അതിശയിപ്പിക്കുന്ന ബാങ്ക് ബാലന്‍സുമായി ത്രിപുര മുഖ്യമന്ത്രി

  

Last Updated : Jan 31, 2018, 10:55 AM IST
അതിശയിപ്പിക്കുന്ന ബാങ്ക് ബാലന്‍സുമായി ത്രിപുര മുഖ്യമന്ത്രി

അഗർത്തല: നിക്ഷേപമില്ല, ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട ആവശ്യം ഇതുവരെ വന്നിട്ടുമില്ല. സമ്പാദ്യം 3930 രൂപയും.  അതില്‍ കയ്യിലുള്ളത് 1520 രൂപയും ബാങ്കില്‍ 2410 രൂപയുമാണ്‌ ഉള്ളത്. ഇദ്ദേഹം 25 വര്‍ഷമായി ഒരു സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രിയാണ്. ഇത് മറ്റാരുമല്ല ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാരിന്‍റെ കാര്യമാണ്‌‍. 

ത്രിപുര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോള്‍ നല്‍കിയ സത്യവാങ് മൂലത്തിലാണ് മണിക് സര്‍ക്കാരിന്റെ ആസ്തിയുടെ വിവരങ്ങളുള്ളത്.

ത്രിപുരയിൽ 1998 മുതൽ തുടർച്ചയായി 20 വര്‍ഷമായി മുഖ്യമന്ത്രിയാണ് മണിക് സർക്കാർ. 2013ൽ മത്സരിക്കുമ്പോൾ ബാങ്കിൽ 9780.38 രൂപയുണ്ടായിരുന്നു. ഇപ്പോഴത് 2410 രൂപയായി കുറഞ്ഞു.

26,315 രൂപയാണ് മുഖ്യമന്ത്രിയെന്ന നിലയില്‍ മാണിക് സർക്കാരിനു കിട്ടുന്ന ശമ്പളം. അതു മുഴുവനും പാർട്ടിക്കു നൽകും. പാർട്ടി പ്രതിമാസ ജീവിതച്ചെലവുകൾക്കായി തിരികെ 9700 രൂപ ഓണറേറിയം നൽകും,

അഞ്ചു തവണ മുഖ്യമന്ത്രിയായ അദ്ദേഹം മൊബൈൽ ഫോൺ കൊണ്ടുനടക്കാറില്ല, സമൂഹ്യമാധ്യമത്തിൽ സാന്നിധ്യമില്ല,  ഇ–മെയിൽ അക്കൗണ്ട് ഇല്ല. മുഖ്യമന്ത്രിയെന്ന നിലയിൽ കിട്ടിയ ഔദ്യോഗിക വസതിയിലാണു ഭാര്യ പാഞ്ചാലി ഭട്ടാചാര്യയോടൊപ്പം താമസം.

റിക്ഷയിലാണു പാഞ്ചാലിയുടെ യാത്ര. കേന്ദ്ര സർക്കാർ സർവീസിൽനിന്നു വിരമിച്ച പാഞ്ചാലിയുടെ കൈവശമുള്ള പണം 20,140 രൂപയാണ്. ബാങ്ക് അക്കൗണ്ടിലുള്ളത് 12,15,714 രൂപ. ആറാം തവണയും മത്സരിക്കാനൊരുങ്ങുന്ന മാണിക് സർക്കാർ നാമനിർദേശപത്രിക സമർപ്പിക്കുന്ന വേളയിലാണു സ്വത്തുവിവരം പ്രസിദ്ധപ്പെടുത്തിയത്. സിപിഎം പൊളിറ്റ്ബ്യൂറോ അംഗമാണ് അദ്ദേഹം.

Trending News