മുംബൈ: മഹാരാഷ്ട്രയിലെ വിഐപി സുരക്ഷയില്‍ അടിമുടി മാറ്റം വരുത്തി. ഇന്ത്യന്‍ ക്രിക്കറ്റ് താരമായ സച്ചിന്‍ തെണ്ടുല്‍ക്കറുടെ 'എക്‌സ്' കാറ്റഗറി സുരക്ഷ പിന്‍വലിച്ചു.
ഇതോടെ അദ്ദേഹത്തിന്‍റെ കൂടെ 24 മണിക്കൂറും ഉണ്ടായിരുന്ന പൊലീസുകാരന്‍ ഇനി ഇല്ല. എന്നാല്‍ സച്ചിന്‍ പുറത്തുപോകുമ്പോഴും മറ്റും പൊലീസ് അകമ്പടിയുണ്ടാകും.
മുന്‍ രാജ്യസഭാംഗം എന്ന നിലയിലാണ് ഈ പൊലീസ് അകമ്പടി എന്നാണ് റിപ്പോര്‍ട്ട്. അതേസമയം മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുടെ മകനും ശിവസേനാ നേതാവുമായ ആദിത്യ താക്കറെയുടെ സുരക്ഷ വൈ പ്ലസില്‍ നിന്ന് സെഡാക്കി വര്‍ധിപ്പിച്ചു.
സുരക്ഷ സംബന്ധിച്ച് മഹാരാഷ്ട്ര സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി നടത്തിയ അവലോകന യോഗത്തിന് ശേഷമാണ് പ്രമുഖരുടെ സുരക്ഷയില്‍ മാറ്റം വരുത്തിയത്.
ആദിത്യ താക്കറെ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ മത്സരിക്കുകയും ഭരണകക്ഷിയിലെ പ്രമുഖ നേതാവാകുകയും ചെയ്തതോടെയാണ് അദ്ദേഹത്തിന്‍റെ സുരക്ഷ വര്‍ധിപ്പിച്ചത്.
അതേസമയം ബിജെപി നേതാവ് ഏക്‌നാഥ് ഖഡ്‌സെയുടെ വൈ കാറ്റഗറി സുരക്ഷ പിന്‍വലിച്ചിട്ടുണ്ട്. ഇതോടെ അദ്ദേഹത്തിന് ഇനി സുരക്ഷയുണ്ടാവില്ല.
മുന്‍ ബിജെപി നേതാവും ഉത്തര്‍പ്രദേശ് ഗവര്‍ണറുമായ രാം നായിക്കിന്‍റെ സെഡ് പ്ലസ് കാറ്റഗറി സുരക്ഷ എക്‌സ് കാറ്റഗറിയാക്കി കുറച്ചു. സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികത്തിന്‍റെ സുരക്ഷയും സെഡ് പ്ലസ് കാറ്റഗറിയില്‍ നിന്ന് 'വൈ'യാക്കിയിട്ടുണ്ട്.
മഹാരാഷ്ട്രയില്‍ സുരക്ഷ ലഭിക്കുന്ന 97 പേരില്‍ 29 പേരുടെ സുരക്ഷയാണ് പിന്‍വലിക്കുകയും, മാറ്റം വരുത്തുകയുമൊക്കെ ചെയ്തിരിക്കുന്നത്. എന്‍സിപി നേതാവ് ശരത് പവാറിന്‍റെയും അനന്തരവന്‍ അജിത് പവാറിന്‍റെയും 'സെഡ് പ്ലസ്' കാറ്റഗറി സുരക്ഷയും അതേപടി തുടരുന്നുണ്ട്.
അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ കോണ്‍ഗ്രസ് നേതാക്കളുടെ സുരക്ഷ പിന്‍വലിച്ചത് വളരെ വിവാദമായിരുന്നു. കോണ്‍ഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി, നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്കാ ഗാന്ധി എന്നിവരുടെ സുരക്ഷയിലാണു കേന്ദ്രം മാറ്റം വരുത്തിയത്. ഇവരുടെ എസ്പിജി സുരക്ഷ കേന്ദ്രം എടുത്തുകളഞ്ഞിരുന്നു.
ഇതിനെ എതിര്‍ത്തുകൊണ്ട് അന്ന് ശിവസേന രംഗത്തെത്തിയിരുന്നു. മഹാരാഷ്ട്രയിലാണെങ്കിലും ഡല്‍ഹിയിലാണെങ്കിലും രാഷ്ട്രീയക്കാര്‍ക്ക് അവര്‍ സുരക്ഷിതരാണെന്ന്‍ തോന്നുന്ന അന്തരീക്ഷം ഉണ്ടാവുകയെന്നത് അനിവാര്യമാണെന്നായിരുന്നു ശിവസേന മുഖപത്രമായ സാമ്‌നയിലെ എഡിറ്റോറിയലില്‍ പറഞ്ഞത്.