ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി; മൂന്നു ദിവസത്തേക്ക് എല്ലാ സ്കൂളുകള്‍ക്കും അവധി, അഞ്ചു ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

Last Updated : Nov 7, 2016, 02:48 PM IST
ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമായി; മൂന്നു ദിവസത്തേക്ക് എല്ലാ സ്കൂളുകള്‍ക്കും അവധി, അഞ്ചു ദിവസത്തേക്ക് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക്

17 വര്‍ഷത്തിനിടെ അന്തരീക്ഷ മലിനീകരണംഏറ്റവും രൂക്ഷമായ സാഹചര്യത്തില്‍ അടുത്ത അഞ്ചു ദിവസത്തേക്ക് എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തി വയ്ക്കാന്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ഉത്തരവിട്ടു. കൂടാതെ, അടുത്ത മൂന്നു ദിവസത്തേക്ക് എല്ലാ സ്കൂളുകള്‍ക്കും അവധിയും പ്രഖ്യാപിച്ചു. 

പുകമഞ്ഞ് നിറഞ്ഞ ഡല്‍ഹിയില്‍ പുറത്തിറങ്ങാനോ ജോലിക്കോ സാധിക്കാത്ത സ്ഥിതിയാണ്. പുകമഞ്ഞിനെ തുടര്‍ന്ന്‍ ഡല്‍ഹിയില്‍ നടക്കാനിരുന്ന രഞ്ജി ട്രോഫി കളി ഉപേക്ഷിച്ചു. 

ഒരാഴ്ചയായി തുടരുന്ന പുകമഞ്ഞ് പ്രശ്‌നം അവഗണിച്ചിരുന്നഡല്‍ഹി സര്‍ക്കാര്‍ ജനങ്ങളുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് അടിയന്തര യോഗം വിളിച്ചു ചേര്‍ത്തത്. കരുതല്‍ നടപടികള്‍ക്ക് തീരുമാനമായി. മലിനീകരണ തോത് കുറയ്ക്കാന്‍ കൃത്രിമമഴ പെയ്യിക്കുന്നതിനുള്ള സാധ്യതകളും പരിശോധിക്കുന്നുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും മന്ത്രിമാരും യോഗത്തില്‍ പങ്കെടുത്തു. 

പുകമഞ്ഞില്‍ ശ്വാസംമുട്ടുന്ന രാജ്യതലസ്ഥാനത്ത് അടിയന്തര നടപടികള്‍ സ്വീകരിക്കുമെന്നും കെജ്‌രിവാള്‍ പറഞ്ഞു. വിഷയം രാഷ്ട്രീയവത്ക്കരിക്കാതെ ഉടന്‍ പരിഹാരം കാണുകയാണ് വേണ്ടത്. ജനങ്ങള്‍ കഴിയുന്നതും വീടിന് പുറത്തിറങ്ങരുതെന്നും കഴിയുന്നതും വീട്ടിലിരുന്നു തന്നെ ജോലി ചെയ്യണമെന്നും പത്രസമ്മേളനത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ നിര്‍ദേശിച്ചു.

5 ദിവസത്തേക്ക് നിര്‍മാണ ജോലികള്‍ ചെയ്യുന്നത്തില്‍ വിലക്കേര്‍പ്പെടുത്തി. ആശുപത്രികളിലും അടിയന്തര സാഹചര്യത്തിലുമല്ലാതെ ഡീസല്‍ ജനറേറ്ററുകള്‍ ഉപയോഗിക്കുന്നത് 10 ദിവസത്തേക്ക് നിരോധിച്ചു. 

ഡീസല്‍ ജനറേറ്ററുകളെ ആശ്രയിക്കുന്ന കോളനികള്‍ക്ക് സര്‍ക്കാര്‍ വൈദ്യുതി നല്‍കും. കല്‍ക്കരി ഉപയോഗിച്ചു പ്രവര്‍ത്തിക്കുന്ന ബദര്‍പുരിലെ വൈദ്യുതി നിലയം അടച്ചിടും. ഇവിടെ നിന്നും ഫ്‌ളൈ ആഷ് കടത്തുന്നതും വിലക്കിയിട്ടുണ്ട്. ഇല കരിയുന്നത് പരിശോധിക്കുന്നതിന് പരിസ്ഥിതി വകുപ്പ് ആപ്പ് പുറത്തിറക്കും. വാഹനങ്ങള്‍ ഒറ്റ ഇരട്ട നമ്പറില്‍ പുറത്തിറക്കുന്ന രീതി തിരികെ കൊണ്ടുവരുന്നതും അടിയന്തര യോഗത്തില്‍ ചര്‍ച്ചയുണ്ടായി. 

അനുവദനീയമായതിലും 15 ഇരട്ടിയോളമാണ് മലിനീകരണ തോത്. അന്തരീക്ഷത്തില്‍ അലിയുന്ന മലിനവസ്തുക്കളായ പി.എം. 2.5ന്‍റെ അളവ് 955 മൈക്രോഗ്രാം പ്രതി ക്യുബിക് മീറ്ററാണ്. 

എന്നാല്‍, 60 മൈക്രോ ഗ്രാം പ്രതി ക്യുബിക് മീറ്ററാണ് പരിധി. അയല്‍ സംസ്ഥാനങ്ങളായ ഹരിയാന, പഞ്ചാബ് എന്നിവിടങ്ങളിലെ കൃഷിഭൂമികളില്‍ വൈക്കോല്‍ കത്തിക്കുന്നതും വാഹനങ്ങളിലെ പുകയും ദീപാവലി ആഘോഷത്തോടനുബന്ധിച്ചുള്ള പടക്കം പൊട്ടിക്കലുമാണ് പുകമഞ്ഞ്  ഉണ്ടാവാന്‍ കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Trending News