ആഗ്ര: ഉത്തര്‍പ്രദേശിലെ ഫത്തേപ്പൂര്‍ സ്ക്രിയില്‍ വച്ച് വിനോദസഞ്ചാരികളായ സ്വിസ് ദമ്പതികളെ മര്‍ദ്ദിച്ച സംഭവത്തില്‍ കുറ്റക്കാരായവര്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. അതേസമയം, പ്രതിയെന്ന് സംശയിക്കുന്ന ഒരാളെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തു.
ഞായറാഴ്ചയാണ് ആഗ്രയിലെ ഫത്തേപ്പൂര്‍ സിക്രിയില്‍ വച്ച് സ്വിസ് ദമ്പതികളെ നാലു യുവാക്കള്‍ മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ വിദേശികള്‍ ആദ്യം ആഗ്രയിലും പിന്നീട് ഡല്‍ഹിയിലെ അപ്പോളൊ ആശുപത്രിയിലും ചികിത്സ തേടി.
വിദേശികളെ ആക്രമിച്ച യുവാക്കളില്‍ ഒരാളെ രാജസ്ഥാനില്‍ നിന്ന് അറസ്റ്റ് ചെയ്തതായി ഉത്തര്‍പ്രദേശ് പൊലീസ് സ്ഥിരീകരിച്ചു. മറ്റ് മൂന്നു പേര്‍ക്കായുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ഇടപെടുകയും ഉത്തര്‍പ്രദേശ് സര്‍ക്കാരിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
വിദേശികളായ വിനോദസഞ്ചാരികള്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആശങ്ക അറിയിച്ച് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം യോഗി ആദിത്യനാഥിന് കത്തെഴുതി. ഇത്തരം സംഭവങ്ങള്‍ ഇന്ത്യയുടെ പ്രതിഛായയ്ക്ക് മങ്ങലേല്‍പ്പിക്കും എന്ന് ചൂണ്ടിക്കാട്ടിയ കണ്ണന്താനം, കുറ്റക്കാര്‍ക്കെതിരെ മാതൃകാപരമായ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു.
ഇന്ത്യ സന്ദര്‍ശിക്കുന്നതിനായി സെപ്റ്റംബര്‍ 30നാണ് ക്വെന്‍റിന്‍ ജെറെമി ക്ലര്‍ക്കും മേരി ഡ്രോക്സും എത്തിയത്. ആഗ്രയില്‍ ശനിയാഴ്ച എത്തിയ ദമ്പതികള്‍ ഞായറാഴ്ച താജ്മഹല്‍ സന്ദര്‍ശിച്ച് മടങ്ങവെയാണ് ആക്രമിക്കപ്പെട്ടത്. റയില്‍വേ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
ദമ്പതികള്‍ക്ക് നേരെ അശ്ലീല കമന്‍റുകള്‍ പറഞ്ഞ യുവാക്കള്‍ ഇവരുടെ ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ എടുക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ക്വെന്‍റിനെ യുവാക്കള്‍ ആക്രമിക്കുയും തടയാന്‍ ശ്രമിച്ച മേരിയെ മര്‍ദ്ദിക്കുകയുമായിരുന്നു. ഓടിച്ചേര്‍ന്ന നാട്ടുകാരാണ് ഇവരെ രക്ഷപ്പെടുത്തിയത്.