രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകീട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു.   

Last Updated : Feb 19, 2019, 08:09 AM IST
രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി കിരീടാവകാശി ഇന്ന് ഇന്ത്യയിലെത്തും

ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി സൗദി അറേബ്യയുടെ കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ ഇന്ന് വൈകീട്ട് ഡൽഹിയിലെത്തും. പാക്കിസ്ഥാന്‍ സന്ദർശനത്തിനു ശേഷമാണ് അദ്ദേഹം ഇന്ത്യയിലെത്തുന്നത്. 

ദ്വിദിന പാകിസ്ഥാന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കിയ മുഹമ്മദ് ബിന്‍ സല്‍മാന്‍ തിങ്കളാഴ്ച വൈകീട്ട് സൗദിയിലേക്ക് മടങ്ങിയിരുന്നു. പുല്‍വാമ ഭീകരാക്രമണത്തിന് ശേഷമുള്ള ഇന്ത്യയുടെ ആഭ്യന്തര സാഹചര്യം കണക്കിലെടുത്താണ് പാക്കിസ്ഥാനില്‍ നിന്ന് നേരിട്ട് ഇന്ത്യയിലേക്ക് വരാതിരുന്നതെന്നാണ് വിവരം.

നയതന്ത്ര വിഷയങ്ങളിലെ ചര്‍ച്ചക്കൊപ്പം വ്യവസായികളുമായി പ്രത്യേക കൂടിക്കാഴ്ചയുമുണ്ടാകും. പുൽവാമയിലെ ഭീകരാക്രമണത്തിൻറെ പശ്ചാത്തലത്തിൽ സൗദി കിരീടാവകാശിയുടെ സന്ദർശനം ഏറെ നിർണായകമാണ്.

സൗദി മന്ത്രിമാരും ഉന്നത ഉദ്യോഗസ്ഥരും പ്രമുഖ വ്യവസായികളും അദ്ദേഹത്തെ അനുഗമിക്കും. ബുധനാഴ്ച ആണ് രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവരുമായി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തുന്നത്. 

പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ ഉഭയക്ഷിവ്യാപാരം വർധിപ്പിക്കുന്നതിനെക്കുറിച്ച് ചർച്ച നടത്തും.  ഊര്‍ജം, സുരക്ഷ, വ്യാപാരം, അടിസ്ഥാന സൌകര്യ വികസനം, ടൂറിസം, പ്രതിരോധം, ഭീകരവിരുദ്ധ പോരാട്ടം തുടങ്ങി നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

ഇരുരാജ്യങ്ങളും തമ്മിൽ വിവിധ കരാറുകളിൽ ഒപ്പുവെക്കും. ഭീകരർ ഉൾപ്പടെ മേഖലയിലെ പ്രശ്നങ്ങളും ചർച്ചയിൽ ഉണ്ടാകും. പുൽവാമ ഭീകരാക്രമണവും ചർച്ചചെയ്യുമെന്നാണ് സൂചന.

Trending News