറഞ്ഞു. 

ഇരുപത്തിയാറു വര്‍ഷമായി ജയില്‍ മോചിതരാകുമെന്ന പ്രതീക്ഷയില്‍ കഴിയുകയായിരുന്നു. ഇപ്പോള്‍ ആ പ്രതീക്ഷയുമില്ല. ഭര്‍ത്താവ് മുരുകനോട് മോശമായ രീതിയിലാണ്‌ ജയില്‍ അധികൃതര്‍ പെരുമാറുന്നതെന്നും നളിനി പറഞ്ഞു. 

ഇതിനിടയില്‍ മുരുകനെ പുഴല്‍ ജയിലിലേയ്ക്ക് മാറ്റണമെന്നാവശ്യപ്പെട്ട് തമിഴ്നാട്‌ സര്‍ക്കാരിന് നളിനി കത്തയക്കുകയും ചെയ്തിട്ടുണ്ട്. മുരുകനോട് ജയില്‍ അധികൃതര്‍ മോശമായി പെരുമാറുന്നതിലും ഏകാന്ത തടവിലാക്കിയതിലും പ്രതിഷേധിച്ച് തങ്ങള്‍ രണ്ടു പേരും പത്തു ദിവസമായി നിരാഹാരത്തിലാണെന്നും നളിനിയുടെ കത്തിലുണ്ട്. 

നിലവില്‍ ഇരുവരും വെല്ലൂര്‍ ജയിലിലാണ്. മുരുകന്‍റെ കയ്യില്‍ നിന്നും മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് അയാളെ ഏകാന്ത തടവിലേയ്ക്ക് മാറ്റിയത്. 

മുരുകനും നളിനിയും ഉള്‍പ്പെടെ കേസിലെ ഏഴ് പ്രതികളേയും വിട്ടയക്കാന്‍ തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമെടുത്തിരുന്നു. ഇത് ഗവര്‍ണറുടെ പരിഗണനയിലാണ്. 

1991 മെയ്‌ 21 ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പുത്തൂരില്‍ ഉണ്ടായ ചാവേര്‍ സ്ഫോടനത്തിലൂടെ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന രാജീവ്‌ ഗാന്ധിയെ വധിച്ച കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ ലഭിച്ച ഏഴ് പ്രതികളില്‍ ഉള്‍പ്പെടുന്നവരാണ് ഈ നളിനിയും ഭര്‍ത്താവ് മുരുകനും. 

Trending News