ഭുവനേശ്വർ: യഥാർഥ സംഭവങ്ങൾ സിനിമയിലും സിനിമയിൽ നിന്നുള്ള സംഭവങ്ങൾ ജീവിതത്തിലും പലരും പകർത്താറുണ്ട്. നല്ല കാര്യങ്ങൾക്കും മോശം കാര്യങ്ങൾക്കും പലപ്പോഴും സിനിമ പ്രചോദനം ആകാറുണ്ട്. ഒരുപാട് ബോളിവുഡ് സിനിമകൾ യഥാർഥ ജീവിതത്തിൽ കുറ്റകൃത്യങ്ങൾ ചെയ്യാൻ ആളുകളെ പ്രേരിപ്പിച്ചിട്ടുണ്ട്. ധൂം സിനിമാ പരമ്പരയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒഡീഷയിലെ ഒരു സ്‌കൂളിൽ മോഷണം നടന്നതാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. വെള്ളിയാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒഡീഷയിലെ നബരംഗ്പൂരിലെ ഹൈസ്‌കൂളിൽ നിന്ന് കമ്പ്യൂട്ടറുകളും മറ്റ് ഇലക്‌ട്രോണിക് സാധനങ്ങളും മോഷ്ടാക്കൾ കവർച്ച നടത്തി. കുറ്റകൃത്യം നടന്ന സ്ഥലത്ത് ക്ലാസ് മുറിയിലെ ബോർഡിൽ 'ഇത് ഞാനാണ് ധൂം 4' എന്ന് ഇംഗ്ലീഷിൽ (ഇറ്റ്സ് മീ ധൂം ഫോർ) എന്ന് ഒരു കുറിപ്പും എഴുതിയാണ് മോഷ്ടാക്കൾ പോയത്.
ശനിയാഴ്ച രാവിലെ സ്‌കൂൾ തുറന്നപ്പോഴാണ് സ്കൂൾ അധികൃതർ മോഷണ വിവരം അറിയുന്നത്. പ്രധാന ഗേറ്റ് തകർത്ത നിലയിൽ കണ്ട പ്യൂൺ പ്രിൻസിപ്പലിനെ വിവരമറിയിച്ചു. പ്രധാനാധ്യാപകന്റെ മുറിയിൽ പ്രവേശിച്ചപ്പോൾ കമ്പ്യൂട്ടറുകൾ, പ്രിന്റർ, ഫോട്ടോകോപ്പി മെഷീൻ, വെയിംഗ് മെഷീൻ, സൗണ്ട് ബോക്സ് എന്നിവ നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചുവെന്ന് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. തുടർന്ന് സ്‌കൂൾ ഹെഡ്മാസ്റ്റർ സർബേശ്വര് ബെഹ്‌റ ഇക്കാര്യം ഖാതിഗുഡ പോലീസ് സ്‌റ്റേഷനിൽ അറിയിച്ചു. പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഓഫീസ് മുറിയിൽ നിന്ന് കമ്പ്യൂട്ടറും സെറോക്‌സ് മെഷീനും നഷ്ടപ്പെട്ടതായി കണ്ടെത്തിയതായി സ്‌കൂൾ ഹെഡ്മാസ്റ്റർ സർബേശ്വര് ബെഹ്‌റ പറഞ്ഞു. രണ്ട് അധ്യാപകർ വിരമിച്ചതിനാൽ അവർക്ക് യാത്രയയപ്പ് സംഘടിപ്പിച്ചിരുന്നു. ഈ ചടങ്ങിൽ ഉപയോഗിച്ചിരുന്ന ചില സംഗീതോപകരണങ്ങളും മോഷ്ടിക്കപ്പെട്ടതായി ഹെഡ്മാസ്റ്റർ വ്യക്തമാക്കി.
ALSO READ: ബൈക്ക് വാങ്ങാൻ കള്ളൻ വീട്ടിലെത്തി; ഓടിച്ചുനോക്കട്ടെയെന്ന് പറഞ്ഞ് ബൈക്ക് വാങ്ങി മുങ്ങി
മോഷണത്തേക്കാൾ ഞെട്ടിപ്പിക്കുന്നതായിരുന്നു ബ്ലാക്ക് ബോർഡിൽ എഴുതിയ മുന്നറിയിപ്പ്. ‘ധൂം 4’, ‘ഞങ്ങൾ മടങ്ങിവരും’, ‘ഉടൻ വരുന്നു’ എന്നിങ്ങനെയായിരുന്നു ബ്ലാക്ക് ബോർഡിൽ മോഷ്ടാക്കൾ കുറിച്ചത്. മോഷ്ടാക്കൾ ബ്ലാക്ക് ബോർഡിൽ ഒഡിയ ഭാഷയിൽ “നിങ്ങൾക്ക് കഴിയുമെങ്കിൽ ഞങ്ങളെ പിടിക്കൂ” എന്നും എഴുതിയിരുന്നു. ഇതിനുപുറമെ, പോലീസുകാരെ തെറ്റിദ്ധരിപ്പിക്കാൻ ബ്ലാക്ക് ബോർഡിൽ നിരവധി ഫോൺ നമ്പറുകളും എഴുതിയിരുന്നു. ബ്ലാക്ക് ബോർഡിൽ എഴുതിയ ഫോൺ നമ്പറുകളിലൊന്ന് ഒരു അധ്യാപികയുടേതാണെന്ന് കണ്ടെത്തിയതായി ഒഡീഷ ടിവി റിപ്പോർട്ട് ചെയ്തു. കവർച്ചക്കാർ ബോർഡിൽ തന്റെ നമ്പർ എഴുതിയത് എന്തുകൊണ്ടാണെന്ന് അറിയില്ലെന്ന് ബന്ധപ്പെട്ട അധ്യാപിക പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...