Chennai: കോവിഡ് വാക്‌സിന്‍ (Covid Vaccine) തമിഴ്‌നാട്ടിലെ എല്ലാവര്‍ക്കും സൗജന്യമായി വിതരണം ചെയ്യുമെന്ന വാഗ്ദാനവുമായി തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമി.
ബീഹാറില്‍ തിരഞ്ഞെടുപ്പ് വാഗ്ദാനമായി BJP സൗജന്യ വാക്സിന്‍ പ്രഖ്യാപിച്ചതോടെയാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഇതേ വാഗ്ദാനം ആവര്‍ത്തിച്ചത്.
വാക്‌സിന്‍ വിതരണത്തിനെത്തിയാല്‍ സംസ്ഥാനത്തെ മുഴുവന്‍ പേര്‍ക്കും സൗജന്യമായി നല്‍കുമെന്നാണ് മുഖ്യമന്ത്രിയുടെ വാഗ്ദാനം. BJPയ്ക്ക് പിന്നാലെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനവുമായി പളനിസ്വാമി എത്തിയത്.
അതേസമയം, തമിഴ്‌നാട്ടില്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി കോവിഡ് വ്യാപനത്തില്‍ കുറവുണ്ട്. ബുധനാഴ്ച 3,086 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതുവരെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം ഏഴ് ലക്ഷം കടന്നു. ഇതില്‍ ആറരലക്ഷം രോഗികള്‍ മുക്തരായതായാണ് തമിഴ്‌നാട് ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ 35,480 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ 10,780 പേരാണ് സംസ്ഥാനത്ത് കോവിഡ് ബാധിച്ച് മരിച്ചത്.
കോവിഡ് മഹാമാരിയെ വോട്ടുരാഷ്ട്രീയത്തിന് ഉപയോഗിച്ചതില്‍ BJPയ്ക്കെതിരെ വന്‍ പ്രതിഷേധം ഉയരുമ്പോഴാണ് സൗജന്യ കോവിഡ് വാക്‌സിന്‍ വാഗ്ദാനവുമായി തമിഴ്‌നാട്ടില്‍ മുഖ്യമന്ത്രി ഇ പളനിസ്വാമിയും എത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടാണ് പളനിസ്വാമിയുടെ പ്രഖ്യാപനം.
അതേസമയം, മുന്നണികളുടെ നടപടിയെ വിമര്‍ശിച്ച് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തിയിരിക്കുകയാണ്. വാക്‌സിന്‍ ഒരു ജീവന്‍ രക്ഷാ മാര്‍ഗമായി കാണുന്നതിന് പകരം തിരഞ്ഞെടുപ്പ് ഉപകരണമായി കരുതുന്ന ലോകത്തിലെ ഏക രാഷ്ട്രീയ പാര്‍ട്ടിയായിരിക്കും ബിജെപിയെന്നായിരുന്നു കോണ്‍ഗ്രസിന്റെ പ്രതികരണം. കോവിഡിനൊപ്പം ബിജെപിയുടെ വൃത്തികെട്ട മാനസികാവസ്ഥയ്ക്കും പരിഹാരം ആവശ്യമാണെന്ന് കോണ്‍ഗ്രസ് വക്താവ് ജെയ്വര്‍ ഷെര്‍ഗില്‍ പറഞ്ഞു.
Also read: ബീഹാറിന് സൗജന്യ COVID Vaccine, BJPയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം വന്‍ വിവാദത്തിലേയ്ക്ക്
കോവിഡ് വാക്‌സിനായി ഇന്ത്യയടക്കം നിരവധി രാജ്യങ്ങളില്‍ പരീക്ഷണം നടക്കുകയാണ്. കോവിഡ് വാക്‌സിനായുള്ള കാത്തിരിപ്പ് നീളുമെന്ന് ലോകാരോഗ്യസംഘടന അറിയിക്കുമ്പോള്‍ രാജ്യത്തെ ചില പ്രമുഖ പാര്‍ട്ടികള്‍ കോവിഡ് വാക്‌സിന്‍ തിരഞ്ഞെടുപ്പ് തന്ത്രമാക്കുന്നത് അംഗീകരിക്കാനാവില്ല. രാജ്യം ഭരിക്കുന്ന ദേശീയ പാര്‍ട്ടി ഒരു സംസ്ഥാനത്തെ അധികാരം കൈക്കലാക്കാന്‍ കണ്ടെത്തിയ ഉപായം മാനവികതയ്ക്ക് നിരക്കുന്നതോ എന്ന് ചിന്തിക്കേണ്ടിയിരിയ്ക്കുന്നു.